തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടില്‍ക്കയറി യുവതിയെ എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചശേഷം രക്ഷപ്പെട്ട സ്ത്രീയെ കുറിച്ചുള്ള സൂചന പോലീസിന് കിട്ടിയെന്ന് സൂചന. കൈയ്ക്ക് വെടിയേറ്റ പെരുന്താന്നി ചെമ്പകശേരി പങ്കജില്‍ ഷിനി (40) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 8.30-നായിരുന്നു സംഭവം. വ്യക്തിവിരോധമാണ് ആ്ക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കൈയ്ക്കുള്ളില്‍ പെല്ലറ്റ് കുടുങ്ങിയതിനെ തുടര്‍ന്ന് ഷിനിക്ക് ശസ്ത്രക്രിയ നടത്തി.

അക്രമിയെക്കുറിച്ചോ ആക്രമിക്കാനുള്ള കാരണത്തെക്കുറിച്ചോ പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. വെടിയുതിര്‍ത്ത സ്ത്രീ വന്ന കാറില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്്. തനിക്ക് ശത്രുക്കളില്ലെന്നാണ് ഷിനി പോലീസിന് മൊഴി നല്‍കിയത്. ആക്രമണത്തിനുള്ള കാരണം എന്താണെന്ന് ഷിനിയുടെ കുടുംബത്തിനും അറിയില്ല. എന്നാല്‍ വ്യക്തി വൈരാഗ്യത്തിലെ സൂചന പോലീസിന് കിട്ടിയിട്ടുണ്ട്. വെടിയുതിര്‍ക്കാന്‍ എയര്‍ ഗണ്ണാണ് ഉപയോഗിച്ചതെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രതി പിടിയിലായാലേ സംഭവത്തിന് പിന്നിലെ യാഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

തലയും മുഖവും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചാണ് സ്ത്രീയെത്തിയത്. ജീന്‍സും ഷര്‍ട്ടുമായിരുന്നു വേഷം. ഷിനിയുടെ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായരാണ് ആദ്യം പുറത്തേക്ക് വന്നത്. തുടര്‍ന്ന് കൊറിയര്‍ കൈമാറാന്‍ ഒപ്പിടാനെന്ന പേരില്‍ ഷിനിയെ പുറത്തേക്ക് വിളിപ്പിച്ചു. ഒപ്പിടുന്നതിനിടയില്‍ തൊട്ടടുത്തുനിന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ഷിനിയുടെ മുഖത്തിനു നേരേ വെടിവെയ്ക്കുകയായിരുന്നു. കൈകൊണ്ട് മുഖം പൊത്തിയതിനാലാണ് വെടിയുണ്ട വലതു കൈയില്‍ തറച്ചത്. തുടര്‍ന്ന് രണ്ട് തവണ കൂടി ചുവരിലേക്ക് വെടിവെച്ചശേഷം സ്ത്രീ ഓടി കാറില്‍ക്കയറി രക്ഷപ്പെട്ടു.

കാര്‍ പുറത്ത് റോഡില്‍ പാര്‍ക്ക് ചെയ്തശേഷം ഇടറോഡിലൂടെ നടന്നാണ് സ്ത്രീ എത്തിയത്. ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ആക്രമണത്തിന് ശേഷം കാറ് ചാക്ക ഭാഗത്തേക്കാണ് പോയത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ പോയ വഴിയിലെ സി.സി.ടി.വി. ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണം.

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ഐരാണിമുട്ടം, ജഗതി, ഉള്ളൂര്‍ എന്നിവിടങ്ങളിലെ ഹെല്‍ത്ത് സെന്ററുകളിലെ പി.ആര്‍.ഒ.യായാണ് ഷിനി ജോലി ചെയ്യുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ ഷിനി ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം തിരുവനന്തപുരത്തെ വീട്ടിലാണ് താമസം. ഭര്‍ത്താവ് സുജീത്ത് മാലിയിലാണ് ജോലി ചെയ്യുന്നത്. ഷിനിയുടെ രണ്ട് മക്കളും സുജീത്തിന്റെ അമ്മയും ആക്രമണം ഉണ്ടായ സമയത്ത് വീട്ടിലുണ്ടായിരുന്നു.