- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാജരിനെ ചൊല്ലി തർക്കം: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ വിദ്യാർത്ഥിനിയുടെ മൂക്കിടിച്ച് തകർത്ത് സഹപാഠിയായ എസ്എഫ്ഐ നേതാവ്; മൊഴിയെടുത്ത് ആറന്മുള പൊലീസ്
പത്തനംതിട്ട: കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളജിൽ വിദ്യാർത്ഥിനിയുടെ മൂക്കിടിച്ച് തകർത്ത് സഹപാഠിയായ എസ്എഫ്ഐ നേതാവ്. നാലാം വർഷ എൽഎൽബി വിദ്യാർത്ഥി ജയ്സൺ ആണ് സ്വന്തം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ആക്രമിച്ചത്. ശരീരത്ത് പിടിച്ച് അപമാനിച്ചുവെന്നും പെൺകുട്ടി ആറന്മുള പൊലീസിന് മൊഴി നൽകി.
ദിവസങ്ങളായി ഇതു സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇന്ന് രാവിലെ 11 ന് കോളജ് കാമ്പസിൽ വച്ചാണ് സംഭവം. മൂക്കിന് ഇടിയേറ്റ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനി കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിൽസയിലാണ്. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടെന്നാണ് വിവരം. ആറന്മുള പൊലീസ് ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി എടുത്തു. ഇതു വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതിനിടെ മറ്റൊരു വിദ്യാർത്ഥിനിയെ ആക്രമിച്ചുവെന്നൊരു പരാതി ഈ വിദ്യാർത്ഥിനിക്കെതിരേ ഉയർന്നിട്ടുണ്ട്. എസ്എഫ്ഐ നേതൃത്വം മുൻകൈയെടുത്താണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ലോകോളജ് പ്രിൻസിപ്പലായിരുന്ന രാജനെ പുറത്താക്കാൻ വേണ്ടി ഒന്നിച്ച് സമരം ചെയ്തവരാണ് മർദനമേറ്റ വിദ്യാർത്ഥിനിയും എസ്എഫ്ഐ നേതാവ് ജയ്സനും. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പാളിനെ നീക്കാൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കൂടി നിർദ്ദേശം നൽകിയിരുന്നു. ജയസ്ന്റെ പരാതിയിലായിരുന്നു അത്. സമരത്തിന് പോയ വിദ്യാർത്ഥികളുടെ ഹാജർ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിരുന്നു. ജയ്സനും മർദനമേറ്റ വിദ്യാർത്ഥിനിക്കും പരീക്ഷയെഴുതാനുള്ള ഹാജർ ഉണ്ടായിരുന്നില്ല. പരീക്ഷയെഴുതാനുള്ള ഹാജർ സംഘടിപ്പിക്കാമെന്ന് ജയ്സൺ വാക്കു നൽകിയിരുന്നുവത്രേ. ജയ്സണ് പരീക്ഷ എഴുതാൻ അനുവാദം കിട്ടുകയും വിദ്യാർത്ഥിനിക്ക് ലഭിക്കാതെ വരികയും ചെയ്തു. ഇതിന്റെ പേരിൽ നടന്ന തർക്കത്തിനൊടുവിൽ ജയ്സൺ വിദ്യാർത്ഥിനിയെ ആക്രമിച്ചുവെന്നാണ് പരാതി. ശരീരത്തിൽ പിടിച്ച് അപമാനിച്ചുവെന്നും വിദ്യാർത്ഥിനി മൊഴി നൽകിയിട്ടുണ്ട്. മൂക്കിന് സാരമായ പരുക്കുള്ള സ്ഥിതിക്ക് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ടി വരും. നിസാര വകുപ്പുകൾ ചുമത്താനാണ് നീക്കമെന്നാണ് ആരോപണം.
പ്രിൻസിപ്പാളിനെ നീക്കിയത് അടിമുടി ചട്ടലംഘനം നടന്നുവെന്ന് പറഞ്ഞ് കടമ്മനിട്ട മൗണ്ട് സയൻ ലോകോളജിൽ അദ്ധ്യാപകരുടെ നിയമനത്തിലും വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതിലും അടിമുടി ചട്ടലംഘനം നടന്നുവെന്ന് എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രിൻസിപ്പാളിനെ നീക്കം ചെയ്യാൻ കോളജ് മാനേജർക്ക് നിർദ്ദേശം നൽകിയത്. കോളജിന്റെ അഫിലിയേഷൻ പുനഃപരിശോധിക്കുവാനും തീരുമാനിച്ചിരുന്നു. തുടരന്വേഷണത്തിന് ഏകാംഗ കമ്മിഷനെയും നിയോഗിച്ചു. വിവിധ വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റിന്റെ തീരുമാനം.
അപാകതകൾ പരിഹരിച്ച് യൂണിവേഴ്സിറ്റി മാനദണ്ഡ പ്രകാരം അദ്ധ്യാപക നിയമനം നടത്തി പട്ടിക യൂണിവേഴ്സിറ്റിയിൽ ഹാജരാക്കണം. ജെയസൺ ജോസഫ് സാജൻ എന്ന വിദ്യാർത്ഥിയുടെ പുറത്താക്കൽ നടപടി പിൻവലിച്ച് തുടർ പഠനത്തിന് അവസരം നൽകണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ജയ്സൺ വരുത്തിയ പാകപ്പിഴക്കുള്ള ശിക്ഷയായി പുറത്തു നിർത്തിയ കാലഘട്ടം പരിഗണിക്കണം. പരാതിക്കാരിൽ ചിലരുടെ മൊഴി ഇതു വരെ രേഖപ്പെടുത്താത്ത സാഹചര്യത്തിൽ തുടരന്വേഷണത്തിന് ഏകാംഗ കമ്മിഷനായി ഡോ. ബിജു പുഷ്പനെ നിയമിച്ചു. മതിയായ ഹാജർ ഇല്ലാത്ത വിദ്യാർത്ഥികളിൽ ചിലരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത് റദ്ദാക്കാൻ പരീക്ഷാ വിഭാഗത്തിന് നിർദ്ദേശം നൽകും.
സർവകലാശാല നിഷ്‌കർഷിക്കുന്ന യോഗ്യത ഇല്ലാത്ത അദ്ധ്യാപകരെ നിയമിക്കുകയും അർഹതയില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുകയും വഴി സർവകലാശാല അഫിലിയേഷൻ ചട്ടങ്ങളുടെ ലംഘനം നടത്തിയതിനാൽ അഫിലിയേഷൻ പുനഃപരിശോധിക്കും. ഹാജർ കുറവുള്ള വിദ്യാർത്ഥികളെ നിയമ വിരുദ്ധമായി പരീക്ഷ എഴുതാൻ അനുവദിച്ച കോളജ് പ്രിൻസിപ്പാളിനെ തൽസ്ഥാനത്ത് നിന്ന് നീക്കുന്നതിന് മാനേജർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്