ചാലക്കുടി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒന്നാം പ്രതി നാരായണദാസ് പിടിയില്‍. ബംഗളൂരുവില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഗൂഢാലോചനക്കാരന്‍ നാരായണ ദാസാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനായിരുന്നു നിര്‍ദേശം. പൊലീസിന്റെ നേത്യത്വത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. എന്തിനായിരുന്നു ഈ കടുംകൈ ചെയ്തതെനന് തനിക്ക് അറിയണമെന്നും ഷീല പറയുന്നത്. ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നല്‍കിയത് നാരായണ ദാസ് ആയിരുന്നു. കേസില്‍ ഒന്നാംപ്രതിയാണ് നാരായണദാസ്. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 7 നാണ് കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ഏറ്റെടുത്തത്. മുന്‍കൂര്‍ ജാമ്യം തേടി നാരായണദാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. 2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്‌സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ വ്യാജ എല്‍ എസ് ഡി സ്റ്റാമ്പുകള്‍ എന്ന് ബോധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. കേസില്‍ എക്സൈസിന് വലിയ വീഴ്ചയുണ്ടായെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷീലാ സണ്ണി കോടതിയെ സമീപിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് അറസ്റ്റിലായ നാരായണ ദാസ്. വ്യാജ ലഹരി സ്റ്റാമ്പുകള്‍ ഷീലയുടെ മരുമകളുടെ സഹോദരിക്ക് നല്‍കിയത് നാരായണന്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നാളെ തൃശൂരില്‍ എത്തിക്കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഈ കേസിന്റെ ചുരുളഴിയുകയുള്ളൂ.