- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം; എങ്ങുമെത്താതെ ഷാൻ വധക്കേസ്
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ വിധി വന്നതിനു പിന്നാലെ നീതി തേടി തൊട്ടുതലേന്ന് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ്. ഷാനിന്റെ കുടുംബം. ഷാനിന്റെ കൊലപാതകം നടന്ന് 82 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയിട്ടും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം.
വിചാരണ അട്ടിമറിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നതായും ഷാനിന്റെ കുടുംബം പറയുന്നു. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ആദ്യം മുതലേ വിവേചനം കണ്ടുവരികയാണെന്ന് ഷാനിന്റെ പിതാവ് എച്ച് സലീം പറഞ്ഞു. രാഷ്ട്രീയക്കാർക്ക് അവരുടേതായ അജൻഡകൾ കാണും. പക്ഷേ മാതാപിതാക്കൾക്കും കുടുംബത്തിനും ഒരു നഷ്ടമേയുള്ളു. അത് എല്ലാ കുടുംബത്തിനും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ആരെയും കൊല്ലുകയോ തിരിച്ചു കൊല്ലുകയോ അല്ല, നീതി ലഭിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആഗ്രഹം. രഞ്ജിത് ശ്രീനിവാസൻ കേസും ഷാൻ കേസും ഒരുപോലെ വിസ്തരിച്ച് കുറ്റവാളികൾക്ക് തക്കതായ ശിക്ഷ കൊടുത്തിരുന്നെങ്കിൽ നമ്മുടെ നീതിപീഠം ഉയരങ്ങളിൽ എത്തിയേനെ എന്നും എച്ച്. സലീം വിശദീകരിച്ചു. 2021 ഡിസംബർ 18നാണ് മണ്ണഞ്ചേരി പൊന്നാടിന് സമീപം രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോകവേയാണ് ഷാനിനെ ആക്രമിക്കുന്നത്. കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
2022 മാർച്ച് 16നാണ് ഷാൻ കൊലക്കേസിൽ കുറ്റപത്രം നൽകിയത്. ഫെബ്രുവരി രണ്ടിന് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കേസ് പരിഗണിക്കും. 143 സാക്ഷികളാണ് കേസിലുള്ളത്. ഷാനിനെ കൊന്നതിന് പ്രതികാരമായാണ് രഞ്ജിത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ടുകാർ വകവരുത്തിയത്. രഞ്ജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിക്കുമ്പോൾ ഷാൻ വധക്കേസിലെ പ്രതികൾ ജാമ്യത്തിൽ പുറത്താണ്. ആലപ്പുഴയിലാണ് ഷാൻ കൊലക്കേസ് വിചാരണ. മാവേലിക്കര കോടതിയിലായിരുന്നു രഞ്ജിത് ശ്രീനിവാസൻ കേസ്.
ആലപ്പുഴ കോടതിയിൽ ആയിരുന്നു രഞ്ജിത് ശ്രീനിവാസൻ കൊലക്കേസും നടക്കേണ്ടിയിരുന്നത്. എന്നാൽ ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്നു രഞ്ജിത് ശ്രീനിവാസനെന്നും അതുകൊണ്ട് മറ്റൊരു കോടതിയിൽ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നിയമ പോരാട്ടം നടത്തി. അങ്ങനെയാണ് കേസ് മാവേലിക്കരയിൽ എത്തിയതും അതിവേഗ വിധി വന്നതും.
2021 ഡിസംബർ 18ന് രാത്രിയാണ് എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെടുന്നത്. 19ന് രാവിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഈ രണ്ട് കേസുകളിലും അന്വഷണം നടത്തി പ്രതികളെ പിടികൂടിയിരുന്നു. പക്ഷേ ആദ്യ സംഭവമായ ഷാൻ കൊലക്കേസ് ഇഴഞ്ഞു നീങ്ങുകയാണ്. കുറ്റപത്രം സമർപ്പിച്ചിട്ട് രണ്ട് വർഷം പിന്നിട്ടു. കേസിന്റെ മുന്നോട്ട് പോക്കിനെ കുറിച്ച് വ്യാപക പരാതി ഉയർന്നതോടെയാണ് കഴിഞ്ഞയാഴ്ച പി.പി ഹാരിസിനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിനുശേഷമാണ് അടുത്ത മാസം രണ്ടിന് ആലപ്പുഴ സെഷൻസ് കോടതി കേസ് പരിഗണിക്കാൻ തീരുമാനിച്ചത്.
ഷാൻ വധക്കേസിൽ 13 പ്രതികളാണുള്ളത്. ഇവരെല്ലാം ജാമ്യം ലഭിച്ച് പുറത്താണ്. രൺജിത്ത് വധക്കേസിലെ 15 പ്രതികളും വധശിക്ഷക്ക് വിധിക്കപ്പെടുമ്പോൾ ഷാൻ വധക്കേസിൽ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല. ആദ്യ കേസ് ഇഴഞ്ഞു നീങ്ങുകയും രണ്ടാം കേസിൽ വേഗം വാദം പൂർത്തിയാക്കി വിധി പറയുകയും ചെയ്യുമ്പോൾ ഇരട്ടനീതിയെന്ന ആക്ഷേപമാണുയരുന്നത്.