- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മഹസർ എഴുതാൻ ചെന്ന പൊലീസ് സംഘത്തെ തടഞ്ഞത് വിവാദത്തിൽ
കൊല്ലം: യുവഅഭിഭാഷകയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പ്രതിയായ മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഇ. ഷാനവാസ് ഖാനെ രക്ഷിക്കാൻ മറ്റൊരു മുതിർന്ന അഭിഭാഷകന്റെ നേതൃത്വത്തിൽ ശ്രമം. മുൻകൂർ ജാമ്യത്തിന് ഹർജി ഫയൽ ചെയ്യുന്നതിനായി ഹൈക്കോടതിയിലെ അഭിഭാഷകനെ സമീപിച്ചെങ്കിലും അദ്ദേഹം സാവകാശം ആവശ്യപ്പെട്ടു. ഇതോടെ ഷാനവാസ്ഖാന്റെ മകൾ തന്നെ വക്കാലത്ത് ഏറ്റെടുത്തുകൊല്ലം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
ബാർ കൗൺസിൽ മുൻ ചെയർമാനാണ് ഇ. ഷാനവാസ് ഖാൻ. കഴിഞ്ഞ 14 ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവതിയെ ബലമായി ആലിംഗനം ചെയ്തുവെന്നാണ് പരാതി. യുവതി ഭർത്താവിനോട് വിവരം പറയുകയും കേസുമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ, രാഷ്ട്രീയക്കാരുടെ അടക്കം സമ്മർദം വന്നതിനാൽ ആദ്യം യുവതി പരാതി നൽകിയിരുന്നില്ല. ബാർ അസോസിയേഷൻ യോഗത്തിൽ വച്ച് പരസ്യമായി മാപ്പു പറയണമെന്ന യുവതിയുടെ ആവശ്യം ആദ്യം ഷാനവാസ്ഖാൻ അംഗീകരിച്ചു. കഴിഞ്ഞ 20 ന് അതിന് വേദിയും നിശ്ചയിച്ചു. എന്നാൽ, തക്ക സമയത്ത് ഇദ്ദേഹം കാലുമാറിയതോടെയാണ് യുവതി പരാതിയുമായി മൂന്നോട്ടു പോയത്.
നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ടാണ് യുവതി ഷാനവാസ് ഖാന്റെ വീട്ടിൽ പോയത്. ഗർഭിണിയായ യുവതി അവിടെ എത്തിയപ്പോൾ തന്നെ ഇഷ്ടപ്പെട്ടെങ്കിൽ കെട്ടിപ്പിടിച്ചു ഉമ്മ തരണം എന്ന് ആവശ്യപ്പെട്ടു. യുവതി വഴങ്ങാതെ വന്നപ്പോൾ ബലമായി കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. വിവരം യുവതി വീട്ടിൽ അറിയിച്ചെന്ന് മനസിലാക്കിയ അഭിഭാഷകൻ പിറ്റേന്ന് രാവിലെ യുവതിയെ ഫോണിൽ വിളിച്ചു മാപ്പു പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റില്ലാത്ത വിധമാണ് ഇയാളുടെ സംഭാഷണം. സഹോദരിയോടെന്നതു പോലെയാണ് കെട്ടിപ്പിടിച്ചത് എന്നാണ് ഇയാളുടെ വാദം. മോൾക്കെന്തോ തെറ്റിദ്ധാരണ സംഭവിച്ചുവെന്ന് പറഞ്ഞാണ് ഇയാൾ സംഭാഷണം തുടങ്ങൂന്നത്. ഞാൻ മോളോട് മോശമായി പെരുമാറിയെന്ന് വർമയോട് പറഞ്ഞു. മോശമായിട്ട് പെരുമാറാതെ അല്ലല്ലോ ഞാൻ പറഞ്ഞത് എന്ന് യുവതി തിരിച്ചു ചോദിക്കുന്നതും കേൾക്കാം.
കേസിൽ നിന്ന് അഭിഭാഷകനെ രക്ഷിക്കാൻ വലിയ രാഷ്ട്രീയ സമ്മർദം തന്നെ ഉണ്ട്. പ്രമാദമായ പല കേസുകളിലും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ നേതൃത്വത്തിലാണ് അട്ടിമറി ശ്രമം നടക്കുന്നത്. അനുനയശ്രമം പാളുകയും യുവതി നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തതോടെ വലിയൊരു വിഭാഗം അഭിഭാഷകർ ഇവർക്ക പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. ഇന്നലെ ഷാനവാസ് ഖാന്റെ വീട്ടിൽ മഹസർ എഴുതാൻ കൊല്ലത്തെ പ്രമുഖ സർക്കാർ അഭിഭാഷകന്റെ തിരക്കഥ പ്രകാരം എത്തിയ പൊലീസിനെ പരാതിക്കാരിയെ അനുകൂലിക്കുന്ന അഭിഭാഷകർ തടഞ്ഞു. തങ്ങളെയും മഹസ്സർ സാക്ഷി ആക്കണം എന്നാവശ്യപ്പെട്ടായിരുന്നു തർക്കം ഉണ്ടായത്.
കേരളത്തിലെ പല പ്രമുഖ കേസുകളിലും സർക്കാരിന് വേണ്ടി ഹാജരായ പ്രമുഖ സർക്കാർ വക്കീൽ ആണ് പൊലീസുമായി ഒത്തു ചേർന്ന് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്നാണ് ആക്ഷേപം. അഭിഭാഷക വൃത്തിയിൽ 50 വർഷം തികയ്ക്കാൻ ഒരു മാസം ബാക്കി ഉള്ളപ്പോൾ ആണ് ഷാനവാസ് ഖാൻ പീഡനക്കേസിൽ അകപ്പെട്ടിരിക്കുന്നത്. സിഐടിയുവിന്റെ കൊല്ലം ജില്ലാ പ്രസിഡന്റാണ് ഷാനവാസ്ഖാൻ. 354, 354 അ(1)(ശ),354 അ(1)(ശശ), 354 അ (1)(4) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2019 ഫെബ്രുവരി മുതൽ 2020 ഫെബ്രുവരി വരെ ഇയാൾ ബാർ കൗൺസിൽ ചെയർമാനായിരുന്നു. രണ്ടു മാസം മുൻപ് വരെ ബാർ കൗൺസിൽ അച്ചടക്ക സമിതിയുടെ ചെയർമാനുമായിരുന്നു.