ബെംഗളൂരു: കോളജ് വിദ്യാർത്ഥികൾക്കു ലഹരി എത്തിച്ചു നൽകുന്ന സംഘത്തിന്റെ ഭാഗമായ സീരിയൽ നടൻ ഉൾപ്പെടെ 6 മലയാളികളെ 2 കേസുകളിലായി ബെംഗളൂരുവിൽ അറസ്റ്റ് ചെയ്യുമ്പോൾ ചർച്ചയാകുന്നത് മാഫിയയുമായി കേരളത്തിനുള്ള ബന്ധം. സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണു പിടികൂടിയത്. രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു.

മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തിയ ആലപ്പുഴ സ്വദേശികളായ തനാഫ്, ജോർജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മിൽ എന്നിവരും അറസ്റ്റിലായി. ബംഗളൂരുവിൽ മലയാളികളാണ് മയക്കു മരുന്ന് മാഫിയയെ സജീവമാക്കുന്നത് എന്നാണ് ഉയരുന്ന ചർച്ച. കർണാടകയിലെ ഒരു പ്രമുഖ കോളജ് വിദ്യാർത്ഥികൾക്ക് സീരിയൽ താരം അടക്കമുള്ള സംഘം മയക്കുമരുന്ന് വിൽപ്പന നടത്തിയതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ എൻഐഎഫ്ടി കോളജിന് സമീപത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. കേരളത്തിലേക്കുള്ള മയക്കു മരുന്ന് കടത്തിലും ഇവർക്ക് പങ്കുണ്ട്.

ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കോളേജ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് ചില മുൻ വിദ്യാർത്ഥികൾ നടത്തുന്ന ഈ റാക്കറ്റിലേക്കു ലഹരി പാർട്ടികൾ വഴിയാണ് വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പിന്നീട് ഇവരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നു. ഇതിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെല്ലാവരും തന്നെ മലയാളികളാണ് എന്നുള്ളത് നടുക്കമുണ്ടാക്കുന്ന വസ്തുതയാണ്. ലഹരിക്കടത്തുകാരായി മാറ്റപ്പെടുന്ന വിദ്യാർത്ഥികളുടെയും അതേ കോളേജിൽ പഠിക്കുന്ന ലഹരി ഉപയോഗിക്കുന്ന മറ്റ് വിദ്യാർത്ഥികളുടെയും ബാങ്ക് എ.ടി.എം കാർഡ് ഉൾപ്പെടെ കൈക്കലാക്കിയും മാഫിയ വളരുന്നു.

ആവശ്യക്കാരിൽ നിന്നും ഗൂഗിൾ പേ വഴി പണം ഈ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും. എടിഎം കാർഡ് ഉപയോഗിച്ച് പിന്നീട് പിൻവലിച്ചെടുക്കുന്നതുമാണ് മാഫിയയുടെ രീതി. കേസുകളോ മറ്റോ വന്നാൽ തങ്ങളിലേക്ക് യാതൊരു വിധ അന്വേഷണവും എത്താതെയിരിക്കാനാണ് ഈ നീക്കം. ചുരുങ്ങിയ കാലയളവിനുള്ളിൽത്തന്നെ ലക്ഷകണക്കിന് രൂപയുടെ ഇടപാടുകൾ ആണ് ഈ അക്കൗണ്ടുകൾ വഴി നടക്കുക. കച്ചവടം പൊടി പൊടിപ്പിക്കാനായി സീരിയൽ നടന്മാരേയും എത്തിക്കുന്നു. ഇതിന് വേണ്ടി മലയാള സീരിയലുകളിലും മറ്റും മയക്കുമരുന്ന് മാഫിയ പണവും മുടക്കാറുണ്ട്.

ഇവർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ അറിയിച്ചു. കൊച്ചിയിലും ഇവർ പാർട്ടികൾ നടത്താറുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. വിവരങ്ങൾ കേരളത്തിലെ പൊലീസിനും കർണ്ണാടക കൈമാറും. ഈ മാഫിയയിലെ ഏറ്റവും ചെറിയ കണ്ണിയാണ് ഷിയാസ് എന്നും സൂചനയുണ്ട്. സീരിയിൽ നടനെന്ന പേരുപയോഗിച്ചാണ് ഇയാൾ കച്ചവടം കൊഴുപ്പിച്ചത്.

മലയാള സിനിമാ-സീരിയൽ രംഗത്തും മയക്കുമരുന്ന് മാഫിയ സജീവമാണ്. നടന്മാർക്കും മറ്റും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഇടനിലക്കാരായും അറസ്റ്റിലായവർ പ്രവർത്തിക്കുന്നുവെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.