കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഷിബില പോലീസില്‍ പരാതി നല്‍കിയിരുന്നതായി വിവരം. പ്രതി യാസിര്‍ ഭീഷണിപ്പെടുത്തുന്നതും ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരുന്നതെന്നാണ് വിവരം. പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

പരാതി നല്‍കിയിട്ട് ഒരുതവണയെങ്കിലും പൊലീസ് വന്ന് അന്വേഷിച്ചിരുന്നുവെങ്കില്‍ ഷിബില കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് ഷിബിലയുടെ സഹോദരി പറഞ്ഞത്. പരാതിയില്‍ ഒരു തവണ സ്റ്റേഷനിലേക്ക് വിളിപ്പിക്കുക മാത്രമാണ് ചെയ്തത്. വസ്ത്രങ്ങള്‍ കത്തിച്ച വിവരം അറിയിച്ചപ്പോള്‍ 'അവന്‍ വാങ്ങി തന്ന വസ്ത്രം അവന്‍ തന്നെ കത്തിച്ചതിന് ഞങ്ങള്‍ എന്ത് ചെയ്യാനാ ' എന്നായിരുന്നു ഒരു പൊലീസുകാരന്റെ മറുപടി. പ്രതി യാസിറും ഉമ്മയെ കൊന്ന കേസിലെ പ്രതി ആശിഖും തമ്മിലുള്ള ബന്ധവും പൊലീസിനെ അറിയിച്ചു. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും പൊലീസിനോട് ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും കുടുംബം പറയുന്നു.

ഷിബിലയെ കൊലപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കുമെന്നും ബന്ധുവായ അബ്ദുല്‍ മജീദ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് താമരശ്ശേരി മേഖലയെ നടുക്കി വീണ്ടും ലഹരിക്കൊല അരങ്ങേറിയത്. ഭര്‍ത്താവിന്റെ അക്രമത്തില്‍ മനംനൊന്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു 23 വയസുകാരി ഷിബിലയെ ഭര്‍ത്താവായ യാസിര്‍ വീട്ടിലെത്തി കുത്തുകയായിരുന്നു. ഭാര്യാ പിതാവ് അബ്ദുറഹ്‌മാനും ഭാര്യ മാതാവ് ഹസീനക്കും കുത്തേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് എത്തുംമുമ്പെ തന്നെ ഷിബില മരിച്ചു.

അക്രമത്തിന് ശേഷം കാറില്‍ രക്ഷപെട്ട യാസിര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തു വെച്ച് പൊലീസ് പിടിയിലായി. നാലു വര്‍ഷം മുമ്പ് പ്രണയ വിവാഹത്തിലൂടെയാണ് യാസിറും ഷിബിലയും ഒരുമിക്കുന്നത് . എന്നാല്‍ ആദ്യ മാസങ്ങള്‍ക്ക് ശേഷം യാസിറിന്റെ സ്വഭാവം മാറി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസര്‍ മര്‍ദിക്കുകയും ഷിബിലയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് പണം ധൂര്‍ത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് യാസിറിനെ ഉപേക്ഷിച്ച് മകളുമായി ഷിബില വീട്ടിലെത്തുകയായിരുന്നു.


തന്റെയും മകളുടെയും വസ്ത്രം ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില നേരത്തെ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസര്‍ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കി വെക്കുകയും ചെയ്തിരുന്നു.

ലൈംഗികത വൈകൃതത്തിന് ഇരയാക്കി

ലഹരിക്കടിമയായിരുന്ന യാസിര്‍ പലപ്പോഴും ലഹരി ഉപയോഗിച്ചെത്തി ഷിബിലയെ ക്രൂരമായ ലൈംഗികത വൈകൃതത്തിന് ഇരയാക്കിയിരുന്നതായി ലീഗല്‍ എയ്ഡ് ക്ലിനിക് വളണ്ടിയര്‍ പറഞ്ഞു. ശാരീരിക മര്‍ദനത്തിലുപരി ഇക്കാര്യമാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും ഇവര്‍ പറഞ്ഞു.

കൊല്ലപ്പെട്ട ഷിബിലയോട് ഭര്‍ത്താവ് യാസിര്‍ ചെയ്ത കൊടും ക്രൂരതയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്നു പറഞ്ഞ് കണ്ണീരോടെയാണ് ഷിബില പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയതെന്ന് ക്ലിനിക് വളണ്ടിയര്‍ പറയുന്നു.

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരമായ ലൈംഗികത വൈകൃതമാണ് യാസിര്‍ ഷിബിലയോട് ചെയ്തത്. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കാര്യങ്ങള്‍ തിരക്കിയ സാമൂഹ്യപ്രവര്‍ത്തകയോട് ഷിബില ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. രാവും പകലും യാസിര്‍ മദ്യപിച്ചെത്തി ഷിബിലിയെ ഉപദ്രവിക്കുമായിരുന്നു. രാത്രികാലങ്ങളിലെ ലൈംഗിക വൈകൃതമാണ് ഷിബിലയെ തളര്‍ത്തിയതെന്നും ഇനി യാസിറിന്റെ കൂടെ പോകണ്ടെന്ന് ഷിബില പറഞ്ഞിരുന്നെന്നും ക്ലിനിക് വളണ്ടിയര്‍ പറഞ്ഞു.