- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പൊലീസ് സ്വാധീനത്തിന് വഴങ്ങിയാണ് പ്രതികളെ പിടികൂടാത്തത്
തിരുവനന്തപുരം: തിരുവല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് ഷെഹ്ന ആത്മഹത്യ ചെയ്ത കേസിൽ പൊലീസിനെതിരെ കുടുംബം രംഗത്തെത്തി. സ്വാധീനത്തിന് വഴങ്ങിയാണ് പ്രതികളെ പിടികൂടാത്തതെന്ന് ഷെഹ്നയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഭർത്താവ് നൗഫലും ഭർതൃമാതാവ് സുനിതയും ആത്മഹത്യാ പ്രേരണാക്കേസിൽ പ്രതിയായിട്ട് 8 ദിവസം കഴിഞ്ഞെങ്കിലും പിടികൂടിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.
വൈകുന്നേരത്തിനുള്ളിൽ പ്രതികളെ പിടിച്ചില്ലങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങുമെന്നും മാതാപിതാക്കൾ പറഞ്ഞു. ഈ പീഡനങ്ങൾക്കെല്ലാം ഒടുവിലാണ് 23 കാരിയും രണ്ട് വയസുകാരന്റെ അമ്മയുമായ ഷെഹ്ന ഒരു മുഴം കയറിൽ ജീവനൊടുക്കിയത്. ഭർതൃവീട്ടിൽ അനുഭവിച്ച ദുരവസ്ഥക്ക് തെളിവായി മുറിപ്പാടുകൾ ഷെഹ്നയുടെ ദേഹത്തുണ്ട്. കടയ്ക്കൽ സ്റ്റേഷനിലെ സി.പി.ഒ നവാസ് അന്വേഷണ വിവരം ചോർത്തി നൽകിയാണ് പ്രതികൾ സംസ്ഥാനത്തിന് പുറത്തേക്ക് ഒളിവിൽ പോയത്. നവാസിനെതിരെ നടപടിക്കും അസി. കമ്മീഷണർ ശുപാർശ ചെയ്തിരുന്നു.
ഡിസംബർ 26ന് രാത്രിയാണ് ഷെഹ്നയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഗാർഹിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
സംഭവദിവസം രാത്രി തന്നെ ഭർത്താവ് നൗഫലും നൗഫലിന്റെയും അമ്മയും കാട്ടാക്കടയിലെ വീട്ടിൽ നിന്ന് ഒളിവിൽ പോയിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ ഇവർ കടയ്ക്കലുള്ള ഒരു ബന്ധുവീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ഉടൻ തന്നെ പിടികൂടണമെന്ന് കടയ്ക്കൽ പൊലീസിനോട് തിരുവല്ലം പൊലീസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇവരെ പിടികൂടാനായി കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങി.
അതിനിടെ കടയ്ക്കൽ സ്റ്റേഷനിലെ റൈറ്റർ കൂടിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ നവാസ് ഈ വിവരം പ്രതികൾക്ക് ചോർത്തി നൽകിയത് മൂലമാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് ഫോർട്ട് അസി. കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ അവിടെ നിന്ന് മുങ്ങാൻ പ്രതികൾക്ക് നവാസ് നിർദ്ദേശം നൽകിയതായുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
പൊലീസ് അവിടെ എത്തുമ്പോഴേക്കും പ്രതികൾ കടയ്ക്കലുള്ള വീട്ടിൽ നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രതികൾ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് പിടികൂടുന്നതിൽ നിന്ന് പ്രതികളെ രക്ഷിക്കുകയും കേരളം വിടാൻ സഹായിക്കുകയും ചെയ്തത് നവാസ് ആണ് എന്നാണ് ഫോർട്ട് അസി. കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.
ഷഹ്നയുടെ മരണത്തിന്റെ കണ്ണീരുണങ്ങും മുൻപ് അമ്മയില്ലാതായ കുഞ്ഞിനേയുംകൊണ്ട് സമരത്തിനിറങ്ങേണ്ട ഗതികേടിലാണ് കുടുംബം. പ്രതികൾക്കായി തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ അന്വേഷണം തുടരുന്നൂവെന്നാണ് പൊലീസിന്റെ വിശദീകരണം.