കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ പൈശാചിക മർദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ട സിദ്ധാർത്ഥിനോട് പൊലീസ് കാട്ടുന്നത് നീതി നിഷേധം തന്നെ. അന്വേഷണം സിദ്ധാർത്ഥിനെ കുടുക്കാനായി വ്യാജ പരാതി കൊടുത്ത പെൺകുട്ടിയിൽ ദുരൂഹത തുടരുകയാണ്. ആ പരാതി എസ് എഫ് ഐക്കാർ തന്നെ എഴുതി നൽകിയതാണോ എന്ന സംശയവും ഉയരുന്നുണ്ട്. അതുകൊണ്ടാണ് പെൺകുട്ടിയിലേക്ക് അന്വേഷണം എത്താത്തെന്നാണ് സൂചന.

പൊതു സമൂഹം ഞെട്ടലോടെ കേട്ട കൊലയാണ് സിദ്ധാർത്ഥിന്റേത്. ഇതിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സിബിഐ അന്വേഷണമാണ് ആവശ്യം. ഇത് പരിഗണിച്ച് തന്നെ അന്വേഷണം സർക്കാരിന് ഉത്തവിടാം. എന്നാൽ ഈ വിഷയത്തിൽ പ്രതികരണത്തിന് പോലും സർക്കാർ തയ്യാറല്ല. ഇതിന് കാരണം അന്വേഷണം ശരിയായ ദിശയിൽ മുമ്പോട്ട് പോയാൽ അദ്ധ്യാപകർ അടക്കം പ്രതികളാകും എന്നതു കൊണ്ടാണ്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ഗുരുതര ആക്ഷേപമാണ് സിദ്ധാർത്ഥിന്റെ കുടുംബം പറയുന്നത്. തന്റെ മകൻ സിദ്ധാർത്ഥ് സഹപാഠികളുടെ ജാതി അധിക്ഷേപങ്ങൾക്കും വിധേയനായെന്ന് പിതാവ് ജയപ്രകാശ് പറഞ്ഞു. 'ഞങ്ങൾ ലക്ഷങ്ങൾ കൊടുത്ത് കയറി, നീ റിസർവേഷൻ വഴി വന്നതല്ലേ' എന്നു പറഞ്ഞ് നിരന്തരം ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. അവൻ ഇതെല്ലാം എന്നെ വിളിച്ചു പറഞ്ഞിരുന്നു. അതൊന്നും കാര്യമാക്കേണ്ടെന്നും പഠനത്തിൽ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും ഞാൻ ആശ്വസിപ്പിച്ചിരുന്നുവെന്നും ജയപ്രകാശ് പറയുന്നു.

ക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നുവെന്ന് തെളിവുകൾ പുറത്തു വരുമ്പോഴും, ദുർബലമായ വകുപ്പുകൾ ചേർത്ത് ആത്മഹത്യയിൽ ഒതുക്കാനാണ് ഗൂഢനീക്കം നടക്കുന്നത്. കോളേജ് ഡീനിനെ പ്രതിയാക്കണം. 'കഴിഞ്ഞതു കഴിഞ്ഞു, ഇനി ഇതാരും പ്രശ്‌നമാക്കരുത്' എന്ന് വിദ്യാർത്ഥികളെ വിളിച്ചു ചേർത്ത് ഡീൻ ആവശ്യപ്പെട്ടതിന് തെളിവുണ്ട്. കേസിലെ പ്രതികളെ പിക്‌നിക്കിന് കൊണ്ടുപോകും പോലെയാണ് തെളിവെടുപ്പിന് എത്തിച്ചത്-അച്ചൻ പറയുന്നു.

മരണത്തിനുശേഷം മകനെതിരെ പരാതി നൽകിയ പെൺകുട്ടി ആരാണ്. ആ കുട്ടിയെ കണ്ടെത്തേണ്ടേ. പരാതിയുടെ പൂർണ വിവരം പുറത്തു വിടാൻ പൊലീസ് തയ്യാറാവണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തുവെന്ന് പ്രചരിപ്പിച്ചതിന് ശേഷം അതിന് ബലമേകാൻ ചില എസ് എഫ് ഐക്കാർ എഴുതി തയ്യറാക്കിയതാണ് ആ പരാതിയെന്നാണ് ആരോപണം. ആത്മഹത്യാ കാരണമില്ലെങ്കിൽ എല്ലാം പൊളിയുമെന്ന് മുൻവിധിയായിരുന്നു ആ പരാതിക്ക് പിന്നിൽ. ആ കോളേജിലുള്ള ഒരു പെൺകുട്ടിയുടെ പേര് ഉപയോഗിച്ചതാണോ എന്ന സംശയവും ഉണ്ട്.

പ്രണയദിനത്തിൽ കോളേജിൽ ചില സംഭവം നടന്നു. ഇതിൽ പ്രതികാരം തോന്നിയ ചില സഖാക്കളാണ് സിദ്ധാർത്ഥിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. ഈ സംഭവം ഒരു പെൺകുട്ടിയുടെ കുടുംബത്തെ അറിയിച്ച ശേഷമാണ് എ്ല്ലാം നടന്നത്. സിദ്ധാർത്ഥിന്റെ മരണ ശേഷം പരാതിയില്ലെങ്കിൽ എല്ലാ കുതന്ത്രവും പൊളിയുമെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് വ്യാജ പരാതി കോളേജ് അധികൃതർക്ക് നൽകിയത്. അച്ചടക്ക സമിതി അതിവേഗം ചേർന്ന് നടപടികൾ എടുത്തതും വിച്ിത്രമായിരുന്നു. ഇടത് അദ്ധ്യാപക സംഘടനയിലെ ചിലരായിരുന്നു ഇതിന് പിന്നിൽ. ഇതുകൊണ്ടാണ് കുടുംബം അന്വേഷണത്തിൽ അതൃപ്തി തുടരുന്നത്.

നിലവിലെ അന്വേഷണത്തിൽ താൻ തൃപ്തനല്ല. അന്വേഷണ ഉദ്യോഗസ്ഥന് പരിമിതികളുണ്ടെന്ന് അറിയാമെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ പറയുന്നു. സുധീരൻസിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.