- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ രണ്ട് പേർ അറസ്റ്റിൽ; ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം പ്രദേശവാസികൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തു; നിർണ്ണായകമായത് സിസിടിവി പരിശോധന; ഷാജഹാനും ഷരീഫും കുടുങ്ങുമ്പോൾ
മലപ്പുറം: നിലമ്പൂർ ഗവൺമെന്റ് മാനവേദൻ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം ചാലിയാർ പുഴയുടെ കൈവഴിയായ ചെറുവത്തുംകുന്ന തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ.
എടവണ്ണ പന്നിപ്പാറ സ്വദേശി പുത്തൻപള്ളിയാളി ഷരീഫ് (25), ടാങ്കർ ലോറി ഡ്രൈവർ മഞ്ചേരി രാമൻകുളം സ്വദേശി പൂളക്കുന്നൻ ഷാജഹാൻ (28) എന്നിവരെയാണ് സി ഐ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26 ന് പുലർച്ചെ 4.00 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറിയിൽ എത്തിച്ച കക്കൂസ് മാലിന്യം പ്രദേശവാസികൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന തോട്ടിലേക്ക് മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുകയായിരുന്നു.
തൊട്ടടുത്ത മാനവേദൻ ഹയർ സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികൾ നടന്നു പോകുന്ന വഴി കൂടിയാണ് ഇത്. ദുർഗന്ധം കാരണം കുട്ടികൾക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. തുടർന്ന് നഗരസഭ കൗൺസിലർ റഹ്‌മത്തുള്ളയുടെ പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിൽ എടുത്തത്.
കാറിൽ വന്ന് പരിസരം നിരീക്ഷിച്ചതിനു ശേഷം ആളുകളുടെ സാന്നിദ്ധ്യം ഇല്ലെങ്കിൽ പുറകെ വരുന്ന ടാങ്കർ ലോറിയിൽ നിന്ന് മാലിന്യം തട്ടുകയാണ് ചെയ്യുന്നത്. ടാങ്കർ ലോറിക്കും കാറിനുമെതിരെ നിയമ നടപടി സ്വീകരിക്കും. പ്രതിക്ക് കഴിഞ്ഞ വർഷം മുക്കം പൊലീസ് സ്റ്റേഷനിലും കേസ്സുണ്ട് . എസ് ഐ തോമസ് കുട്ടി ജോസഫ്, ഡാൻസാഫ് അംഗങ്ങളായ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ് . ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്