കൊല്ലം: സീരിയല്‍ നടി ഉള്‍പ്പെട്ട കൊല്ലത്തെ എംഡിഎംഎ കേസില്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ നടി ഷംനത്തിന് ലഹരി മരുന്ന് നല്‍കിയ പ്രതി നവാസ് ഫാസ്റ്റ്ഫുഡിന് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന അജിനോമോട്ടോയില്‍ കലര്‍ത്തിയും എംഡിഎംഎ വിറ്റിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായ കാര്യം.

ഷംനത്തിന് പിന്നാലെയാണ കൂട്ടുപ്രതി, അതായത് ഷംനത്തിന് ലഹരി മരുന്ന് എത്തിച്ച് നല്‍കിയിരുന്ന നവാസും പിടിയിലായിരുന്നു. നവാസ് എംഡിഎംഎ എത്തിച്ചിരുന്നത് കര്‍ണാടകയില്‍ നിന്ന് ആണെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. കഞ്ചാവ് വില്‍പനയില്‍ തുടങ്ങിയ ലഹരിക്കച്ചവടം എംഡിഎംഎ വില്‍പ്പനയിലേക്ക് എത്തുകയായിരുന്നു.

എംഡിഎംഎ കൈവശം വച്ചതിന് പരവൂരില്‍ പിടിയിലായ സീരിയല്‍ നടി ഷംനത്തിന് ലഹരി മരുന്ന് നല്‍കിയിരുന്നത് കടയ്ക്കല്‍ സ്വദേശിയായ നവാസിയിരുന്നു. തെക്കന്‍ കേരളത്തിലെ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനിയായ നവാസിനെ രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് പൊലീസ് പിടികൂടിയത്. പ്രതി നിലവില്‍ റിമാന്‍ഡിലാണ്. നവാസിനെതിരെ വിവിധ എക്‌സൈസ് റേഞ്ച് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളുണ്ട്.

ഡ്രൈവര്‍ കൂടിയായ നവാസ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പഴങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയിരുന്നു. തിരികെ വരുമ്പോള്‍ വാഹനത്തില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായിരുന്നു രീതി. കേരളത്തില്‍ എത്തിക്കുന്ന കഞ്ചാവ് മൊത്തമായും ചില്ലറയായും വില്‍പന നടത്തും. കഞ്ചാവില്‍ തുടങ്ങിയ കച്ചവടം പതിയെ എംഡിഎംഎയിലേക്ക് മാറി.

കൂടുതല്‍ ലാഭം ലക്ഷ്യമിട്ടാണ് എംഡിഎംഎയിലേക്ക് തിരിഞ്ഞത്. ഫാസ്റ്റ്ഫുഡിന് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന അജിനോമോട്ടോയില്‍ കലര്‍ത്തിയും പ്രതി എംഡിഎംഎ വിറ്റിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18നാണ് പരവൂര്‍ ചിറക്കരയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയുമായി പാര്‍വതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സീരിയല്‍ നടി ഷംനത്തിനെ അറസ്റ്റ് ചെയ്തത്.

സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് എംഡിഎംഎ വാങ്ങിയതെന്നായിരുന്നു നടിയുടെ മൊഴി. ലഹരി മരുന്ന് കച്ചവടത്തിലൂടെയാണ് ഷംനത്തും നവാസും തമ്മില്‍ സൗഹൃദത്തിലായത്. നവാസില്‍ നിന്നും നടി ലഹരി മരുന്ന് വാങ്ങിയ വിവരം മനസിലാക്കി പരവൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എംഡിഎംഎയുമായി ഷംനത്ത് കുടുങ്ങുകയായിരുന്നു.