കാഞ്ഞിരപ്പള്ളി: ഒരു മതിലിനപ്പുറമുള്ള അയല്‍ക്കാര്‍ക്കുപോലും ആരെന്ന് നിശ്ചയമില്ലാത്ത രണ്ടുപേര്‍. ഒരേ വീട്ടില്‍ താമസം, പക്ഷേ പുറംലോകത്തിന് നല്‍കിയത് പല പല കഥകള്‍. കൂവപ്പള്ളി കുളപ്പുറത്തെ ആഡംബര വീടിനുള്ളില്‍ ഷെര്‍ലിയും ജോബും മരിച്ചുകിടന്ന സംഭവത്തില്‍ അന്വേഷണം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നീളുകയാണ്. ഷെര്‍ലിയെ കൊലപ്പെടുത്തിയ ശേഷം ജോബ് സ്വയം ജീവനൊടുക്കിയതാണ് എന്നാണ് നിഗമനം.

എട്ടു മാസം മുന്‍പാണ് ഷെര്‍ലി കുളപ്പുറത്ത് സ്ഥലം വാങ്ങി വലിയ വീട് പണിതത്. എന്നാല്‍ ഈ വീട്ടിലെ താമസക്കാരെപ്പറ്റി അയല്‍വാസികള്‍ക്ക് ഒരു അറിവുമില്ലായിരുന്നു. ഓരോരുത്തരോടും ഓരോ കഥകളാണ് ഇവര്‍ പറഞ്ഞിരുന്നത്. ചിലരോട് ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞു, മറ്റുചിലരോട് ഭര്‍ത്താവ് ഉണ്ടെന്ന് പറഞ്ഞു. മക്കള്‍ വിദേശത്താണെന്നും ഒരു മകള്‍ മരിച്ചുപോയെന്നും കഥകള്‍ പ്രചരിപ്പിച്ചു. കൂടെയുണ്ടായിരുന്ന ജോബിനെ 'സഹോദരന്‍' എന്നാണ് അയല്‍ക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. ജോബ് കോട്ടയത്ത് ട്യൂഷന്‍ സെന്റര്‍ നടത്തുകയാണെന്നും വിശ്വസിപ്പിച്ചു. വീട് നിര്‍മ്മാണ സമയത്ത് ഷെര്‍ലിക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഭര്‍ത്താവാണെന്ന് ചിലര്‍ കരുതിയിരുന്നു.ജോബുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഷെര്‍ലി പണം നല്‍കാനുണ്ടെന്ന് ജോബും, ജോബ് തനിക്ക് പണം നല്‍കാനുണ്ടെന്ന് ഷെര്‍ലിയും പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ ഇവരുടെ ബന്ധം വഷളായി. തര്‍ക്കം മുറുകിയതോടെ കഴിഞ്ഞ ഒരു മാസമായി ജോബ് ഈ വീട്ടിലേക്ക് വരാറില്ലായിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഷെര്‍ലി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഷെര്‍ലിയുടെ മുന്‍ ബന്ധത്തിലെ മകനും ജോബും ചേര്‍ന്ന് ഇവരെ കൊച്ചിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നതായും വിവരമുണ്ട്. ഈ ചികിത്സയും തര്‍ക്കങ്ങളും മരണത്തിന് കാരണമായോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നു.

ഷെര്‍ലിയുടെ ശരീരത്തിലെ പരിക്കുകളും വീടിനുള്ളിലെ സാഹചര്യങ്ങളും കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സാമ്പത്തിക തര്‍ക്കമോ കുടുംബ പ്രശ്‌നങ്ങളോ മൂലം ജോബ് ഷെര്‍ലിയെ വകവരുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണ് എന്നാണ് പ്രാഥമിക നിഗമനം. അയല്‍ക്കാരുമായി ബന്ധമില്ലാത്തതും വീടിനുള്ളിലെ രഹസ്യാത്മകതയും അന്വേഷണത്തിന് വെല്ലുവിളിയാണ്. എന്നാല്‍ മറ്റ് ദുരൂഹതകളൊന്നും കിട്ടിയിട്ടില്ല.

കുളപ്പുറത്തെ ആ വലിയ വീടിന്റെ മൗനത്തില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഫോറന്‍സിക് വിദഗ്ധരും പോലീസും ഊര്‍ജ്ജിത ശ്രമത്തിലാണ്. ഷെര്‍ലിയുടെയും ജോബിന്റെയും ഫോണ്‍ രേഖകള്‍ പരിശോധിക്കും. കൊലപാതക കാരണത്തില്‍ ഇതിലൂടെ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്.