ബെംഗളൂരു: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ മലയാളി കായികാധ്യാപകനെതിരെയാണ് പരാതി. ഗൊട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിൽ ക്രിക്കറ്റ് അധ്യാപകനായി ജോലി ചെയ്യുന്ന അഭയ് മാത്യുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഭർത്താവുമായി വേർപിരിഞ്ഞ് മകളോടൊപ്പം കഴിയുന്ന യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. മാത്യു തന്റെ മകളുടെ സ്കൂളിലെ അധ്യാപകനായിരുന്നു മാത്യു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന യുവതി സഹായന്ന വ്യാജേന ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് ഒരു ചെറിയ വായ്പയ്ക്കായി യുവതി മാത്യുവിനെ സമീപിച്ചു. തനിക്ക് പോലീസ് ഡിപ്പാർട്മെന്റിൽ അടക്കം വലിയ സ്വാധീനമുണ്ടെന്ന് മാത്യു യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. പിന്നീട് വാടകയ്ക്ക് വീട് എടുത്തി നൽകി ഇയാൾ യുവതിയുടെ വിശ്വാസം പിടിച്ചു പറ്റുകയായിരുന്നു.

തുടർന്ന് ഇയാൾ രണ്ടുവർഷമായി യുവതിയോടൊപ്പം ലിവിങ് ടുഗതർ ബന്ധത്തിൽ കഴിയുകയായിരുന്നു. 2025 ജനുവരിയിൽ മാത്യുവുമായുള്ള ബന്ധത്തിൽ യുവതി ഗർഭിണിയായി. എന്നാൽ പിന്നീട് ഗർഭഛിദ്രം നടത്തിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ, അടുത്തിടെ യുവതി വിവാഹം ആവശ്യപ്പെട്ടപ്പോൾ പ്രതി പിൻമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

യുവതിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചതായും ആരോപണമുണ്ട്. ഇയാളുടെ ഫോണിൽ നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. അതേസമയം, താൻ ഒളിവിലല്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാതാപിതാക്കളെ കാണാൻ നാട്ടിലെത്തിയതാണെന്നും അഭയ് മാത്യു വീഡിയോ കോൾ വഴി പോലീസിനെ അറിയിച്ചതായി വിവരമുണ്ട്. യുവതിയെ വിവാഹം കഴിക്കാന്‍ തന്നെയാണ് ഉദ്ദേശമെന്നും തിരിച്ചെത്തി ഒപ്പം ജീവിക്കുമെന്നും വിഡിയോയിലുണ്ട്.