പാലക്കാട്: എസ്എഫ്‌ഐ നേതാവിനെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി. കൂറ്റനാട് ചാലിശ്ശേരിയിൽ വച്ചാണ് സംഭവം. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം നിമേഷ്, ജിഷ്ണു, ലമീസ് എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവരെ കൂറ്റനാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവോണദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ പ്രദേശത്തെ ലഹരിവിൽപ്പന സംഘമാണെന്നാണ് പരിക്കേറ്റവരുടെ ആരോപണം. പ്രദേശത്തെ ലഹരിവിൽപ്പനയും ഉപയോഗവും ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നും ഇവർ പറഞ്ഞു.

ഇരുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുമ്പുകമ്പിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമിക്കാനെത്തിയത്. ഇവർ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഒപ്പം കളിച്ചുവളർന്നവരായതിനാൽ അവരുടെ ഈ പ്രവൃത്തിയെ ചോദ്യംചെയ്തു. ഇതാകാം ആക്രമണത്തിന് കാരണമായതെന്നും പരിക്കേറ്റവർ പറഞ്ഞു.

അതേസമയം, പാലക്കാട്ടെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പ്രതികരിച്ചു. അടുത്തിടെ സംസ്ഥാനത്തെ നാലിടങ്ങളിൽ എസ്.എഫ്.ഐ. പ്രവർത്തകർ മയക്കുമരുന്ന് മാഫിയകളുടെ ആക്രമണങ്ങൾക്കിരയായി. സ്റ്റുഡന്റ് വിജിലൻസ് സ്‌ക്വാഡ് രൂപവത്കരിച്ച് മയക്കുമരുന്നിനെതിരേ എസ്.എഫ്.ഐ. കാമ്പസുകളിൽ വലിയ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു.

എന്നാൽ ഇത് ആരംഭിച്ചതുമുതൽ എസ്.എഫ്.ഐ. പ്രവർത്തകർക്കുനേരേ മയക്കുമരുന്ന് മാഫിയകൾ വ്യാപകമായ ആക്രമണം നടത്തുകയാണെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും പി.എം. ആർഷോ പറഞ്ഞു.