കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജു. കുട്ടികള്‍ എന്ന നിലയിലായിരുന്നില്ല മര്‍ദിച്ചവരുടെ ആലോചനയെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്നും ഗൂഡാലോചനയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും കെഇ ബൈജു പറഞ്ഞു.

കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണ്. കുട്ടികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇതിന് തെളിവാണ്. കുട്ടികളില്‍ ഒരാളുടെ അച്ഛന് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ട്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്. കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

അതേസമയം താമരശ്ശേരി ഷഹബാസ് കൊലപാതകത്തിലെ പ്രതികളായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന വെള്ളിമാട്കുന്ന് ഒബ്‌സര്‍വഷന്‍ ഹോമിന് മുന്നില്‍ കെഎസ്യു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ എംഎസ്എഫും പ്രതിഷേധം ആരംഭിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ കയ്യാങ്കളി നടന്നതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഷഹബാസ് വധകേസ് പ്രതികളെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതിഷേധം.

പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ ഭവന്‍ സെക്രട്ടറിക്ക് പൊലീസ് കത്തയച്ചിരുന്നു. ഇതുപ്രകാരമാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. ഈ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിനെതിരെ ഷഹബാസിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെയുണ്ടായ തര്‍ക്കമാണ് ഷഹബാസിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കപ്പിള്‍ ഡാന്‍സ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചുപോയപ്പോള്‍ വിദ്യാര്‍ഥികള്‍ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കി. ട്യൂഷന്‍ സെന്റര്‍ അധികൃതര്‍ ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയെങ്കിലും, കളിയാക്കിയത് പകയായി മനസില്‍ കൊണ്ട് നടന്ന സുഹൃത്തുക്കള്‍ അവസരം കിട്ടിയപ്പോള്‍ ആസൂത്രിതമായി ഷഹബാസിനെ കൊലപ്പെടുത്തുകയായിരുന്നു.

ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും, ഓന്റെ കണ്ണൊന്ന് പോയി നോക്ക്,കണ്ണൊന്നും ഇല്ല, എന്നു തുടങ്ങി ആക്രമത്തിന് നേതൃത്വം നല്‍കിയ കുട്ടികളുടെ സന്ദേശങ്ങള്‍ ഷഹബാസിന്റെ മരണശേഷം പുറത്തുവന്നിരുന്നു. തികച്ചും ആസൂത്രിതമായ നീക്കമാണ് കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ചാറ്റുകളില്‍ നിന്നും വ്യക്തമാകുന്നു.

പ്രതികള്‍ ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നിയമ നടപടികളുടെ ഭാഗമായി ഒബ്സെര്‍വഷന്‍ ഹോമിലേക്ക് മാറ്റിയ അഞ്ച് പ്രതികളില്‍ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയത്. ആക്രമണം നടന്ന ആദ്യ ഘട്ടത്തില്‍ തന്നെ നഞ്ചക്ക് പോലുള്ള ആയുധം ഉപയോഗിച്ചാണ് ഷഹബാസിനെ മര്‍ദിച്ചത് എന്ന ആരോപണം ഷഹബാസിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉയര്‍ത്തിയിരുന്നു. ഷഹബാസിന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അത് ശരിവെയ്ക്കുന്നതായിരുന്നു.