- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിയെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ച സംഭവം; പരാതിക്കാരിക്കെതിരെ പൊലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായി; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; പത്തനംതിട്ട ഡി.വൈ.എസ്‌പി നന്ദകുമാറിന് പകരം ചുമതല
പത്തനംതിട്ട: കടമ്മനിട്ടയിൽ വിദ്യാർത്ഥിനിക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. പരാതി ഉന്നയിച്ച വിദ്യാർത്ഥിനിക്കെതിരെ തുടർച്ചയായി കേസുകൾ രജിസ്റ്റർചെയ്തതോടെയാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നത്. വിവാദമായ ഈ സംഭവത്തിൽ ആറന്മുള സി. ഐ. മനോജിനെ ആദ്യം അന്വേഷണ ചുമതല നൽകിയത്. മനോജിനെ അന്വേഷമ ചുമതലയിൽനിന്ന് മാറ്റി. പകരം ചുമതല പത്തനംതിട്ട ഡി.വൈ.എസ്‌പി നന്ദകുമാറിന് കൈമാറി.
പരാതിക്കാരിക്കെതിരെ പൊലീസ് തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഎം സമ്മർദത്തിന് വഴങ്ങിയാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. എന്നാൽ, പട്ടിക ജാതി-വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡി.വൈ.എസ്‌പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സിഐ യിൽ നിന്ന് അന്വേഷണ ചുമതല മാറ്റിയതെന്നുമാണ് ഔദ്യോഗിക വിശദീകരണം.
സഹപാഠിയായ വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്തത്. പരാതിക്കാരിയായ പെൺകുട്ടിയും സുഹൃത്തുമാണ് ഇതിലെ പ്രതികൾ. ഇതോടെ മൂന്ന് കേസിലാണ് മർദനമേറ്റ പെൺകുട്ടിയെ പൊലീസ് പെടുത്തിയത്. എസ്എഫ്‌ഐക്കാരാണ് രണ്ട് പരാതിക്കാരും. എസ്.എഫ്.ഐ. നേതാവ് ജെയ്‌സൺ ആക്രമിച്ചു എന്ന പരാതിയിൽ മൂന്നു ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പക്ഷെ മണിക്കൂറുകൾക്കകം പരാതിക്കാരിക്ക് എതിരെ പൊലീസ് കേസെടുത്തുവെന്നതും വിവാദമായിരുന്നു.
പെൺകുട്ടിയുടെ മൂക്കിന്റെ പാലം ഇടിച്ചു തകർക്കുകയും ശാരീരികമായി ഉപദ്രവിക്കുകയുമാണ് എസ്.എഫ്.ഐ നേതാവ് ചെയ്തത്. പെൺകുട്ടി ചികിൽസ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു മൂന്നു ദിവസം കഴിഞ്ഞിട്ടും നേതാവിനെതിരേ കേസ് എടുക്കാൻ ആറന്മുള പൊലീസ് തയാറായില്ല. തുടർന്ന് കെ.എസ്.യുവും യൂത്ത് കോൺഗ്രസും പെൺകുട്ടിയുമായി ആറന്മുള പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് എസ്.എഫ്.ഐ നേതാവിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കാൻ പൊലീസ് നിർബന്ധിതരായി. സ്റ്റേഷനിൽ കയറി സമരം ചെയ്ത കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേയും കേസ് എടുത്തു.
ഇതിനു പിന്നാലെയാണ് പെൺകുട്ടിക്കെതിരേ രണ്ടു കേസുകൾ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തത്. ഒരെണ്ണം ജാതിപ്പേര് വിളിച്ചുവെന്ന് ആരോപിച്ചാണ്. വിദ്യാർത്ഥിനിയുടെ പരാതിയിൽ കേസെടുക്കാൻ നാലു ദിവസം വേണ്ടിവന്നുവെങ്കിൽ കൗണ്ടർ കേസ് എടുക്കാൻ ഏതാനും മണിക്കൂറുകളേ വേണ്ടി വന്നുള്ളു. സിപിഎം ഇടപെടലിൽ എടുത്ത കേസ് വിദ്യാർത്ഥിനിയെ സമ്മർദത്തിലാക്കാനും അതു വഴി ഒത്തുതീർപ്പുണ്ടാക്കി പരാതി പിൻവലിപ്പിക്കാനും ആരോപണം ഉയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ