കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികള്‍ ഇന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതും. കോഴിക്കോട് എന്‍ജിഒ കോട്ടേഴ്‌സ് സ്‌കൂളിലാണ് പരീക്ഷ സെന്റര്‍. വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന താമരശ്ശേരി സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തുന്നത് സംഘര്‍ഷ സാധ്യത ഉണ്ടാകുമെന്ന് പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സെന്റര്‍ മാറ്റിയത്. എന്നാല്‍ കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ഥികളെയും പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍.

രാവിലെ വിദ്യാര്‍ഥികളെ താമസിപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിന് മുന്നില്‍ കെ.എസ്.യു പ്രതിഷേധിച്ചു.കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് സുരക്ഷയോടെയായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുക. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം കേസ് അട്ടിമറിക്കപ്പെടുമോ എന്ന സംശയവുമായി ഷഹബാസിന്റെ പിതാവും രംഗത്തുവന്നു. താമരശ്ശേരിയില്‍ സഹപാഠിയെ കൊല്ലാന്‍ നഞ്ചക്ക് കൊടുത്തുവിട്ടത് മുഖ്യപ്രതിയായ വിദ്യാര്‍ത്ഥിയുടെ പിതാവെന്ന് വിവരം അടക്കം പുറത്തുവന്നതോടെയാണ് ഈ ആക്ഷേപം ഉയരുന്നത്. ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള ഇയാള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നതായും സംശയമുണ്ട്. ഇയാള്‍ ടി.പി വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തായി.

കുട്ടിപ്രതികളില്‍ ചിലരുടെ രക്ഷിതാക്കള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ സാദ്ധ്യതയുണ്ടെന്നും ആക്ഷേപം. എന്നാല്‍, വ്യക്തമായ തെളിവുകള്‍ ശേഖരിച്ച് കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പൊലീസ് പറയുന്നു. ഗൂഢാലോചനയിലേക്കും അന്വേഷണം നീളുമെന്നാണ് പോലീസ് പറുയുന്നത്.

പ്രതികളുടെ ബന്ധുക്കള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും അവര്‍ കേസില്‍ നിന്ന് രക്ഷപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ ആരോപിച്ചു. പൊലീസുകാരന്റെയും അദ്ധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. സര്‍ക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. നീതിപീഠം കൈയൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്. അവന്റെ ഉമ്മ ബോധമില്ലാതെ കിടക്കുകയാണ്- ഇക്ബാല്‍ പറഞ്ഞു.

മുഖ്യപ്രതിയായ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഷഹബാസിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. ഷഹബാസിനെ കൊല്ലുമെന്ന് ഞാന്‍ പറഞ്ഞതാ, കൊന്നിരിക്കും എന്ന ശബ്ദസന്ദേശം ഇന്‍സ്റ്റഗ്രാമിലൂടെ നല്‍കിയത് ഈ വിദ്യാര്‍ത്ഥിയാണ്.ഈ വിദ്യാര്‍ത്ഥിയുടെ പിതാവ് നിരവധി സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണെന്നും അറിയുന്നു. ഇയാള്‍ ഗുണ്ടയാണെന്നും അയാളാണ് പ്രധാന പ്രതിയുടെ ധൈര്യമെന്നും ഷഹബാസിന്റെ സുഹൃത്തുകള്‍ വെളിപ്പെടുത്തിയിരുന്നു.

സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കളും സാക്ഷിയാണ്. പല മാരകായുധങ്ങളും കുട്ടികളുടെ പക്കലുണ്ടായിരുന്നു. ചില രക്ഷിതാക്കള്‍ മാരകായുധം കുട്ടികള്‍ക്ക് കൊടുത്തുവിട്ടതാണ്. പുറത്ത് നിന്ന് ആരെങ്കിലും പിടിച്ചുമാറ്റാന്‍ വന്നാല്‍ ഇടപെടും എന്ന തരത്തിലാണ് വലിയവര്‍ നോക്കി നിന്നത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആളുകളും കുട്ടികള്‍ക്ക് പിന്നിലുണ്ട്. പിന്നില്‍ ലഹരിയുടെ സ്വാധീനമുണ്ടോയെന്ന് സംശയമുണ്ട്.

ഷഹബാസിന്റെ കൊലപാതകം പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതമാണെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാലിന്റെ ആരോപണം. 5 വിദ്യാര്‍ഥികളില്‍ 3 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ മര്‍ദിച്ച കേസില്‍ പ്രതികളായിരുന്നു. ഈ കേസ് പിന്നീട് പ്രതികളുടെ രക്ഷിതാക്കള്‍ തന്നെ ഇടപെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നും ഇക്ബാല്‍ ആരോപിക്കുന്നു.

ഇന്ന് രാവിലെ മുതല്‍ കേസിലെ പ്രതികളായ 5 വിദ്യാര്‍ഥികളുടെയും വീടുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് മര്‍ദ്ദനത്തിനുപയോഗിച്ച ആയുധം കണ്ടെത്തിയത്. പരിശോധനയില്‍ നാല് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. നഞ്ചക്ക് കുട്ടിയുടെ പിതാവിന്റേതാകാം എന്ന സംശയത്തിലാണ് പൊലീസ്.

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ 12.30നായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഷഹബാസിന്റെ മരണം സ്ഥിരീകരിച്ചത്. സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ന്നെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. നഞ്ചക്ക് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഷഹബാസിന് മര്‍ദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതുപയോഗിച്ച് ഷഹബാസിന്റെ തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.