തിരുവനന്തപുരം: പാറശാലയിലെ യുവാവിന്റെ ദുരൂഹമരണം കൊലപാതകമെന്ന് കുടുംബം പറയുമ്പോൾ അസ്വാഭാവികതയില്ലെന്ന നിലപാടിലാണ് പൊലീസ്. അതിനിടെ അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. പാറശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജന്റെ മകൻ ഷാരോൺ രാജ് (23) ആണ് മരിച്ചത്. ആസിഡ് നൽകി കൊലപ്പെടുത്തിയതാണെന്നും, പൊലീസ് കൊലപാതക സാദ്ധ്യത അന്വേഷിക്കുന്നില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളിൽ ചെന്നതായുള്ള സൂചനകളില്ല. കൂടുതൽ പരിശോധനയ്ക്ക് സാന്പിൾ ലാബിലേക്ക് അയച്ചു. ഇതിന്റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഷാരോണും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയിരുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് പിന്നീടേ നടക്കൂവെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനൊപ്പമാണ് അന്ധവിശ്വാസ ആരോപണം.

'അന്ധവിശ്വാസത്തിന്റെ ഒരു എലമെന്റ് ഇതിലുണ്ട്. ഇവനെ കൊണ്ടുപോയി നിർബന്ധിച്ച് താലികെട്ടിക്കുകയും കുങ്കുമം തൊടുവിപ്പിക്കുയും ചെയ്തു. എല്ലാ ദിവസവും വൈകിട്ട് കുങ്കുമം തൊട്ട് ഇവന് വാട്‌സാപ്പിൽ ഫോട്ടോ അയച്ചുകൊടുക്കുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അവളും മിലിട്ടറിക്കാരനുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. അത് ഫെബ്രുവരിയിലേക്ക് മാറ്റി. ജാതകപ്രകാരം ആദ്യ ഭർത്താവ് മരണപ്പെടും അതുകൊണ്ടാണ് അച്ഛനും അമ്മയും ഫെബ്രുവരിയിലേക്ക് കല്യാണം മാറ്റിയതെന്നാണ് ഇവന്റെയടുത്ത് പറഞ്ഞിട്ടുള്ളത്. അങ്ങനെ നോക്കുമ്പോൾ ഇവനെ കൊണ്ടുപോയി താലികെട്ടുകയും മറ്റും ചെയ്തത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്.' - ബന്ധു പറഞ്ഞു. കാമുകി നൽകിയ ജ്യൂസ് കുടിച്ചതോടെയാണ് ഷാരോൺ അവശനായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഈ മാസം പതിനാലിനാണ് ഷാരോൺ രാജ് കാമുകിയുടെ വീട്ടിലെത്തിയത്. അവിടെനിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ അവശനാകുകയായിരുന്നു. പാറശാല ആശുപത്രിയിലും മെഡിക്കൽ കോളേജിലും ദിവസങ്ങളോളം ചികിത്സയിലായിരുന്ന യുവാവ് ചൊവ്വാഴ്ചയാണ് മരിച്ചത്. മിലിട്ടറി ഉദ്യോഗസ്ഥനുമായുള്ള എൻഗേജ്മെന്റ് തന്റെ സമ്മതപ്രകാരമല്ലെന്നാണ് കാമുകി ഷാരോണിനെ വിളിച്ച് പറഞ്ഞത്. അതിനുശേഷം കുറച്ച് ദിവസം ഇവൻ അകന്നുനിൽക്കുകയായിരുന്നു. ഇവന്റെ കൈവശം ഇവർ തമ്മിലുള്ള ഫോട്ടോസും വീഡിയോസുമൊക്കെയുണ്ട്. അത് കൈക്കലാക്കാൻ ഇവൾ വീണ്ടും വാട്‌സാപ്പ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു.കഴിഞ്ഞ പതിനാലാം തീയതി രാവിലെ ഒൻപത് മണിക്ക് അവൾ വിളിച്ചു. വണ്ടി ശരിയായില്ലെന്ന് അവൻ പറഞ്ഞു.

അതിനുശേഷം വീണ്ടും വിളിച്ച്, അച്ഛനും അമ്മയും പുറത്തുപോകാൻ നിൽക്കുകയാണെന്നും വരണമെന്നും പറഞ്ഞു. അങ്ങനെ ഇവൻ കൂട്ടുകാരനൊപ്പമാണ് പോയത്. ഷാരോൺ അകത്ത് കയറി. സുഹൃത്ത് പുറത്തുനിൽക്കുകയായിരുന്നു. ഇവൻ ഛർദിച്ച്, വയറിൽ കൈവച്ചുകൊണ്ടാണ് പുറത്തേക്ക് വന്നത്. ചോദിച്ചപ്പോൾ കഷായവും ജ്യൂസും കുടിച്ച വിവരം പറഞ്ഞു. പിന്നീട് മജിസ്ട്രേറ്റിന്റെയടുത്ത് ഇവൻ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് ഇവർ തമ്മിൽ വാട്‌സാപ്പ് ചാറ്റുണ്ട്. ഞാൻ ആകെ അവശനാണെന്നും നീ എനിക്ക് തന്ന കഷായത്തിന്റെ പേര് എന്താണെന്നും ഇവൻ ചോദിച്ചപ്പോൾ, കഷായത്തിലായിരിക്കില്ല, ജ്യൂസിലായിരിക്കും സംഭവിച്ചതെന്നാണ് അവൾ മറുപടി നൽകിയത്. വായ മുഴുവൻ വിണ്ടുകീറിയതുപോലെയായി. കൊലപാതകം തന്നെയാണ്. പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും പങ്കുണ്ട്.'- യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു.

റെജിനെ വീടിന് പുറത്ത് നിർത്തിയതിന് ശേഷം ഷാരോൺ ഒറ്റയ്ക്കാണ് വീടിനുള്ളിലേക്ക് പോയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ ഛർദ്ദിച്ച് അവശനായ നിലയിലാണ് ഷാരോൺ വീടിന് പുറത്തേക്ക് വന്നത്. പെൺകുട്ടി തന്ന ജ്യൂസ് കുടിച്ച് അവശനായെന്നും, എത്രയും വേഗം വീട്ടിൽ എത്തിക്കണമെന്നുമാണ് ഷാരോൺ റെജിനോട് ആവശ്യപ്പെട്ടത്. ഉടനെ തന്നെ റെജിനെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം മാതാവ് വീട്ടിൽ എത്തിയപ്പോൾ ഛർദ്ദിച്ച് അവശനായ നിലയിലായിരുന്നു ഷാരോൺ. ഉടൻ തന്നെ പാറശാലയിലെ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.

എന്നാൽ കാര്യമായ പ്രശ്നങ്ങൾ പരിശോധനയിൽ കാണാത്തതിനാൽ വീട്ടിലേക്ക് മടക്കി വിട്ടു. അടുത്ത ദിവസം ആയപ്പോഴേക്കും വായിൽ നിറയെ വ്രണങ്ങൾ നിറയുകയും ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. പെൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചുവെന്നാണ് ഷാരോൺ ബന്ധുക്കളോട് പറഞ്ഞത്. വീണ്ടും ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടു. അടുത്ത ദിവസങ്ങളിൽ മറ്റ് ആന്തരിക അവയവങ്ങളുടേയും പ്രവർത്തനം മോശമായി. ഇതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.

വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ഉൾപ്പെടെ പങ്ക് ഉണ്ടെന്നും, കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടു.