- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവമോർച്ച പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ബിജെപി കോഴിക്കോട് ജില്ല നേതാവിന്റെ മുൻഡ്രൈവർക്ക് എതിരെ കേസ്; യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്നും ആരോപണം
കോഴിക്കോട്: യുവമോർച്ച പ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി ജില്ലാ നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. കുന്നമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്താണ് താൽക്കാലിക ജോലിക്കായി യുവതിയെ ബിജെപി ജില്ലാക്കമ്മിറ്റി ഓഫിസിലെത്തിച്ചത്. തിരഞ്ഞെടുപ്പു കാലത്തിനുശേഷം സജീവ പ്രവർത്തകയായി. ഇക്കാലത്ത് പ്രതി പ്രണയം നടിക്കുകയും വിവാഹവാഗ്ദാനം നൽകിയ ശേഷം യുവതിയെ പേരാമ്പ്രയിലെ വീട്ടിലെത്തിച്ച് പല തവണ പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. യുവതിയുടെ ഫോട്ടോകൾ പകർത്തുകയും ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
എട്ടുമാസം മുൻപ് ഇയാൾ ബിജെപി ജില്ലാ നേതാവിന്റെ ഡ്രൈവർജോലി ഉപേക്ഷിച്ചു പോയതാണ്. തുടർന്ന് യുവതി അസി. കമ്മിഷണർ കെ.സുദർശനു പരാതി നൽകി. പരാതി കുന്നമംഗലം സ്റ്റേഷനിലേക്ക് കൈമാറുകയും അന്വേഷിച്ച് സംഭവത്തിൽ കേസെടുക്കുകയുമായിരുന്നു. സംഭവം നടന്നത് കൂത്താളിയിലായതിനാൽ കേസ് പേരാമ്പ്ര പൊലീസിനു കൈമാറുമെന്നും എസി കെ.സുദർശൻ പറഞ്ഞു.