- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനുമായി അമ്മയ്ക്കുണ്ടായിരുന്നത് അതിശക്തമായ മാനസിക അടുപ്പം; വിദേശത്ത് ജോലിക്ക് പോയാൽ സാമ്പത്തിക ഉന്നതിയുണ്ടാകുമോ എന്ന ഭയം ലഹരിക്കേസായോ? ബംഗ്ലൂരുവിലെ യുവതിയുടെ സുഹൃത്ത് ചതിയൊരുക്കിയത് എങ്ങനെ? ഷീലാ സണ്ണി കേസിൽ യഥാർത്ഥ വില്ലൻ ആര്?
തൃശൂർ: ചാലക്കുടി വ്യാജ ലഹരിക്കേസിൽ തന്നെ ചതിച്ചത് മരുമകളും അനുജത്തിയുമാണെന്ന് കേസിലെ ഇരയും ബ്യൂട്ടി പാർലർ ഉടമയുമായ ഷീലാ സണ്ണി ആരോപിച്ചതിന് പിന്നാലെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ഗൂഢാലോചന. അറസ്റ്റിലാകുന്നതിന്റെ തലേ ദിവസം ഇവർ വീട്ടിലെത്തിയിരുന്നുവെന്ന് ഷീല പറഞ്ഞു. അതിനിടെ കേസിലെ പ്രതി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഷീലാ സണ്ണിയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. മയക്കുമരുന്നു കേസിൽ പ്രതിയെന്ന് ആരോപിച്ച് പിടികൂടിയ ചാലക്കുടി സ്വദേശി ഷീല സണ്ണി 72 ദിവസമാണ് ജയിൽവാസം അനുഭവിച്ചത്.
വിരുന്നുകാരയെത്തിയവർ തന്നെ ചതിക്കുകയായിരുന്നുവെന്ന് ഷീല സണ്ണി പറഞ്ഞു. എന്റെ കൈകൊണ്ടു വച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചശേഷം എന്നെത്തന്നെ ചതിക്കുകയായിരുന്നു. മരുമകളും അനിയത്തിയും തലേദിവസം വീടിനു പിറകിൽ ഏറെനേരം സംസാരിച്ചിരുന്നു. ഇതു ഗൂഢാലോചനയായിരുന്നുവെന്നു മനസ്സിലായത് ഇപ്പോഴാണെന്നും ഷീലാ സണ്ണി ആരോപിച്ചിരുന്നു. ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയ്ക്കെതിരെയാണ് ആരോപണം. അതുകൊണ്ട് തന്നെ കരുതലോടെ അന്വേഷണം പൊലീസും എക്സൈസും നടത്തും.
മകനുമായി മാനസികമായി വലിയ അടുപ്പത്തിലായിരുന്നു ഷീലാ സണ്ണി. ആ അടുപ്പത്തെ മരുമകൾക്ക് അത്ര അംഗീകരിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും കുടുംബത്തിൽ നിലനിന്നിരുന്നു. ഇതിനിടെ ഷീലാ സണ്ണി വിദേശത്തേക്ക് ജോലിക്ക് പോകാൻ പദ്ധതിയിട്ടു. ഇതിനുള്ള സാമ്പത്തിക സഹായത്തിനും മറ്റും അടുത്ത ബന്ധുക്കളെ സമീപിച്ചു. സാമ്പത്തികപരമായി ഷീലാ സണ്ണിയുടെ കുടുംബത്തേക്കാൾ മുമ്പിലായിരുന്നു ഈ കുടുംബം. ഷീലാ സണ്ണി വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ആ സാമ്പത്തിക അന്തരത്തിൽ മാറ്റം വരും. ഇത് ചിലർക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ഇതിന്റെ പ്രതിഫലനമായിരുന്നു ലഹിക്കേസ് എന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഷീലാ സണ്ണിയുടെ ബന്ധുവിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചിരുന്നു. എന്നാൽ അവർ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ കേസിൽ ഈ വ്യക്തി പ്രതിയല്ലെന്ന് കോടതിയെ പൊലീസ് അറിയിച്ചു. ഇതോടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. കേസിന്റെ വസ്തുതകളിലേക്ക് കോടതി കടന്നില്ലെന്നതാണ് വസ്തുത. ഇപ്പോൾ നാരായണദാസും കോടതിയെ സമീപിക്കുന്നു. ഈ കേസിൽ ഇയാൾ പ്രതിയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ കോടതിയിൽ നടക്കുന്ന വാദങ്ങൾ ഈ കേസിൽ ഇനി നിർണ്ണായകമാകും. നാരായണദാസിന് അനുകൂലമായി വിധി വന്നാൽ അത് അട്ടിമറിക്കേസിനെ ബാധിക്കും.
സത്യം കണ്ടെത്താൻ പോരാട്ടം തുടരും
കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോപണങ്ങൾ ഷീലാ സണ്ണി മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. തന്റെ മുറിയിലാണ് മരുമകളും അനിയത്തിയും കിടന്നിരുന്നതെന്നും അവർ വെളിപ്പെടുത്തി. ഞാൻ അറസ്റ്റിലാകുന്നതിന്റെ തലേദിവസം ഇരുവരും എന്റെ സ്കൂട്ടർ ഉപയോഗിച്ചിരുന്നു. യഥാർത്ഥ പ്രതിയെ കണ്ടെത്തിയ എക്സൈസ് നടപടിയെ സ്വാഗതം ചെയ്ത അവർ എന്തിനുവേണ്ടിയാണ് തന്നെ വ്യാജ കേസിൽ കുടുക്കിയതെന്നുകൂടി അറിയേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.
ഷീലാ സണ്ണിയുടെ മരുമകളുടെ അനുജത്തി ലിവിയയുടെ സുഹൃത്തായ നാരായണദാസാണ് വ്യാജ ലഹരിക്കേസിലെ പ്രതി. ഇയാളെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ടി.എം മജു കേസിൽ നാരായണദാസിനെ പ്രതിചേർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, തന്നെ എക്സൈസ് വ്യാജമായി പ്രതിചേർത്തിരിക്കുകയാണെന്നും കുറ്റകൃത്യത്തിൽ തനിക്കു പങ്കില്ലെന്നും വാദിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സംഭവം നടന്ന് ഒരുവർഷമാകുകയാണ്. ഷീലയുടെ ബാഗിൽ മയക്കുമരുന്നുണ്ടെന്ന് പൊലീസിന് സന്ദേശം അയച്ച വ്യക്തിയെ കേസിൽ പ്രതി ചേർത്തെന്ന വാർത്ത വരുമ്പോഴും തന്നോട് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് ഇപ്പോഴും അറിയില്ലെന്ന് പറയുകയാണ് അവർ. തൃപ്പൂണിത്തുറ ഏരൂർ സ്വദേശി 52-കാരനായ നാരായണ ദാസാണ് പൊലീസിന് സന്ദേശം അയച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയുടെ അനുജത്തി ലിവിയയുടെ സുഹൃത്താണ് ഇയാൾ. നാരായണ ദാസിന് ബെംഗളൂരുവിൽ ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിവരം. യുവതിയും ബെംഗളൂരുവിലാണ് താമസം.
കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽത്തന്നെ ഷീല സണ്ണിയും കുടുംബവും ലിവിയക്കെതിരേ സംശയം ഉന്നയിച്ചിരുന്നു. യുവതിയെ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ആവർത്തിക്കുകയാണുണ്ടായത്. എന്നാൽ, യുവതിയുടെ തൃപ്പൂണിത്തുറയിലെ സ്വകാര്യബാങ്കിലെ നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് നിർണായക വഴിത്തിരിവ് ഉണ്ടായത്.
ഷീലാ സണ്ണി പറയുന്നത് ഇങ്ങനെ
ഗൾഫിലേക്ക് പോവാനായി എല്ലാം ശരിയായി നിൽക്കുകയായിരുന്നു ഷീലാ സണ്ണി. അറസ്റ്റിന്റെ അന്ന് എല്ലാം ശരിയായി ഇനിയൊരു അഭിമുഖം മാത്രമേയുള്ളു എന്ന് അറിയിച്ചതാണ്. ഗൾഫിൽ പോവുന്നത് അസൂയ കാരണം മുടക്കിയതാണോയെന്നും അറിയില്ല. കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്താൽ കുടുംബം രക്ഷപ്പെടും. ബാക്കി കാലം സന്തോഷത്തോടെ ഇവിടെ ജീവിക്കാമെന്നായിരുന്നു സ്വപ്നം കണ്ടത്.
ചീട്ടുകൊട്ടാരം തകർന്നു വീഴുന്നത് പോലെ എല്ലാം പോയി. ഇപ്പോൾ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. മരുമകളുടെ അനുജത്തി ലിവിയ ഈ സംഭവം നടക്കുന്നതിന് തലേദിവസം വീട്ടിൽ വന്നിരുന്നു. മുമ്പൊക്കെ വരുമ്പോഴുള്ള പോലെ ചിരിച്ചും കളിച്ചും സന്തോഷിച്ചുമാണ് അന്നും ഉണ്ടായിരുന്നത്. ഇപ്പോൾ പൊലീസ് പ്രതി ചേർത്തിരിക്കുന്ന നാരായണദാസും ലിവിയയും ബെംഗളൂരുവിൽ ഒരുമിച്ചാണ് താമസമെന്നാണ് ഇപ്പോൾ അറിയുന്നത്. ലിവിയക്കും ഇയാൾക്കും എന്നോട് ദേഷ്യമോ വൈരാഗ്യമോ തോന്നേണ്ട കാര്യമൊന്നുമില്ല. മരുമകളും കുടുംബവും അറിഞ്ഞ് തന്നെയാകണം എന്നെ കുടുക്കാനുള്ള ശ്രമം നടത്തിയതെന്നാണ് കരുതുന്നതെന്നും ഷീലാ സണ്ണി ആരോപിച്ചിട്ടുണ്ട്.
എക്സൈസ് സംഘം പിടിക്കുമ്പോൾ പാർലറിലേക്ക് വന്ന മകൻ പിന്നീട് ജയിലിലേക്ക് കാണാനോ മറ്റൊന്നിനും വരാതെയായി. അന്ന് ആദ്യം ലിവിയയെ സംശയം പറഞ്ഞത് മകനായിരുന്നു. മകൻ അകന്നതോടെ മരുമകളുടേയും അനുജത്തിയുടേയും പങ്കിനെപ്പറ്റി സംശയം കൂടുകയായിരുന്നു. എല്ലാവരും സംശയദൃഷ്ടിയോടെ നോക്കി നിന്നപ്പോഴും കൂടെ നിന്നത് എന്റെ കുടുംബമാണ്. ഭർത്താവും മകളും മരുമകനും ഒരുപോലെ ഒപ്പം നിന്നു. വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും അവർ എന്നോട് പറഞ്ഞില്ല. എപ്പോഴെല്ലാം കാണാൻ അനുവാദം കിട്ടുമോ അപ്പോഴെല്ലാം എന്റെ ഭർത്താവ് എന്നെ കാണാൻ ഓടിയെത്തിയിരുന്നു. അവരാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്നും ഷീലാ സണ്ണി പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.