കൊച്ചി: നരബലി നടത്താനായി ഷാഫി കൂടുതൽ പേരെ വലവിരിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നു. കേസിലെ മുഖ്യപ്രതിയെന്ന് ുപൊലീസ് വ്യക്തമാക്കിയ ഷാഫി ലൈംഗിക വൈകൃതത്തിന് അടമയാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പണം മാത്രമായിരുന്നില്ല ഇയാളുടെ ലക്ഷ്യം. ഉറ്റ സുഹൃത്തിന്റെ ഭാര്യയെ പോലും ഇയാൾ ഇലന്തൂരിൽ എത്തിക്കാൻ ശ്രമിച്ചു. ലോട്ടറി വിൽപനയും മറ്റും നടത്തുന്ന പല സ്ത്രീകളേയും വലിയ തുക വാഗ്ദാനം ചെയ്ത് ഇയാൾ സമീപിച്ചിരുന്നു. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ഷാഫിയിലേക്ക് എത്തിയതും സ്ത്രീകൾ നൽകിയ സൂചനകളിൽ നിന്നാണ്.

കഴിഞ്ഞ 27നാണ് സഹോദരിയെ കാണാനില്ലെന്നുകാണിച്ച് പത്മയുടെ സഹോദരി പളനിയമ്മ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പത്മയുടെ ഫോണിലേക്കുവന്ന കോളുകളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്. ഇതിൽനിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നു. തുടർന്ന് ഷാഫിയെ കണ്ടെത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു.

പത്മത്തിന്റെ കൂടെ ലോട്ടറി വിൽപന നടത്തിയിരുന്ന ചില സ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്തു. പത്മ തിരുവല്ലയിലേക്കു പോയത് എന്തിനാണെന്നു പൊലീസ് അന്വേഷിച്ചപ്പോഴും ഷാഫിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചു. പത്മത്തെ സമീപിക്കുന്നതിനു മുൻപ് ഇവരിൽ ചിലരെയും ഷാഫി പണം വാഗ്ദാനം ചെയ്തു സമീപിച്ചിരുന്നു. ഷാഫിക്ക് കേസുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ അന്വേഷണം മറ്റുവഴികളിലേക്ക് തിരിഞ്ഞു.

പത്മ ലോട്ടറി വിൽപ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചായി അടുത്ത അന്വേഷണം. ഇവിടെനിന്നാണ് ഷാഫിയുടെ വെള്ളനിറത്തിലുള്ള വാനിൽ ഷാഫിക്കൊപ്പം പത്മ കയറുന്ന ദൃശ്യങ്ങൾ കിട്ടി. തുടർന്ന് ഷാഫിയുടെ ഫോൺ നിരീക്ഷിച്ചപ്പോൾ പത്തനംതിട്ടയിലെ ഭഗവൽ സിങ്ങുമായി സംസാരിച്ചതിന്റെ വിവരവും കിട്ടി. ഇത് അനുസരിച്ച് പത്മയെക്കുറിച്ചുള്ള വിവരം തേടി കടവന്ത്ര പൊലീസ് അറന്മുള പൊലീസിനെ സമീപിച്ചത്. പത്മയുടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് ഇലന്തൂരിലെ ആഞ്ഞിലിക്കുന്നിൽ വീട്ടിലെത്തി. ഒക്ടോബർ ഒമ്പതിന് രാത്രി 10.30-നായിരുന്നു ഇത്.

പത്മ എന്ന സ്ത്രീയെ കാണാതായെന്നും ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനമായി ഇവിടെയാണ് കാണിച്ചതെന്നും ഭഗവൽസിങ്ങിനോടും ലൈലയോടും എസ്‌ഐ പറഞ്ഞു. വാട്‌സാപ്പിലുള്ള പത്മയുടെ ചിത്രം കാണിച്ചിട്ട് ഇവരെ അറിയാമോയെന്ന് ചോദിച്ചു. കണ്ടിട്ടില്ലെന്ന് ഭഗവൽസിങ് പറഞ്ഞൊഴിഞ്ഞെങ്കിലും ഭാര്യ ലൈല പരിഭ്രാന്തയായി. ഇതോടെ പൊലീസുകാർക്ക് സംശയമായി. തുടർന്ന് ഇരുവരുടേയും ചിത്രങ്ങൾ പകർത്തുകയും തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നും ആശ്യപ്പെട്ടു. പിന്നീട് ഷാഫിയെ കൊച്ചിയിൽനിന്ന് പിടികൂടിയപ്പോഴാണ് നരബലിയുടെ വിശദവിവരങ്ങളറിയുന്നത്.

നരബലിക്ക് ഇരയായ സ്ത്രീകളുടെ ആഭരണങ്ങൾ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചിരുന്നതായി പ്രതി മുഹമ്മദ് ഷാഫി മൊഴി നൽകിയിട്ടുണ്ട്. നരബലിക്ക് മുമ്പായിട്ടാണ് ഇരകളായ സ്ത്രീകളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങൾ ഷാഫി ഊരി വാങ്ങിയത്. നരബലിക്ക് ശേഷം മരിച്ച സ്ത്രീകളുടെ മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചിരുന്നതായി പ്രതി ലൈല പൊലീസിനോട് പറഞ്ഞു.

പ്രതികളെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ കൊച്ചി ഡിസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തൽ. നരബലിയും മാംസം ഭക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ലൈലയും ഭഗവൽ സിങ്ങും ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. അതേസമയം ചോദ്യം ചെയ്യലിനോട് ഷാഫി സഹകരിക്കുന്നില്ലെന്നും, നരബലിയുമായി ബന്ധപ്പെട്ട് ദമ്പതികളുടെ വെളിപ്പെടുത്തൽ സമ്മതിച്ചിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

ഇരകളായ സ്ത്രീകളെയും പ്രതികളായ ദമ്പതികളെയും ഷാഫി ഒരേസമയം കബളിപ്പിച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഷാഫി ഇരകളായ സ്ത്രീകളെ ഇലന്തൂരിലെത്തിച്ചത്. ഇതിനായി ദമ്പതികളുടെ പക്കൽ നിന്നും ലക്ഷങ്ങളാണ് ഷാഫി കൈപ്പറ്റിയത്. സിനിമയുടെ പൂജയുടെ ഭാഗം എന്ന നിലയിലാണ് സ്ത്രീകളെ കട്ടിലിൽ കിടത്തിയത്. വീട്ടിൽ പൂജയുടെ അന്തരീക്ഷം ഇതിനകം ഒരുക്കിയിരുന്നു.

തുടർന്ന് ഭഗവൽ സിങ് സ്ത്രീയുടെ തലയ്ക്ക് അടിച്ച് ബോധം കെടുത്തുകയും ലൈല കഴുത്ത് മുറിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇരകളായ സ്ത്രീകൾ നരബലിക്ക് സമ്മതിച്ച് വന്നിട്ടുള്ളതാണെന്നാണ് പ്രതി ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചിരുന്നത്. ബലിക്കായി തയ്യാറായി വന്നതിനാൽ, ഇവരുടെ കുടുംബത്തിന് നല്ല തുക നൽകണമെന്നും ഷാഫി പറഞ്ഞിരുന്നു. സ്ത്രീകൾ വിസമ്മതമൊന്നും കാട്ടാതെ കട്ടിലിൽ കിടന്നതോടെ, ഷാഫി പറഞ്ഞത് ശരിയാണെന്ന് ദമ്പതികളും വിശ്വസിച്ചുവെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മുമ്പ് 75 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഷാഫി കൊടും ക്രിമിനലാണെന്ന് പൊലീസ് പറയുന്നു.