തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ കൂടുതൽ പുറത്തുവന്നു. ഷാരോണിന്റെ പക്കൽ തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും ഉണ്ടായിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ പറയുന്നത്. പട്ടാളക്കാരനെ വരനായി ലഭിച്ചതോടെ ഷാരോണിനെ എങ്ങനെയും ഒഴിവാക്കാനാണ് ഗ്രീഷ്മ ശ്രമം തുടങ്ങിയത്. അതിന് വേണ്ടി ആസൂത്രിത ശ്രമങ്ങൾ നടത്തി.

പ്രണകാലത്തെ പല വീഡിയോകളും ഷാരോണിന്റെ പക്കൽ ഉണ്ടായിരുന്നു. ഇത് ഭാവി വരൻ അറിയുമോ എന്ന ഭയമാണ് കൊലപാതകത്തിന് പ്രേരണയായി മാറിയത്. പൊലീസിൽ നൽകിയ മൊഴിയിൽ ഇക്കാര്യം അവർ വ്യക്തമാക്കുന്നുണ്ട്. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് ഗ്രീഷ്മ നൽകിയ മൊഴിയിൽ പറയുന്നത്. ഷാരോണിന്റെ പക്കൽ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് തിരികെ ചോദിച്ചിട്ടും ഷാരോൺ നൽകിയില്ലെന്നും ഗ്രീഷ്മ മൊഴി നൽകി. സ്വകാര്യചിത്രങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും ഷാരോൺ തിരികെനൽകിയില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നു. ആത്മഹത്യാ ഭീഷണി ഉൾപ്പെടെ മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞു. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളിൽ തിരഞ്ഞതായും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. കേസിൽ ഗ്രീഷ്മയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കളെയും അമ്മാവനെയുമാണ് ചോദ്യം ചെയ്യുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്.

അതിനിടെ, ഗ്രീഷ്മയുടെ വീടിന് നേർക്ക് കല്ലേറുണ്ടായി. അജ്ഞാതരാണ് ഇന്നലെ രാത്രി കല്ലേറ് നടത്തിയത്. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. പാറശ്ശാലയിലെ തമിഴ്‌നാട്ടിൽ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഗ്രീഷ്മയുടെ മാതാപിതാക്കൾ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ലൈസോൺ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് നൽകുന്നവിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അല്പസമയത്തെ നിരീക്ഷണത്തിന് ശേഷം യുവതിയെ ആശുപത്രിയിൽനിന്ന് മാറ്റാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആശുപത്രി വിട്ടാൽ ഉടനെ ഗ്രീഷ്മയെ റൂറൽ എസ്‌പി. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, യുവതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.