- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഷിംജിതയെ പൂട്ടാന്‍ പോലീസ്; കസ്റ്റഡി അപേക്ഷയുമായി നീക്കം മുറുക്കുന്നു; ജാമ്യം തടയാന്‍ പ്രോസിക്യൂഷന്റെ തന്ത്രപരമായ ഇടപെടല്‍

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ഷിംജിത മുസ്തഫയെ ജയിലില്‍ നിന്ന് പുറത്തിറക്കാതിരിക്കാന്‍ ശക്തമായ നീക്കങ്ങളുമായി മെഡിക്കല്‍ കോളേജ് പോലീസ്. ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയില്‍ നിന്നും തിങ്കളാഴ്ചത്തേക്ക് മാറ്റിയത് പോലീസിനും പ്രോസിക്യൂഷനും കേസില്‍ കൂടുതല്‍ കരുത്തുറ്റ നിലപാട് സ്വീകരിക്കാന്‍ സഹായകമാകും.
ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന അപേക്ഷ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടതോടെയാണ് ജാമ്യാപേക്ഷ മാറ്റിവെക്കാന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചത്. ദീപക് ജീവനൊടുക്കുന്നതിലേക്ക് നയിച്ച സാഹചര്യം ഷിംജിത സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്ന കുടുംബത്തിന്റെ പരാതി പോലീസിന് മുന്നിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതരമായ വകുപ്പാണിത്. ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ പോലീസിന് ലഭിച്ച വിവരങ്ങളും, കഴിഞ്ഞ ദിവസം ഷിംജിതയെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലെ കണ്ടെത്തലുകളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പോലീസ് ശനിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവിലായിരുന്ന ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. നേരത്തെ കുന്നമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.
പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന നിലപാടിലാണ് പോലീസ്. ഷിംജിതയുടെ മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയമായി വിശകലനം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമപോരാട്ടം മുറുകുമ്പോള്‍ തിങ്കളാഴ്ച കോടതി സ്വീകരിക്കുന്ന നിലപാട് ഷിംജിതയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാകും.


