- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണ ആലോചന ഉറപ്പിക്കാറയപ്പോൾ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകി നൽകിയത് കഷായവും ഫ്രൂട്ടിയും; ദ്രാവകം കഴിച്ചപ്പോൾ തുടങ്ങിയ ചർദ്ദി എത്തിച്ചത് യുവാവിന്റെ മരണത്തിൽ; ഷാരോൺ രാജിന് കാരക്കോണത്തുകാരിയുടെ ആസിഡ് നൽകിയെന്ന് സംശയം; അശ്വിനെ പോലെ ഷാരോണിന്റെ വിയോഗവും; റിക്കോർഡ് ബുക്കിൽ പൂത്തുലഞ്ഞ പ്രണയം കൊലയൊരുക്കിയോ?
തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മുര്യങ്കര സ്വദേശി ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 14 -ാം തിയതിയാണ് ഷാരോൺ പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിക്കുന്നത്. 25 -ാം തിയതിയോടെ മരണത്തിന് കീഴടങ്ങി. കളയിക്കാവിള മെതുകമ്മൽ സ്വദേശിയായ അശ്വിൻ എന്ന പതിനൊന്നുകാരന്റെ മരണവും സമാന സാഹചര്യത്തിലാണെന്നത് സംഭവത്തിൽ ദൂരൂഹത വർദ്ധിപ്പിക്കുന്നു.
നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബിഎസ് സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് ഷാരോൺ രാജ്. ഇതിനിടെ കാരക്കോണം സ്വദേശിനിയുമായി ഷാരോൺ രാജ് അടുപ്പത്തിലായിരുന്നു. എന്നാൽ പെൺകുട്ടിക്ക് വീട്ടുകാർ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തിൽ വിള്ളൽ ഉണ്ടായി. റെക്കോർഡ് ബുക്കുകൾ ഉൾപ്പെടെ ഈ പെൺകുട്ടി എഴുതി ഷാരോൺ രാജിനെ സഹായിക്കുക പതിവായിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം ഷാരോൺ സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ റെക്കോർഡ് ബുക്കുകൾ തിരികെ വാങ്ങാൻ പോയിരുന്നു. ഇതിനിടെ കഷായം പോലെയൊരു ദ്രാവകവും, ഫ്രൂട്ടിയും പെൺകുട്ടി ഇവർക്ക് കുടിക്കാൻ നൽകി.
ഇത് കുടിച്ചതു മുതൽ ഷാരോണിന് ദേഹാസ്വസ്ഥത ഉണ്ടായത്. തുടർന്ന് പാറശാല ജനറൽ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന് പെൺകുട്ടി വിഷം നൽകിയത് ആണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ അച്ഛൻ ജയരാജ് പാറശാല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
14 -ാം തിയതി രാവിലെ ഷാരോൺ രാജും സുഹൃത്ത് റെജിനും ഷാരോണിന്റെ സുഹൃത്തും രാമവർമ്മൻ ചിറയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോൺ തനിച്ചാണ് വീടിന് ഉള്ളിൽ പോയത്. കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. പിന്നീട്, അവശനായതിനാൽ തന്നെ വീട്ടിൽ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു.
അവശനായ ഷാരോൺ രാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഷാരോൺ രാജ്, ഛർദിച്ച് അവശനിലയിൽ ആയിരുന്നു. തുടർന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് അയച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്‌നങ്ങൾ കണ്ടെത്താത്തതിനാൽ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയിലായി. ഇഎൻടിയെ കാണിച്ചെങ്കിലും കുറിച്ച് നൽകിയ മരുന്ന് പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്റെ നില ഗുരുതരമായി. 17 -ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടെത്തി. പിന്നീട് പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി തുടങ്ങി. ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയമാക്കി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
മജിസ്‌ട്രേട്ട് ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങൾ ദ്രവിച്ച് പോയതായും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും സൂചനകൾ ഉണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. ഷാരോൺ നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഛർദ്ദിച്ചിരുന്നതെന്നാണ് ജ്യേഷ്ഠൻ ഷിംനോ പറയുന്നത്. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാൾ പറഞ്ഞു. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നൽകി.
കുറച്ചു ദിവസം മുമ്പ് പതിനൊന്നുകാരനായ അശ്വിൻ, യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി നൽകിയ ജൂസ് കുടിച്ച് ഏറെ നാൾ അവശനിലയിലായ ശേഷം മരണത്തിന് കീഴടങ്ങിയിരുന്നു. അശ്വിന്റെ മരണവും ഷാരോൺ രാജിന്റെ മരണത്തിലും സമാനതകൾ ഏറെയാണെന്ന് കരുതുന്നു. അശ്വിനും ജൂസ് കഴിച്ച് അവശനിലയിലായി ഏറെ നാൾ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ജ്യൂസ് കഴിച്ച ആദ്യ ദിവസം ചെറിയ ക്ഷീണവും പിന്നീട് ആന്തരീകാവയവങ്ങളുടെ പ്രവർത്തനം നിലച്ചുമാണ് അശ്വിനും മരണത്തിന് കീഴടങ്ങിയത്. ആസിഡിന് സമാനമായ ദ്രാവകം കഴിച്ചതാണ് അശ്വിന്റെ മരണകാരണമെന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടർമാരുടെ നിഗമനം.
മറുനാടന് മലയാളി ബ്യൂറോ