- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിൽ പോകുകയായിരുന്ന വിദ്യാർത്ഥിയെ പിടിച്ചുവലിച്ച് ആളൊഴിഞ്ഞ ഇടത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം; മുട്ടുകാലിൽ ചവിട്ടി വീഴ്ത്തി ഓടി രക്ഷപ്പെട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥി; ഇതര സംസ്ഥാന തൊഴിലാളിയെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് കടവന്ത്ര പൊലീസ്
കൊച്ചി: സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയെ ബലമായി പിടിച്ച് വലിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് പൊലീസ്. കടവന്ത്ര പൊലീസാണ് പൊന്നുരുന്നി സ്‌കൂളിലെ വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമിച്ച നാഗാലാൻഡ് സ്വദേശിയായ ആബേ(28)ലിനെ നിസ്സാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇയാൾ ജോലി ചെയ്യുന്ന 'ബിഗ് ഫാറ്റ് മൊമോ' എന്ന സ്ഥാപനത്തിന്റെ ഉടമയുടെ ഇടപെടലാണെന്നാണ് ഉയരുന്ന ആരോപണം. ഇതിനെതിരെ സ്‌കൂൾ അധികൃതരും മാതാപിതാക്കളും കൊച്ചി സിറ്റി പൊലീസിന് പരാതി നൽകി.
പ്രതിക്കു ജാമ്യം ലഭിച്ചതറിഞ്ഞ കുട്ടി ഭീതിയിലാണെന്നു മാതാ പിതാക്കൾ പറയുന്നു. ഇതേ തുടർന്നു പൊന്നുരുന്നി സികെസി ഹൈസ്‌കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളുമാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും ഡിജിപി ഉൾപ്പടെ ഉള്ളവർക്കും പരാതി നൽകിയിരിക്കുന്നത്. ഇയാൾ നേരത്തെ വേറേയും കുട്ടികൾക്കു നേരെ അതിക്രമം കാണിച്ചിരുന്നതായി പ്രദേശ വാസികൾ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതു പൊലീസിൽ നൽകുമെന്നു ബന്ധുക്കൾ പറയുന്നു. കൂടാതെ വിദ്യാർത്ഥിയെ കടന്നു പിടിക്കുന്നതിന് മുൻപ് പെൺകുട്ടികളെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും കയ്യിൽ കയറി പിടിച്ചു എന്നും ഒരു കുട്ടി സ്‌ക്കൂൾ അധികൃതരെ അറിയിച്ചു. ഇക്കാര്യങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊന്നുരുന്നി പാലത്തിന് സമീപമാണ് ബിഗ് ഫാറ്റ് മൊമോ എന്ന സ്ഥാപനം. ഇവിടെ ജോലിചെയ്യുന്ന പ്രതി കുട്ടികളെ സ്ഥിരം ശല്യം ചെയ്യുന്നയാളാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൊന്നുരുന്നി സികെസി ഹൈസ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഇയാൾ ബലമായി പിടിച്ചു റെയിൽവേ ട്രാക്കിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്കു കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. കളരി അഭ്യാസം അറിയാവുന്ന കുട്ടി കുതറി മാറി പ്രതിയുടെ മുട്ടു കാലിൽ ചവിട്ടി വീഴ്‌ത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. വിദ്യാർത്ഥി വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നു പിതാവും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണു ഇയാളെ പിടികൂടിയത്. പ്രതിയെ വിദ്യാർത്ഥി തന്നെ കാണിച്ചു കൊടുക്കുകയായിരുന്നു.
ഇയാൾ കയ്യിൽ കരുതിയിരുന്ന ലെയിസ് പാക്കറ്റിൽ നിന്നും ലെയ്സ് വേണോ എന്ന് ചോദിച്ച് കുട്ടികളുടെ പിന്നാലെ നടക്കുന്നതായുള്ള സിസിടിവി ദൃശ്യം സ്‌ക്കൂൾ അധികൃതർക്ക് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു കുട്ടികളെയും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് അറിയാൻ കഴിഞ്ഞത്. സ്‌കൂൾ പരിസരത്തു റെയിൽവേ ട്രാക്കിനു സമീപം ലഹരി മരുന്ന് ഉപയോഗവും വിൽപനയും വ്യാപകമായി നടക്കുന്നുണ്ടെന്നു രക്ഷിതാക്കൾക്കു പരാതിയുണ്ട്. പ്രദേശത്തു പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ഇന്നലത്തെ സംഭവത്തിലെ പ്രതിക്കു നിയമപരമായ ശിക്ഷ നൽകണമെന്നും സികെസിഎച്ച്എസ് പിടിഎ പ്രസിഡന്റ് എ.എൻ. സജീവൻ പറഞ്ഞു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.