തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിനെ പെൺകുട്ടി കൊലപ്പെടുത്തിയത് പട്ടാളക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമെന്ന് പൊലീസ്. ഷാരോൺ ബന്ധം തുടരാൻ ആഗ്രഹിച്ചപ്പോൾ പെൺകുട്ടി ഷാരോണിനെ ഒഴിവാക്കാനാണ് തീരുമാനിച്ചത്. ഇതിന് വേണ്ടി ജാതകപ്രശ്‌നം അടക്കം പറഞ്ഞെങ്കിലും ഷാരോൺ പിന്മാറാൻ സമ്മിതിച്ചില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് എഡിജിപി എം ആർ അജിത് കുമാർ അറിയിച്ചത്. കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോൺ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കഷായത്തിൽ കീടനാശിനി ചേർത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന കീടനാശിനി കഷായത്തിൽ ചേർത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടർന്ന് വീടിനുള്ളിൽ വച്ച് ഛർദ്ദിച്ചപ്പോൾ സുഹൃത്തിനൊപ്പം ഷാരോൺ ഇറങ്ങി പോവുകയായിരുന്നെന്ന് ഗ്രീഷ്മ മൊഴി നൽകിയതായി എഡിജിപി വ്യക്തമാക്കി.

ഒരു വർഷമായി ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയിൽ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. തുടർന്ന് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. എന്നാൽ ഷാരോൺ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിർബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.ബോട്ടിലിലെ കഷായം അല്ല കൊലപാതകത്തിന് ഉപയോഗിച്ചത്. വീട്ടിലുണ്ടാക്കിയ കഷായമെന്നാണ് ഗ്രീഷ്മ പറഞ്ഞത്. ഗ്രീഷ്മ കഷായം കുടിക്കുമായിരുന്നു. കഴിക്കാൻ ബുദ്ധിമുട്ടണ്ടൈന്ന് പറഞ്ഞപ്പോൾ ഷാരോൺ കളിയാക്കുമായിരുന്നു. ഞാനും കഴിച്ച് കാണിച്ചുതരാമെന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കുവേണ്ടി വാങ്ങിച്ചുവെച്ചിരുന്ന കഷായമാണെന്നാണ് മൊഴി. വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്.

ഇതിൽ കൂടുതൽ അന്വേഷണം നടത്തും. കാപ്പിക് എന്ന കീടനാശിനിയാണ് കഷായത്തിൽ കലർത്തിയത്. ഈ കീടനാശിനിയിൽ കോപ്പർസർഫെറ്റ് സാന്നിധ്യമില്ല. ഡൈ ആസിഡ് ബ്ലൂ എന്ന രാസവസ്തു അടങ്ങിയാണ് കീടനാശിനിയെന്നും എഡിജിപി പറഞ്ഞു. ഷാരോണിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൂടി കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ മനസിലാകൂ. നേരത്തെ ഗ്രീഷ്മ കൊലപാതകശ്രമം നടത്തിയതായി തെളിവുകൾ ലഭിച്ചിട്ടില്ല. പ്രാഥമിക അന്വേഷണത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.

ഗ്രീഷ്മയുടെ മുൻ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടായിരുന്നതായും എഡിജിപി വ്യക്തമാക്കി. 26,27 തിയതികളിൽ ഗ്രീഷ്മയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ കേസിൽ ബാഹ്യഇടപെടൽ ഉണ്ടായതായി തെളിവില്ലെന്നും മാതാപിതാക്കളെ പ്രതിയാക്കാൻ നിലവിൽ തെളിവുകളില്ലെന്നും എഡിജിപി പറഞ്ഞു. ബന്ധത്തിൽ വിള്ളൽ വീണിട്ടും ബന്ധം തുടരാൻ ഷാരോൺ ആഗ്രഹിച്ചിരുന്നു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ഗ്രീഷ്മ ശ്രമിച്ചത്. ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.പള്ളിയിൽ പോയി സിന്ദൂരം തൊട്ടെങ്കിൽ വിവാഹം കഴിഞ്ഞതായി ഗ്രീഷ്മയുടെ മൊഴിയിൽ ഇല്ലെന്നും അജിത് കുമാർ പറയുന്നു.

എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. പെൺകുട്ടിയെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 14 നാണ് റെക്കോഡ് ബുക്ക് തിരിച്ചുവാങ്ങാൻ സുഹൃത്തിനൊപ്പം യുവതിയുടെ വീട്ടിൽ ഷാരോൺ പോയത്. എന്നാൽ ഇവിടെ നിന്നും ശാരീരികാസ്വസ്ഥതകളോടെയാണ് ഷാരോൺ തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. കരളും വൃക്കയും തകരാറിലായാണ് മരണം. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കൾ ആദ്യമേ ആരോപിച്ചിരുന്നു.