കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഡൽഹിയിൽ നിന്നും ട്രെയിൻ ടിക്കറ്റ് എടുത്തത് കേഴിക്കോട്ടേക്കായിരുന്നു. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ട്രെയിനിൽ എത്തിയ ഷാറൂഖ് എന്നാൽ ഷൊർണൂരാണ് ഇറങ്ങിയത്. ഇത് സ്ഥലം അറിയാതെ പോയതു കൊണ്ടാണെന്നാണ് ഷാരൂഖ് പറയുന്നത്. എന്നാൽ ഇറങ്ങിയ സ്ഥലം അറിയില്ലെന്നാണ് ഷാറൂഖ് പൊലീസിനോട് പറഞ്ഞത്.

എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഷാറൂഖിന്റെ നീക്കമെന്നാണ് പൊലീസ് വിലയിരുത്തൽ. ഷൊർണൂർ പുലർച്ചെ 4.45 നാണ് ഷൊർണൂരിൽ ഇറങ്ങുന്നത്. തീവെപ്പുണ്ടായ എക്സിക്യൂട്ടീവ് ട്രെയിനിൽ കയറുന്നത് വൈകീട്ട് 7. 19 നാണ്. ഇതിനിടെയുള്ള സമയങ്ങളിൽ ഷാറൂഖ് എവിടെയായിരുന്നു, ആരൊക്കെയായി കൂടിക്കാഴ്ച നടത്തി, എവിടെയെല്ലാം പോയി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഷൊർണൂരിന്റെ സമീപപ്രദേശത്ത് ചില സ്ഥലങ്ങളിൽ ഷാറൂഖ് സെയ്ഫി പോയിട്ടുണ്ടെന്നും, ചിലരെ കണ്ടതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

ട്രെയിനിലെ തീവെപ്പിന് പ്രതിക്ക് പുറത്തു നിന്നും സഹായം ലഭിച്ചു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഷാറൂഖിന്റെ ബാഗിൽ കണ്ടെത്തിയ ടിഫിൻ ബോക്സിലെ ഭക്ഷണം ഡൽഹിയിൽ നിന്നും വാങ്ങിയതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഭക്ഷണം അത്രയ്ക്ക് പഴകിയതല്ലെന്ന് പൊലീസ് കണ്ടെത്തി. അതുപോലെ, ട്രെയിനിൽ തീവെച്ച സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളല്ല, പിടിയിലാകുമ്പോൾ ഷാറൂഖ് ധരിച്ചിരുന്നത്.

ആക്രമണം നടന്ന രാത്രി പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തിൽ നഷ്ടപ്പെട്ട ശേഷവും കണ്ണൂരിലെത്തിയപ്പോൾ മാറിധരിക്കാൻ ഷർട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നു. ചോദ്യം ചെയ്യലിൽ തീവെപ്പ് താൻ ഒറ്റയ്ക്ക് നടത്തിയതാണെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ഷാറൂഖ് ചെയ്യുന്നത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതി ഷാറുഖ് സെയ്ഫി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.

ട്രെയിനിലെ ഡി1 കോച്ചിൽ തീവെപ്പ് ഉണ്ടായ സമയത്ത് സമീപത്തെ 5 കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റ് എത്തി 5 കോച്ചുകളിലെയും അപായച്ചങ്ങല ശരിയാക്കിയ ശേഷമാണു യാത്ര പുനരാരംഭിച്ചത്. തീവെപ്പുണ്ടായപ്പോൾ ഭയന്ന യാത്രക്കാർ മറ്റു കോച്ചുകളിലേക്ക് ഓടിയിരുന്നു. ഇവരാകാം അപായച്ചങ്ങല വലിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം രക്ഷപ്പെടാൻ ഷാറൂഖിന്റെ കൂട്ടാളികളാണോ ഇതു ചെയ്തതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ട്രെയിൻ നിർത്തുമ്പോൾ ഡി1 കോച്ച് കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു.