- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തിയെന്നും പരാതി
തിരുവല്ല: ഫോൺ മുഖേനെ പരിചയപ്പെട്ട യുവാവ് വിളിച്ചു കൊണ്ടു പോയി മദ്യം നൽകുകയും പിന്നീട് പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിനെ തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
പുളിക്കീഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരണം വടക്കുംഭാഗത്ത് താമസിക്കുന്ന യുവതിയാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. കഴിഞ്ഞ എട്ടിന് രാത്രി ഒമ്പതിനാണ് സംഭവം. 26 വയസുള്ള യുവതി പുളിക്കീഴ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെ:
ഫോൺ വഴി പരിചയപ്പെട്ട ശ്രീകാന്ത് എന്ന് പേരു മാത്രം അറിയാവുന്ന യുവാവ് ജൂൺ ഒന്നിന് നീരേറ്റുപുറം ചക്കുളത്ത്കാവിന് സമീപത്തേക്ക് ക്ഷണിച്ചു. ഫോണിലൂടെ നിരന്തരം നിർബന്ധിച്ചതു കൊണ്ടാണ് താൻ പോയത്. ചക്കുളത്ത്കാവ് ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ വച്ച് നിർബന്ധിച്ച് ബൈക്കിൽ കയറ്റി. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു. ഇതിനിടെ മദ്യം കുടിപ്പിക്കുകയും ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിലേക്ക് വിടുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ എട്ടിന് വൈകിട്ട് അഞ്ചിന് നീരേറ്റുപുറത്ത് നിന്നും വീട്ടിൽ വിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി പൊടിയാടി ജങ്ഷനിൽ ഇറക്കി. അവിടെ നിന്നും ആലുംതുരുത്തിയിൽ നിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിൽ പിന്തുടർന്ന് വന്ന ശ്രീകാന്ത് കടന്നു പിടിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. ഇതിൽ മനംനൊന്താണ് രാത്രി ഒമ്പതു മണിയോടെ വീട്ടിൽ വച്ച് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
സംഭവം നടന്നത് എടത്വ പൊലീസ് സ്റ്റേഷൻ അതിർത്തിയിലായതിനാൽ കേസ് അവിടേക്ക് മാറ്റുമെന്ന് തിരുവല്ല ഡിവൈ.എസ്പി എസ്. അഷാദ് പറഞ്ഞു. യുവാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ കസ്റ്റഡിയിൽ കിട്ടിയെങ്കിൽ മാത്രമേ യുവതിയുടെ മൊഴിയുടെ വിശ്വാസ്യത മനസിലാക്കാൻ കഴിയൂ. യുവാവ് വിവാഹവാഗ്ദാനം നൽകിയിരുന്നുവെന്നും അതിൽ നിന്ന് പിന്മാറിയിരുന്നുവെന്നും പൊലീസിന് സൂചനയുണ്ട്.