കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകരും ഹോസ്റ്റൽ യൂണിയൻ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. അക്രമികൾ ഹോസ്റ്റർ മുറിക്ക് തീയിട്ടു. തീവച്ചതിന്റെ ഉത്തരവാദിത്വത്തിൽ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്. സംഘർഷത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

എസ്എഫ്‌ഐക്കാർ താമസിക്കുന്ന മുറിക്കാണ് തീയിട്ടത്. തീയിട്ടത് എസ്എഫ്‌ഐക്കാരെന്ന് ഹോസ്റ്റൽ യൂണിയൻ പ്രവർത്തകർ ആരോപിച്ചു. സംഘർഷത്തിൽ പരുക്കേറ്റ അഞ്ചു വിദ്യാർത്ഥികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് കോളജിലുള്ളവരും പുറത്തുള്ളവരും ചേർന്നാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പൊലീസ് മർദിച്ചത് മർദനമേറ്റ വിദ്യാർത്ഥികളെയെന്നും ആരോപണമുണ്ട്.

സംഘർഷത്തിൽ ഹോസ്റ്റൽ മെസ് സെക്രട്ടറി അടക്കമുള്ളവർക്ക് പരിക്കേറ്റു. മെസ് സെക്രട്ടറിയുടെ തലക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് ആൺകുട്ടികൾ താമസിക്കുന്ന സഹാറ ഹോസ്റ്റലിൽ സംഘർഷമുണ്ടായത്. പുറത്തുനിന്നുള്ള ഒരു സംഘം ആളുകളുമായി എസ്.എഫ്.ഐ പ്രവർത്തകർ അക്രമം നടത്തി എന്നാണ് പരാതി.

ഉച്ച കഴിഞ്ഞ് ക്ലാസില്ലാത്തതിനാൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് കയറാനിരിക്കെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചതെന്നാണ് പറയുന്നത്. അക്രമത്തെ കുറിച്ച് ചോദിക്കാൻ ചെന്നതിനാണ് ഹോസ്റ്റൽ മെസ് സെക്രട്ടറി ഹാനി വിഡിയോയിൽ പറയുന്നത്. അതേസമയം, തന്റെ മുറിയാണ് തീയിട്ടതെന്നാണ് എസ്‌ഐ.എഫ് നേതാവ് വൈശാഖ് പറഞ്ഞു.

കഴിഞ്ഞ ദിവസം, കുസാറ്റിലെ സമരത്തിനിടയിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് മർദ്ദിച്ച് കൈ ഒടിച്ചെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ നേരത്തെ രംഗത്ത് വന്നിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്തിനെതിരെയാണ് ജീവനക്കാരനായ എം സോമൻ കളമശേരി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ നിന്ന് പിന്മാറാൻ ഭീഷണിപെടുത്തിയെന്ന് സോമൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, ആരോപണം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് നിഷേധിച്ചു.

തിങ്കളാഴ്‌ച്ച കുസാറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാർച്ചിനിടയിലാണ് സെക്യൂരിട്ടി ജീവനക്കാരനായ ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങര ഐശ്വര്യയിൽ സോമന് പരിക്കേറ്റത്. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം കുസാറ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്ന് സെക്യൂരിട്ടി ജീവനക്കാരനായ സോമൻ പറഞ്ഞു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രജിത് കൈപിടിച്ച് തിരിക്കുകയും ഇരുമ്പ് ഗ്രില്ലിനോട് ചേർത്ത് അമർത്തുകയും ചെയ്തത്. ഇതേതുടർന്ന് കൈയിലെ എല്ല് പൊട്ടി. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതി നൽകാൻ ശ്രമിച്ച തന്നെ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർ ഭീഷണിപെടുത്തിയിരുന്നതായും സോമൻ പറയുന്നു.

സുരക്ഷാ ഉദ്യോഗസ്ഥനെ രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്. പൊലീസ് സ്റ്റേഷനിൽനിന്നു വിളിച്ചതു പ്രകാരം മൊഴി കൊടുക്കാൻ പോകുമ്പോൾ സർവകലാശാല കവാടത്തിനടുത്തു വച്ചാണു ഭീഷണിക്ക് ഇരയായത്.

പൊലീസ് ആവശ്യപ്പെട്ടതനുസരിച്ചു മൊഴി നൽകാനായി പോകുന്നതിനു ഓട്ടോറിക്ഷയിൽ കയറുമ്പോൾ രണ്ടു പേർ പിന്നാലെയെത്തി ഭീഷണിപ്പെടുത്തിയത്. ''ഞാൻ വരുമെന്നറിഞ്ഞു കാത്തു നിൽക്കുകയായിരുന്നു ഇവർ എന്നാണ് കരുതുന്നത്. ഹെൽമെറ്റു ധരിച്ചു ബൈക്കിൽ എത്തിയ രണ്ടു പേരിൽ പിന്നിൽ ഇരുന്നയാളാണു ഭീഷണിപ്പെടുത്തി സംസാരിച്ചത്. ഹെൽമറ്റ് ഉപയോഗിച്ചു മുഖം മറച്ചിരുന്നതിനാൽ ആരാണെന്നു വ്യക്തമായില്ല. എസ്എഫ്‌ഐക്കാരായ വിദ്യാർത്ഥികളാണ് എന്നാണു വ്യക്തമാകുന്നത്'' സോമൻ പറഞ്ഞു.

''മൊഴി കൊടുക്കാൻ പോകുകയല്ലേ എന്നു ചോദിച്ചായിരുന്നു സംഭാഷണത്തിനു തുടക്കം. ശരി, മൊഴിയൊക്കെ കൊടുത്തോ, പക്ഷേ കേസുവേണമെന്നു മൊഴി കൊടുക്കരുത് എന്നായിരുന്നു ആവശ്യം. ഞാനല്ല, കുസാറ്റാണ് പരാതി കൊടുത്തിരിക്കുന്നത് എന്നു പറഞ്ഞപ്പോൾ 'എന്തു പറഞ്ഞാലും ഞങ്ങളുടെ കയ്യിൽ കിട്ടും. ആവശ്യമില്ലാത്തതിനു പോകണ്ട, വീട്ടിൽ ഭാര്യ മാത്രമല്ലേ ഉള്ളൂ' എന്നായിരുന്നു കുട്ടിനേതാക്കളുടെ ഭീഷണി. ഇതു പറഞ്ഞു ഹെൽമറ്റ് ചെറുതായി താഴ്‌ത്തി മുന്നോട്ടു പോകുകയായിരുന്നു.

അതിക്രമത്തിൽ പരുക്കേറ്റ വലതു കൈ കെട്ടി വച്ചിരിക്കുന്നതിനാൽ വണ്ടിയുടെ നമ്പർ ഫോണിൽ എടുക്കാൻ വൈകി. പോക്കറ്റിൽ നിന്നു ഫോൺ എടുക്കുന്നതു കണ്ട്, കൈ കാണിച്ച് 'വേണ്ട ചേട്ടാ, വേണ്ടാത്തതിനൊന്നും പോകണ്ട' എന്നു പറഞ്ഞു വാഹനം ഓടിച്ചു രണ്ടുപേരും പോയതായും അദ്ദേഹം പറയുന്നു.

പരാതിയിൽ സോമന്റെ മൊഴിരേഖപെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിയിച്ചു. എന്നാൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിട്ടില്ലെന്നാണ് എസ്എഫ്‌ഐ വിശദീകരണം. മാർച്ചിനിടയിലുണ്ടായത് ചെറിയ ഉന്തും തള്ളും മാത്രമാണെന്നും പരിക്കേറ്റതെങ്ങനെയെന്ന് അറിയില്ലെന്നും എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് വിശദീകരിച്ചു.

ദീപാവലി അവധി ദിവസമായ തിങ്കളാഴ്ച രാവിലെ 1.15ന് കുസാറ്റ് അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസിൽ വച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈക്കു പരുക്കേറ്റത്. വൈസ് ചാൻസലർ ഡോ. കെ. മധുസൂധനൻ രാജി വയ്ക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തിനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള രേഖകൾ തയാറാക്കുന്നതിന് വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും ഓഫിസിൽ എത്തിയിരുന്നു. ഈ സമയം പത്തോളം ജീവനക്കാരും എത്തി.

വിസിയും പ്രോവിസിയും ഓഫിസിൽനിന്നു പുറത്തിറങ്ങിയ ശേഷം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ നാല് എസ്എഫ്‌ഐ നേതാക്കൾ അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസിലെത്തി. സുരക്ഷാ ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വിസി പറഞ്ഞിട്ടു വന്നതാണ് എന്നു പറഞ്ഞ് അകത്തു കയറി. കൂടുതൽ എസ്എഫ്‌ഐ പ്രവർത്തകർ കൊടികളുമായി കവാടത്തിലെത്തിയ സമയം ഗേറ്റ് അടച്ചെങ്കിലും ഇവർ മതിൽ ചാടി അകത്തു കയറി. കെട്ടിടത്തിൽ പ്രവേശിക്കുന്നത് ഒഴിവാക്കാൻ ഗ്രില്ല് അടയ്ക്കുമ്പോൾ എസ്എഫ്‌ഐ നേതാവ് പ്രജിത്ത് കൈ പിടിച്ചു തിരിക്കുകയും തള്ളുകയും ചെയ്തു. കൈ ഇരുമ്പിൽ ശക്തിയായി ഇടിച്ചതാണ് പൊട്ടലിനു കാരണമെന്നു സോമൻ പറയുന്നു. പിന്നാലെ പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സംഭവം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും സർവകലാശാല ഇതിനെതിരെ പരാതി നൽകുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തില്ല. പ്രതിഭാഗത്തുള്ളവരുടെ മൊഴി കൂടി കേട്ടശേഷം നപടി സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്. എന്നാൽ ശക്തമായ നടപടി വേണമെന്ന് സുരക്ഷാ ജീവനക്കാർ ആവശ്യപ്പെടുന്നു.