- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയത് മകന്‍? കൊടും ക്രിമിനലായ നാരായണദാസിന്റെ സഹായിയാണ് ഷീലാ സണ്ണിയുടെ മകന്‍ എന്നതിന് തെളിവായി സിസിടിവി ദൃശ്യം; മൊഴി കൊടുക്കാതെ സംഗീത് സണ്ണി ഒളിവില്‍ പോയത് അകത്താകുമോ എന്ന ഭയത്തില്‍; ചാലക്കുടിയിലെ 'വ്യാജ ലഹരിയില്‍' മരുമകള്‍ പ്രതിയാകാത്തത് എന്ത്?
തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണി ജയിലില്‍ കഴിയാന്‍ ഇടയാക്കിയ വ്യാജലഹരിക്കേസിലെ പോലീസ് അന്വേഷണം എല്ലാ അര്‍ത്ഥത്തിലും അട്ടിമറിക്കപ്പെടുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് ഇതെന്ന ആരോപണം ശക്തമാണ്. മുഖ്യപ്രതി നാരായണദാസിനെ കണ്ടെത്താനായില്ല. ഷീലാ സണ്ണിയുടെ മകന്‍ സംഗീത് സണ്ണിയും മൊഴി നല്‍കിയില്ല. ഇയാളും ഒളിവിലാണ്. അമ്മയെ മകനും മകന്റെ ഭാര്യ വീട്ടുകാരും കുടുക്കിയതാണെന്ന് ഇതോടെ വ്യക്തമായി. സംഗീത് മുഖ്യപ്രതി നാരായണദാസിന്റെ സഹായിയായി കൂടെയുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് അപ്പുറത്തേക്ക് കേസില്‍ വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ല. രണ്ടു പേരും ഒരു സ്ഥലത്ത് ഒളിവിലാണ്. സംഭവത്തില്‍ സംഗീതിന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്നാണ് സൂചന. എന്നാല്‍ ഇവരെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഷീല അറസ്റ്റിലായതിന് പിന്നാലെ വീട്ടില്‍നിന്നു പോയ സംഗീതിനും ഭാര്യയ്ക്കും പിന്നീടു കുടുംബവുമായി അടുപ്പമൊന്നുമില്ല. ഇതിനിടെ കേസിന്റെ ഒത്തുതീര്‍പ്പിന് ശ്രമിച്ച് ഒരുതവണ സംഗീത് ഷീലയെ വിളിച്ചിരുന്നു.
ഷീലാ സണ്ണിയുടെ മകനെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടും ഹാജരാകാതെ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. നാരായണദാസിന് വേണ്ടി പോലീസ് കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ താമസസ്ഥലത്ത് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. 2022-ല്‍ തയ്യാറാക്കിയ വ്യാജപാസ്‌പോര്‍ട്ട് മാത്രമാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നാരായണദാസിനെ കേസില്‍ പ്രതിചേര്‍ത്ത് എക്‌സൈസ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. സംഗീത് സണ്ണിയെ കണ്ടെത്തേണ്ടതും അനിവാര്യതയാണ്. ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് രണ്ടാമത് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാലടി മറ്റൂരിലെ വീട്ടിലുള്ള ഭാര്യയ്ക്കാണ് നോട്ടീസ് കൈമാറിയത്. ജനുവരി പകുതിയോടെ നായരങ്ങാടിയിലെ സ്വന്തം വീട്ടില്‍നിന്ന് സംഗീതും ഭാര്യയും തൃപ്പൂണിത്തുറയിലേക്ക് മാറിയിരുന്നു. സംഗീത് സണ്ണിയുടെ ഭാര്യയ്ക്ക് കേസില്‍ പങ്കുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഭാര്യയെ പോലീസ് വേണ്ട രീതിയില്‍ ചോദ്യം ചെയ്യുക പോലും ചെയ്തില്ലെന്ന വാദം ശക്തമാണ്. അടിമുടി ദുരൂഹതയുള്ള കേസായി ഇത് മാറുകയാണ്.
ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവിയയുടെ സുഹൃത്താണ് നാരായണ ദാസ്. ലിവിയയുടെ പകയാണ് ഷീലാ സണ്ണിയെ കുടുക്കിയത്. എന്നിട്ടും ലിവിയയെ പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നില്ല. ബെംഗളൂരുവിലാണ് ലിവിയ താമസിച്ചിരുന്നത്്. നാരായണ ദാസിനും ബെംഗളൂരുവില്‍ ബിസിനസ് ബന്ധങ്ങളുണ്ട്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഷീല സണ്ണിയും കുടുംബവും ലിവിയക്കെതിരേ സംശയം ഉന്നയിച്ചിരുന്നു. യുവതിയെ നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍, യുവതിയുടെ തൃപ്പൂണിത്തുറയിലെ സ്വകാര്യബാങ്കിലെ നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ് ഉണ്ടായത്. ഇതോടെ ലിവിയ മുങ്ങി. ലിവിയയ്ക്ക് അധോലോക ബന്ധമുണ്ടെന്ന സൂചനകളും പോലീസിന് കിട്ടിയിട്ടുണ്ട്.
തൃപ്പൂണിത്തുറയിലെ എരൂരിലെ നാരായണദാസിന്റെ വീട്ടില്‍ ഫെബ്രുവരി ആദ്യം എക്‌സൈസ് ക്രൈം ബ്രാഞ്ച് നടത്തിയ റെയ്ഡില്‍ നിര്‍ണ്ണായക തെളിവ് ലഭിച്ചിരുന്നു. വീട്ടില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് സംഗീത് നാരായണദാസുമായി കാറില്‍ പുറത്തുവന്ന ദൃശ്യം കിട്ടിയത്. നേരത്തേ മുംബൈയിലും ഗള്‍ഫിലും ജോലിചെയ്ത സംഗീത് രാജ്യം വിട്ടിട്ടില്ലെന്നാണു സൂചന. നിലവില്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ യാത്ര മുന്‍കൂറായി തടയാന്‍ പോലീസിന് കഴിയില്ല. സംഗീതിന്റെ മാറിനില്‍ക്കല്‍ കേസിനെ കൂടുതല്‍ ദുരൂഹതയുള്ളതാക്കുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരില്‍ ചിലരും സംശയ നിഴലിലാണ്. അവരെ രക്ഷിക്കാനാണ് പ്രധാന പ്രതികളെ അടക്കം പിടിക്കാതെ വെറുതെ വിട്ടതെന്ന സംശയം സജീവമാണ്.
നാരായണദാസ് നിരവധി കേസുകളിലെ പ്രതിയാണ്. 28 ലക്ഷം രൂപയുടെ വഞ്ചന കേസില്‍ ജാമ്യത്തിലാണ്. നാരായണദാസിന്റെ വീട് തൃപ്പൂണിത്തുറ എരൂര്‍ ദര്‍ശനം റോഡിലാണ്. ഇയാള്‍ക്ക് 54 വയസുണ്ട്.എറണാകുളം വഴക്കാല സ്വദേശി അസ്ലമിനെ കബളിപ്പിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 2022 ഡിസംബര്‍ 22 ന് ഇയാള്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു. 2021 ല്‍ നടന്ന സംഭവത്തില്‍ മൂന്നു പ്രതികളാണ് ഉള്ളത്. നാരായണ ദാസ് കേസില്‍ മൂന്നാം പ്രതിയാണ്.തൃപ്പൂണിത്തുറ സ്വദേശി വിനോദ് കൃഷ്ണ, കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സായി കൃഷ്ണ എന്നിവരാണ് ഈ കേസിലെ മറ്റു പ്രതികള്‍. നാരായണ ദാസിനെതിരെ വേറെയും കേസുകള്‍ നിലവിലുണ്ട്. ആഡംബര കാര്‍ വാങ്ങാനെത്തിയ തൃപ്പുണിത്തുറ സ്വദേശി ബിസിനസുകാരനെ കര്‍ണാടക പൊലീസ് ആയി ചമഞ്ഞ് നാരായണ ദാസും സംഘവും രണ്ട് കോടി രൂപ ഭീഷണിപ്പെടുത്തി തട്ടാന്‍ ശ്രമിച്ചിരുന്നു.
ഈ കേസില്‍ നാരായണ ദാസിനെ 2015 ലാണ് തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് ഇയാളുടെ സംഘത്തില്‍ സായ് ശങ്കര്‍ ഉണ്ടായിരുന്നു. എരൂരിലെ ശ്രീദുര്‍ഗ, പെരുമ്പാവൂര്‍കാരി മയുഖി, മണ്ണാര്‍ക്കാട് സ്വദേശി ഷമീര്‍, വൈറ്റില സ്വദേശി ദിബിന്‍ എന്നിവരായിരുന്നു അന്ന് ഇയാള്‍ക്കൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറയിലെ കരിങ്കല്‍ വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. അന്നും പോലീസ് വേഷത്തിലെത്തിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമമെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും നാരായണ ദാസും കൂട്ടാളികളാണ്. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമെല്ലാം മറച്ചു വച്ച് കേസിനെ ദുര്‍ബ്ബലമാക്കാന്‍ എക്സൈസിലെ ചിലര്‍ ശ്രമിച്ചിരുന്നു.