കൊച്ചി: ഇരകൾക്ക് ഒപ്പമാണ് കേരളാ പൊലീസും കേരളാ സർക്കാരും എന്നാണ് എന്നും എപ്പോഴും പറയാറുള്ളത്. എന്നാൽ പ്രതി പൊലീസുകാരനോ ഇടതു രാഷ്ട്രീയ പ്രവർത്തകനോ ആയാൽ ഇരകൾക്ക് കഷ്ടകാലം. മലയിൻകീഴ് ബലാത്സംഗക്കേസ് അട്ടിമറിക്കാൻ നടത്തിയത് സമാനതകളില്ലാത്ത നീക്കമായിരുന്നു. എന്നാൽ ഇര പരാതിയിൽ ഉറച്ചു നിന്നു. നിയമ പോരാട്ടം നടത്തി. ഒടുവിൽ പൊലീസിന്റെ അട്ടിമറി ശ്രമങ്ങൾ നിയമ വഴിയിൽ പൊളിയുകയാണ്. ബലാത്സംഗ കേസിൽ വ്യാജരേഖ ഹാജരാക്കി മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ്.എച്ച്.ഒ. എ.വി സൈജുവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇനിയെങ്കിലും സൈജുവിനെ കേരളാ പൊലീസ് അറസ്റ്റു ചെയ്യുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഏതാണ്ട് രണ്ടു വർഷത്തോളമായി ഒളിവിൽ കഴിയുകയാണ് സൈജു. സൈജുവിനെ പൊലീസിൽ നിന്നും എന്നേത്തേക്കുമായി പിരിച്ചു വിടാൻ പൊലീസ് മേധവിമാർ തീരുമാനിച്ചിരുന്നു. എന്നാൽ അത് ചില കേന്ദ്രങ്ങൾ അട്ടിമറിച്ചു. പൊലീസിലെ ഇടതു സംഘടനയിലെ പ്രമുഖനായിരുന്നു കേസും പ്രശ്‌നവും വരുന്നതിന് മുമ്പ് സൈജു.

സ്റ്റേഷനിലെ ജനറൽ ഡയറിയിൽ തിരുത്തൽ വരുത്തി കോടതിയിൽ ഹാജരാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ജാമ്യം റദ്ദാക്കിയത്. സൈജു ജിഡി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയെന്ന് ക്രൈം ബ്രാഞ്ചും കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യാൻ ഒരു താൽപ്പര്യവും കാട്ടിയില്ല. ഇതിനിടെ മറ്റൊരു പീഡനക്കേസും എത്തി. ഇതിലെ ഇരയെ ഭീഷണിപ്പെടുത്തി ആ കേസ് പിൻവലിച്ചു. എന്നാൽ മലയിൻകീഴിലെ പരാതിയിൽ ഡോക്ടർ നിയമ നടപടിയുമായി മുമ്പോട്ട് പോയി. ഇതോടെ ഹൈക്കോടതിയിൽ നിന്നും നീതി കിട്ടി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം റദ്ദാക്കിയത്. ബലാത്സംഗ കേസിലെ പരാതിക്കാരിയായ ഡോക്ടർ ജിഡിയിൽ തിരുത്തൽ വരുത്തിയെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് നടപടി.

ഡോക്ടർക്കെതിരെ താൻ നേരത്തെ പരാതി നൽകിയെന്നതിന്റെ രേഖയാണ് സ്റ്റേഷനിൽ വ്യാജമായി തിരുകി കയറ്റിയത്. മുൻ വൈരാഗ്യമാണ് ബലാത്സംഗ പരാതിക്ക് പിന്നിൽ എന്ന് വരുത്തുന്നതിനാണ് ജനറൽ ഡയറിയിൽ തിരുത്തൽ വരുത്തിയതെന്നായിരുന്നു ആരോപണം. വിവാഹ വാഗ്ദാനം നൽകിയും ഭീഷണിപ്പെടുത്തിയും സൈജു ബലാത്സംഗം ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതി. പരാതികളെ തുടർന്ന് എറണാകുളം കൺട്രോൾ റൂമിലേക്ക് സൈജുവിനെ മാറ്റിയിരുന്നു. ആദ്യ പീഡന പരാതിയിൽ ജാമ്യം നേടാൻ മലയിൻ കീഴ് സ്റ്റേഷനിലെ കോൺസ്റ്റബിളിന്റെ സഹായത്താൽ വ്യാജ രേഖ ചമച്ചിരുന്നു. ഈ വ്യാജ രേഖ കാട്ടിയാണ് സി ഐ ആദ്യ കേസിൽ ജാമ്യം നേടിയത്. ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത് വ്യാജ രേഖകൾ ഹാജരാക്കിയാണെന്ന് ഇര തന്നെ നേരിട്ട് ഡി ജി പി യ്ക്ക് പരാതി നല്കിയിരുന്നു. ഈ പരാതി പരിശോധിച്ച ക്രൈംബ്രാഞ്ച് പരാതിയിൽ കഴമ്പുണ്ടെന്നു ജാമ്യം നേടാൻ സി ഐ സൈജു വ്യാജ രേഖ ചമച്ചുവെന്നു കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു തുടർ നടപടി സ്വീകരിക്കാൻ ഡി ജി പി തിരുവനന്തപുരം റൂറൽ എസ് പി യ്ക്ക് നിർദ്ദേശം നല്കി. ഡി ജി പി യുടെ നിർദ്ദേശം വ്യക്തമാക്കുന്ന പ്രത്യേക സർക്കുലർ റുറൽ എസ് പി ആഫീസിൽ ലഭിച്ചു. രണ്ടാമത്തെ പീഡന പരാതി സംബന്ധിച്ച കേസ് ക്വാഷ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴായിരുന്നു ഇത്. ഇന്നാൽ ഈ നീക്കമൊന്നും എങ്ങുമെത്തിയില്ല. പൊലീസ് സേനയിലെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ രണ്ട് പീഡന കേസിൽ പ്രതിയാകുക അതിൽ ഒരു കേസിൽ നിന്നും രക്ഷപ്പെടാൻ വ്യാജ രേഖ ചമയ്ക്കുക ഇതൊക്കെ തെളിഞ്ഞ സാഹചര്യത്തിൽ സി ഐ സൈജുവിനെ പിരിച്ചു വിടുമെന്ന് സൂചനകളുണ്ടായിരുന്നു.

മുമ്പ് മലയിൻകീഴ് സ്റ്റേഷനിലിരിക്കുമ്പോൾ വനിതാ ഡോക്ടറെ പീഡിപ്പിച്ചതാണ് സിഐയ്ക്ക് എതിരെയുള്ള ആദ്യ കേസ്.. ആ സംഭവത്തിൽ ജാമ്യം ലഭിക്കാൻ വ്യാജരേഖ ചമച്ചതിന് കൊച്ചി കൺട്രോൾ റൂം സിഐ.യായിരുന്ന സൈജു സസ്പെൻഷനിലായിരുന്നു. സൈജുവും മലയിൻകീഴ് സ്റ്റേഷനിലെ സി.പി.ഒ. ആയിരുന്ന പ്രദീപും ചേർന്ന് വനിതാ ഡോക്ടർ പണം ആവശ്യപ്പെട്ടു എന്ന് വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തത്. തൊട്ടുപിന്നാലെ അതേ മാസം തന്നെ നെടുമങ്ങാട് സ്റ്റേഷനിൽ പുതിയ പീഡന പരാതിയുമെത്തി. ഡോക്ടറെ പീഡിപ്പിച്ച സംഭവത്തിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ വീണ്ടും ക്രിമിനൽക്കേസുകളിൽപ്പെടുകയാണെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവിലുണ്ടായിരുന്നു. പക്ഷേ, സിഐ.യുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറൽ പൊലീസ് ശ്രമിച്ചിട്ടില്ല.

നേരത്തെ മലയിൽകീഴ് ഇൻസ്‌പെക്ടർ ആയിരുന്നപ്പോൾ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിലും അട്ടമറിയിലൂടെയാണ് അറസ്റ്റ് ഒഴിവാക്കിയത്.. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോൾ വീട്ടിലെത്തിയ സൈജു പീഡിപ്പിച്ചുവെന്നായിരുന്നു ദന്തഡോക്ടറുടെ പരാതി. പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്‌തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.

സൈജു കാരണം ഭർത്താവ് പിണങ്ങി പോയെന്നും വനിത ഡോക്ടർ പരാതിപ്പെട്ടിരുന്നു. അന്നും പരാതിക്കാരിക്കെതിരെ സൈജുവിന്റെ ഭാര്യ കേസുമായി എത്തിയിരുന്നു. രണ്ടാമത്തെ പീഡന പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തതോടെയാണ് സി ഐ സൈജു ഒളിവിൽ പോയത്. ഒളിവിലിരുന്ന് ജാമ്യത്തിന് ശ്രമിക്കുകയുംചെയ്തു. പിന്നീട് ഈ കേസ് തന്നെ ഇല്ലാതാക്കി. ഇതിനിടെയിലും ആദ്യ കേസിലെ ഇര പോരാട്ടം തുടർന്നു. ഇതാണ് ഇപ്പോൾ ഹൈക്കോടതിയിലെ ജാമ്യം റദ്ദാക്കലിന് കാരണം.

ഇതിനെതിരെ സൈജു അപ്പീലിന് പോകുമെന്ന് ഉറപ്പാണ്. അതിന് മുമ്പ് ഈ പൊലീസുകാരനെ വേണമെങ്കിൽ അറസ്റ്റു ചെയ്യാം. എന്നാൽ പൊലീസിലെ പഴയ സംഘടനാ നേതാവിന് പിടിപാടുകൾ ഏറെയാണ്. കേരളാ പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റായിരുന്നു മുമ്പ് സൈജു.