- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം; പിന്നില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘമെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈംബ്രാഞ്ച്; ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലായി റിങ്കുവിന് ലഭിച്ചത് മൂന്നു ഭീഷണി സന്ദേശങ്ങള്‍; പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
അഞ്ചു കോടി ആവശ്യപ്പെട്ട് റിങ്കു സിങ്ങിന് ഭീഷണി സന്ദേശം
മുംബൈ: അഞ്ചു കോടി ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് അധോലോക സംഘത്തിന്റെ ഭീഷണി സന്ദേശം. കുപ്രസിദ്ധ അധോലോക സംഘമായ ദാവൂദ് ഇബ്രാഹിമാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് അറിയിച്ചു. ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളിലായി മൂന്നു ഭീഷണി സന്ദേശങ്ങളാണ് റിങ്കുവിന്റെ പ്രൊമോഷനല്‍ സംഘത്തിന് ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെസ്റ്റിന്‍ഡീസില്‍നിന്ന് പിടികൂടിയ മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് നവീദ് എന്നിവരെ ആഗസ്റ്റിന് ഒന്നിനാണ് ഇന്ത്യക്ക് കൈമാറിയത്. കൊല്ലപ്പെട്ട മഹാരാഷ്ട്ര മുന്‍ എം.എല്‍.എ ബാബാ സിദ്ദീഖിന്റെ മകന്‍ സീഷന്‍ സിദ്ദീഖിയോട് 10 കോടി ആവശ്യപ്പെട്ടതിന് ഇരുവരും നേരത്തെ അറസ്റ്റിലായിരുന്നു.
കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ റിങ്കു സിങ്ങിനെ ഫോണില്‍ വിളിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ സമാജ് വാദി പാര്‍ട്ടി എം.പി പ്രിയ സരോജുമായി റിങ്കുവിന്റെ കല്യാണം നിശ്ചയിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും വിവാഹം. ഇതുവരെ 34 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള റിങ്കു, 161.76 സ്‌ട്രൈക്ക് റേറ്റില്‍ 550 റണ്‍സ് നേടിയിട്ടുണ്ട്. ദേശീയ ടീമിനായി രണ്ട് ഏകദിനങ്ങളും കളിച്ചു. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെതിരെ വിജയ റണ്‍സ് നേടിയത് റിങ്കുവായിരുന്നു.
കളിക്കളത്തിന് പുറത്തുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം റിങ്കു വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇതാദ്യമല്ല. 2024 നവംബറില്‍, അലീഗഢില്‍ 3.5 കോടി രൂപക്ക് ഒരു ആഡംബര മൂന്ന് നില ബംഗ്ലാവ് അദ്ദേഹം വാങ്ങി, അമ്മയോടുള്ള ബഹുമാനാര്‍ഥം അതിന് വീണ പാലസ് എന്ന് പേരുമിട്ടു. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരക്ക് മുന്നോടിയായി റിങ്കു ഒരു ചെറിയ ഇടവേളയിലാണ്.