കൊല്ലം: ട്യൂഷൻ പഠിക്കാനെത്തിയ ഒന്നാംക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച മുൻസൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കല്ലേലിഭാഗം അപ്സരാലയത്തിൽ അരുണനെ(58)യാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ഇയാളുടെ വീട്ടിൽ സ്ഥിരമായി ട്യൂഷന് വന്നിരുന്ന കുട്ടിയാണ്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് കടുത്ത വയറുവേദനയും മൂത്രമൊഴിക്കുമ്പോൾ സ്വകാര്യ ഭാഗത്ത് വേദനയുമുണ്ടായിരുന്നു. ഇതേ തുടർന്ന് ഡോക്ടറെ കണ്ട് ചികിത്സ നടത്തി വരികയായിരുന്നു.

ഇതിനിടയിൽ കുട്ടിയുടെ പിതാവിന് രഹസ്യമായി ചില വിവരങ്ങൾ കിട്ടി. മുൻപ് ട്യൂഷന് വന്നിരുന്ന ഒരു കുട്ടിയോട് ഇയാൾ മോശമായി പെരുമാറിയെന്നും അന്ന് രഹസ്യമായി ആ കേസ് ഒത്തു തീർപ്പാക്കിയെന്നുമായിരുന്നു വിവരം. തുടർന്ന് കുഞ്ഞിനോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ട്യൂഷൻ അദ്ധ്യാപികയുടെ ഭർത്താവിന്റെ ക്രൂരത പുറത്തറിയുന്നത്.

കുഞ്ഞിന്റെ പാവാട ഉയർത്തി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് വേദനയുണ്ടാക്കിയെന്നും എതിർക്കുമ്പോൾ അടിക്കുകയും പേടിപ്പിക്കുകയും ചെയ്തെന്നുമായിരുന്നു മാതാപിതാക്കളോട് കുട്ടി പറഞ്ഞത്. ഇതോടെ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിക്കുകയും പിന്നീട് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയെ വൈദ്യ പരിശോധന നടത്തി. പിന്നീട് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പോക്സോ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

സമാനമായി മറ്റു ചില കുട്ടികളോടും ഇയാൾ അപമര്യാദയായി പെരുമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആരും തന്നെ പരാതിയുമായി മുന്നോട്ട് വരാൻ തയ്യാറല്ല. അതിനാൽ തന്നെ പൊലീസ് ചൈൽഡ് ലൈൻ അധികൃതരെ വിവരം ധരിപ്പിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസിലിങ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം അരുണൻ കല്ലേലിഭാഗത്ത് ഓട്ടോ റിക്ഷാ ഓടിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ വർഷങ്ങളായി ട്യൂഷനെടുക്കുന്നവരാണ്. കല്ലേലിഭാഗത്തുള്ള ഒട്ടുമിക്ക കുട്ടികളും അക്ഷരം പഠിച്ചതും ഇവിടെ നിന്നാണ്.