- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബറിന് മുന്നെ വിവാഹം നടന്നാൽ ഭർത്താവ് മരിക്കുമെന്ന് ജ്യോത്സ്യൻ അറിയിച്ചതോടെ വിവാഹം ഫെബ്രുവരിയിലേക്ക് മാറ്റി; വീട്ടിലെ താലികെട്ടും പിന്നെ കഷായം കഴിക്കലും; ആ ഓട്ടോ ഡ്രൈവർ 'മാമനെ' കണ്ടെത്താത്ത ദുരൂഹത; കഷായക്കുപ്പി കഴുകിയതോടെ തെളിവും നഷ്ടമായി; കൊല്ലങ്കോട്ടെ പയ്യന് ജ്യൂസ് നൽകിയ ആളിനെ കണ്ടെത്താത്തതും പൊലീസ്; ഷാരോണിന് കൊടുത്തത് 'സ്ലോ പോയിസൺ'?
പാറശ്ശാല: സമുദായപ്പയറ്റ് സ്വദേശിയും റേഡിയോളജി വിദ്യാർത്ഥിയുമായ ഷാരോൺ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മൊഴികളിൽ അവ്യക്തതകൾ ഏറെ. അമ്മയെ കൊണ്ടാക്കാൻ വന്ന ഓട്ടോ ഡ്രൈവർ മാമനും ജ്യൂസ് കൊടുത്തിരുന്നുവെന്നും ആ മാമനും ഛർദ്ദിച്ചുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ഈ 'മാമനെ' ഇനിയും കണ്ടെത്തിയിട്ടില്ല. കഷായക്കുപ്പി കഴുകിയതും ദുരൂഹമാണ്. മരണത്തിന് കാരണമാകുന്ന സ്ലോ പോയിസൺ കലർത്തിയ കഷായമാണോ ഷാരോൺ കുടിച്ചതെന്ന സംശയം അതീവ ശക്തമാണ്.
അതിനിടെ കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നമാണ് മരണകാരണമെന്നും പെൺകുട്ടിയുടെ വീട്ടുകാർ മരുന്നിൽ മറ്റെന്തോ ചേർത്ത് നൽകിയതാണെന്നും വീട്ടുകാർ ആരോപിക്കുന്നതിനിടെയാണ് കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നത്. ഷാരോൺ താലിചാർത്തിയെന്ന് സമ്മതിക്കുന്ന പെൺകുട്ടി എന്തുകൊണ്ടാണ് പിന്നെ മറ്റൊരു വിവാഹത്തിന് തയ്യാറായതെന്ന ചോദ്യത്തിനും ഉത്തരം നൽകുന്നില്ല. ഇതിനൊപ്പമാണ് വാട്‌സാപ്പ് ചാറ്റുകൾ പുറത്തു വരുന്നത്. അടിമുടി ദുരൂഹമാണ് കാര്യങ്ങൾ. ജ്യൂസ് കുടിച്ച് മരിച്ച 11 കാരനും ദുരൂഹമായി തുടരുന്നു. കൊല്ലങ്കോട്ടെ സ്‌കൂളിൽ ആ പതിനൊന്നുകാരന് ജ്യൂസ് കൊടുത്ത ആളിനെ കണ്ടെത്താനായില്ലെന്നതും പൊലീസിന്റെ വീഴ്ചയാണ്.
'എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങൾ തമ്മിൽ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്. പെൺകുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകളാണ് പുറത്ത് വന്നത്. ഒറ്റക്കല്ല ഷാരോൺ വീട്ടിൽ വന്നത്. കൂടെ സുഹൃത്തായ സജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ താൻ എന്തെങ്കിലും ചെയ്യുമോയെന്നും പെൺകുട്ടി ചോദിക്കുന്നു. ഇതിനിടെ ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴുള്ള പരിശോധന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇതിലെ വ്യതിയാനവും ദുരൂഹത വർധിപ്പിക്കുന്നു.
ഷാരോണിനെ 14-ാം തീയതി ആശുപത്രിയിൽ അഡ്‌മിറ്റാക്കിയ സമയത്തും അതിന് ശേഷം 17-ാം തീയതി വീണ്ടും അഡ്‌മിറ്റാക്കിയ ശേഷമുള്ള റിപ്പോർട്ടുമാണ് പുറത്ത് വന്നരിക്കുന്നത്. ആദ്യ റിപ്പോർട്ടിൽ കരൾ, വൃക്ക എന്നിവയുടേയെല്ലാം പ്രവർത്തനം സാധാരണ നിലയിലായിട്ടാണ് കാണിച്ചിരുന്നത്. ഡബ്ലു.ബി.സി മാത്രമാണ് കൂടിയിരുന്നത്. എന്തെങ്കിലും വിഷവസ്തു ഉള്ളിൽ ചെന്നാൽ ഡബ്ലു.ബി.സി കൂടും. എന്നാൽ പിന്നീട് 17-ാം തീയതി വന്ന റിപ്പോർട്ടിൽ വൃക്കയുടേയും കരളിന്റേയുമെല്ലാം പ്രവർത്തനം നിലച്ചരീതിയിലായിരുന്നു കാണിച്ചത്. അത്രയും മാരകമായ വിഷവസ്തു അല്ലെങ്കിൽ ആസിഡ് പോലുള്ളവ അകത്ത് ചെന്നാലല്ലാതെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത്രയധികം വ്യതിയാനം റിപ്പോർട്ടിൽ സംഭവിക്കില്ലെന്നാണ് ഡോക്ടർമാർ തങ്ങളോട് പറഞ്ഞതെന്നും ഷാരോണിന്റെ സഹോദരൻ ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് ശേഷം തുടർച്ചയായ ഛർദിയാണുണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു. മാത്രമല്ല ഷാരോണിന്റെ ചുണ്ടുമുതൽ വയറിന്റെ താഴെ വരെ ആന്തരികാവയവങ്ങൾ പൂർണമായും പൊള്ളിനശിച്ച നിലയിലുമായിരുന്നു.കഷായവും ജ്യൂസും കുടിച്ചതുകൊണ്ട് മാത്രം ഇങ്ങനെ സംഭവിക്കില്ലെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു. ഇതിനിടെയാണ് വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരിക്കുന്നത്.
താൻ സ്ഥിരമായി കുടിച്ചുകൊണ്ടിരുന്ന കഷായമാണിതെന്നും അപകടമുണ്ടാക്കുമെന്ന് അറിയില്ലായിരുന്നവെന്നും പെൺകുട്ടി പറയുന്നുണ്ട്. ഇതിനിടെ ഷാരോണും യുവതിയും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഷാരോൺ ആശുപത്രിയിൽ അഡ്‌മിറ്റായ ശേഷമുള്ള ചാറ്റുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഛർദിക്കുമെന്ന് കരുതിയിരുന്നില്ലെന്നും കഷായമായതുകൊണ്ടാവാം പച്ച കളറിൽ ഛർദിച്ചതെന്നും പുറത്ത് വന്ന ചാറ്റിൽ നിന്നും വ്യക്തമാവുന്നുണ്ട്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജ്യൂസ് കൊടുത്തിരുന്നതായും അദ്ദേഹത്തിനും ഇപ്പോൾ വയ്യെന്ന് പറയുന്നുണ്ടെന്നും ഷാരോണിനോടുള്ള ചാറ്റിൽ പെൺകുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുലുള്ളവർ കരുതിയിരിക്കുന്നതെന്നും അതുകൊണ്ട് അവർ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി പറയുന്നു.
പഠന സംബന്ധമായ പ്രൊജക്ട് വാങ്ങാനാണെന്ന് പറഞ്ഞാണ് ഷാരോൺ സുഹൃത്തായ റിജിനിനേയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പോൾ ഷാരോണിന് അമ്മ കാണാതെയാണ് ആ മരുന്ന് ഒഴിച്ച് കൊടുത്തതെന്ന് പുറത്ത് വന്ന ഓഡിയോയിൽ പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്. കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് ഷാരോണിന് നൽകിയതെന്നും ഓഡിയോയിൽ പറയുന്നുണ്ട്. ഇവിടെ നിന്നും വിഷമൊന്നും കൊടുത്തിട്ടില്ലെന്നും പറയുന്നുണ്ട്. ഈ മാസം 25-നായിരുന്നു ഷാരോൺ മരിച്ചത്. തമിഴ്‌നാട് നെയ്യൂരിലെ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് ഷാരോൺ. വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോൺ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരിൽ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു.
ഷാരോണും ആരോപണ വിധേയയായ പെൺകുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും തങ്ങളുടെ വീട്ടിൽ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ സഹോദരൻ ഷീമോൺ രാജ് പറഞ്ഞു. ഇതിന് ശേഷം എല്ലാ ദിവസവും വൈകുന്നേരം നെറ്റിയിൽ കുങ്കുമം ചാർത്തിയുള്ള ഫോട്ടോ ഷാരോണിന് അയച്ചുകൊടുക്കുമായിരുന്നു. മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷവും പെൺകുട്ടി പറഞ്ഞിട്ടാണ് ബന്ധം തുടർന്നതെന്നും നവംബറിന് ശേഷം ഇറങ്ങിപ്പോരാമെന്ന് ഷാരോണിനോട് പെൺകുട്ടി പറഞ്ഞിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടുന്നു.
വിവാഹം കഴിക്കാൻ നവംബർവരെ കാത്തിരിക്കേണ്ടെന്ന് ഷാരോൺ പറഞ്ഞപ്പോൾ തന്റെ പിറന്നാൾ മാസം കൂടിയായ നവംബറിന് മുൻപേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യൻ പറഞ്ഞതായി പെൺകുട്ടി ഷാരോണിനോട് പറഞ്ഞിരുന്നുവെന്ന് അമ്മാവൻ സത്യശീലനും ചൂണ്ടിക്കാട്ടി. എന്നാൽ ഇതിൽ ഷാരോണിന് വിശ്വാസമുണ്ടായിരുന്നില്ല. തുടർന്ന് പെൺകുട്ടിയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടിയെന്നും ഇതിന്റെ ഫോട്ടോസ് അടക്കമുള്ളവ അവന്റെ ഫോണിലുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് പെൺകുട്ടിയും ഒരു പട്ടാളക്കാരനുമായുള്ള കല്ല്യാണ നിശ്ചയം നടത്തിയത്. ഇതിന് ശേഷം ഷാരോൺ കുട്ടിയുമായി അകന്നിരുന്നുവെങ്കിലും പിന്നീട് പെൺകുട്ടി തന്നെ നിർബന്ധിച്ച് ബന്ധം തുടരുകയായിരുന്നവെന്ന് സഹോദരൻ പറയുന്നു. ആദ്യം സെപ്റ്റംബറിലാണ് പെൺകുട്ടിയും പട്ടാളക്കാരനുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ നവംബറിന് മുന്നെ വിവാഹം നടന്നാൽ ഭർത്താവ് മരിക്കുമെന്ന് ജ്യോത്സ്യൻ അറിയിച്ചതോടെ വിവാഹം അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റുകയായിരന്നു.
അപ്പോഴും ഷാരോണുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് കുടംബം ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടുപേരുടേയും വാട്സ്ആപ്പ് ചാറ്റുകളും ഫോണിലെ ഫോട്ടോകളും ഇതിന് തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നുമുണ്ട്. അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കേസ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ഡിവൈഎസ്‌പി ജോൺസൻ ആണ് അന്വേഷണ ചുമതല. എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്‌പി ഡി ശിൽപ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡ് രൂപീകരിക്കും.സുഹൃത്ത് കഷായം കഴിക്കുമ്പോൾ ടേസ്റ്റ് ചെയ്യാൻ കഴിച്ചതാണ് എന്ന് ഷാരോൺ മൊഴി നൽകിയിരുന്നു. വിഷയത്തിൽ പെൺകുട്ടിക്ക് പങ്ക് ഉണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വഷിക്കും. പെൺകുട്ടിയുടെ മൊഴിയിൽ സംശയം ഉണ്ടോ എന്ന് ഇപ്പൊ പറയാൻ കഴിയില്ല. കൂടുതൽ അന്വേഷണത്തിൽ മാത്രമേ പങ്ക് ഉണ്ടോ എന്ന് മനസിലാക്കാൻ കഴിയുകയുള്ളു. എഫ്എസ്എൽ റിപ്പോർട്ട് എത്രയും പെട്ടെന്ന് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എസ്‌പി വ്യക്തമാക്കി.
സംഭവം നടന്ന ഒക്ടോബർ 14 ന് നടത്തിയ രക്ത പരിശോധനയിൽ ഷാരോണിന്റെ ആന്തരിക അവയവങ്ങൾക്ക് മറ്റു തകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഉയർന്നതായാണ് പരിശോധനാ ഫലത്തിൽ നിന്നും വ്യക്തമാകുന്നത്.ആദ്യ രക്ത പരിശോധനയിൽ ഷാരോണിന്റെ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസീലിറ്ററിൽ ഒരുമില്ലി ഗ്രാം എന്ന നിലയിലായിരുന്നു. ആ സമയത്ത് ഷാരോണിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല എന്നതാണ് ഇതിൽ നിന്നും ലഭിക്കുന്ന സൂചന. മൊത്തം ബിലിറൂബിൻ ടെസ്റ്റിൽ ഡെസീലിറ്ററിൽ 1.2 മില്ലിഗ്രാം വരെ നോർമൽ അളവായാണ് കണക്കാക്കുന്നത്. എന്നാൽ മൂന്നുദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ ബിലിറൂബിൻ കൗണ്ട് ഡെസീലിറ്ററിൽ അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയർന്നതായി കാണുന്നു.
മറുനാടന് മലയാളി ബ്യൂറോ