ചാലക്കുടി: ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്ന ഷീലാ സണ്ണിയെ വ്യാജമയക്കുമരുന്നുകേസില്‍ കുടുക്കിയ സംഭവത്തിലെ ഗൂഡാലോചന പുറത്ത്. കേസിലെ പ്രധാന പ്രതി കര്‍ണാടകയില്‍ പ്രത്യേകാന്വേഷണസംഘത്തിന്റെ പിടിയിലായതോടെയാണ് സംഭവം തെളിഞ്ഞത്. തൃപ്പൂണിത്തുറ സ്വദേശി എം.എന്‍. നാരായണദാസി (55)നെയാണ് പിടികൂടിയത്. ഷീലയെ കുടുക്കാന്‍ മകന്റെ ഭാര്യയുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. ഷീലാ സണ്ണിക്ക് മരുമകളുമായുണ്ടായ അഭിപ്രായവ്യത്യാസമാണ് വ്യാജ ലഹരിക്കേസിന്റെ അടിസ്ഥാനം.

ബെംഗളൂരുവില്‍നിന്ന് 20 മീറ്റര്‍ അകലെയുള്ള സ്ഥലത്തുനിന്നാണ് പിടികൂടിയതെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വി.കെ. രാജു പറഞ്ഞു. പ്രത്യേകാന്വേഷണ സംഘത്തിലെ മൂന്നുപേരാണ് നാരായണദാസിനെ തിരക്കി ബെംഗളൂരുവിലേക്ക് പോയിരുന്നത്. പ്രതിയെ ഇവിടെ കൊണ്ടുവന്നശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിശദ ചോദ്യം ചെയ്യലുമുണ്ടാകും. ഇതിലൂടെയാണ് യഥാര്‍ത്ഥ വസതുത കണ്ടെത്തുക. പ്രഥാമികമായി ഇയാള്‍ കുറ്റം സമ്മതിച്ചു.

ഷീലാ സണ്ണിയുടെ മരുമകളും അവരുടെ സഹോദരിയും കേസില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്. അതിനിടെ നാരായണദാസിനെ നേരത്തേ അറിയില്ലെന്ന് ഷീലാ സണ്ണി. സുപ്രീംകോടതിവരെയെത്തിയ കേസില്‍ ഇപ്പോള്‍ പ്രധാന വഴിത്തിരവുണ്ടായതില്‍ സന്തോഷമുണ്ടെന്ന് വെസ്റ്റ്കൊരട്ടിയില്‍ ബന്ധുവിന്റെ വീട്ടിലുള്ള ഷീല പറഞ്ഞു. ആദ്യം സെയ്ന്റ് ജെയിംസ് ആശുപത്രിക്കു സമീപം താമസിച്ചിരുന്ന ഷീല ഇപ്പോള്‍ പടിഞ്ഞാറേ ചാലക്കുടിയിലാണ് താമസിക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ നിര്‍ത്തി. തുടര്‍ന്ന് ചെന്നൈയില്‍ ഡേകെയറില്‍ ജോലിചെയ്യുകയായിരുന്നു.

കേസ് ആദ്യമന്വേഷിച്ച എക്‌സൈസ് നാരായണദാസിനെ പ്രതിചേര്‍ത്തതു മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. നേരത്തേ എക്‌സൈസ് അന്വേഷിച്ച കേസ് മാര്‍ച്ച് ആറിനാണ് പോലീസിന് കൈമാറിയത്. 2023 മാര്‍ച്ച് 27-നാണ് ഷീലാ സണ്ണിയുടെ സ്‌കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്പെന്നു കരുതി 0.160 വ്യാജ ലഹരിമരുന്ന് പിടികൂടിയത്. അന്വേഷണത്തിനൊടുവില്‍ 72 ദിവസം ഷീലാ സണ്ണിക്ക് ജയില്‍വാസമനുഭവിക്കേണ്ടിവന്നു.

തൊണ്ടിമുതല്‍ രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മയക്കുമരുന്നല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയും ഷീല ജയില്‍മോചിതയാകുകയും ചെയ്തു. നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നാരായണ ദാസ് നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

നാരായണദാസ് നല്‍കിയ രഹസ്യവിവരം അനുസരിച്ചാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നാരായണദാസിനെതിരെ കേസെടുക്കുകയായിരുന്നു. കള്ളക്കേസുണ്ടാക്കാനായി ലഹരിമരുന്ന് നാരായണദാസ് ശേഖരിച്ചതാണെങ്കില്‍ ഷീലയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഇയാള്‍ക്കും ബാധകമാകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജ ആരോപണങ്ങള്‍ വിഷലിപ്തമാണെന്നും തെറ്റായ പരാതികളില്‍ തകരുന്നത് ഇരകളാകുന്നവരുടെ ജീവിതമാണെന്നും അത്തരം പരാതികള്‍ ഉന്നയിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.