- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ നൽകിയ പരാതി തീർപ്പാക്കാൻ ഭർത്താവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ആറാം വാരിയെല്ല് ഇടിച്ചുപൊട്ടിച്ചു; രണ്ടുവർഷമായിട്ടും 'ഇടിയൻ' എസ്‌ഐക്കെതിരെ ചെറുവിരൽ അനക്കാതെ ഡിജിപിയും സർക്കാരും; എസ്‌ഐയെ രക്ഷിക്കാനുള്ള തന്ത്രം പൊളിച്ച് മനുഷ്യാവകാശ കമ്മീഷൻ; നേരിട്ട് അന്വേഷിച്ചപ്പോൾ തലകുനിച്ച് പൊലീസ്
തിരുവനന്തപുരം : ഭാര്യ നൽകിയ പരാതി പരിഹരിക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിനെ മർദ്ദിച്ച് ഇടതു ഭാഗത്തെ ആറാമത്തെ വാരിയെല്ല് പൊട്ടിച്ചത് മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ മുൻ എസ് ഐ. രണ്ടുവർഷമായി സർവീസിൽ തുടർന്നിട്ടും ഈ ഉദ്യോഗസ്ഥന് എതിരെ ചെറുവിരലനക്കാൻ, സർക്കാരോ ഡിജിപിയോ സന്നദ്ധമായില്ല. അന്വേഷണം വൈകിപ്പിച്ച് എസ്‌ഐയെ സംരക്ഷിക്കുകയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഏതായാലും കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞിരിക്കുകയാണ്.
സംഭവത്തിൽ, എസ്‌ഐ അച്ചടക്കരാഹിത്യവും പെരുമാറ്റ ദൂഷ്യവും നടത്തിയതായി സംസ്ഥാന പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അന്വേഷണവും അച്ചടക്ക നടപടികളും ഉടൻ പൂർത്തിയാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് തിരുവനന്തപുരം റൂറൽ (സി ബ്രാഞ്ച്) ഡി.വൈഎസ്‌പിക്ക് നിർദ്ദേശം നൽകി. എസ്‌ഐയുടെ ഭാഗത്ത് അച്ചടക്കരാഹിത്യമുണ്ടായതായി സ്‌പെഷ്യൽ ബ്രാഞ്ച് ഡി .വൈ എസ് പി കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. തുടർന്ന് വാച്യാന്വേഷണം നടത്തുന്നതിന് സി ബ്രാഞ്ച് ഡി വൈ എസ് പി യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
മുൻ എസ് ഐ ക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഇക്കഴിഞ്ഞ മാർച്ച് 18 ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ആനാവൂർ കോട്ടക്കൽ സ്വദേശിനി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിൻകര ഡി വൈ എസ് പി യിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. ഇതിൽ ആരോപണം നിഷേധിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. മാരായമുട്ടം എസ് ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി.
2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നു തന്നെ പരാതിക്കാരൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എസ് ഐ യും രണ്ട് പൊലീസുകാരും ചേർന്ന് മർദ്ദിച്ചതായി ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കൈ ചുരുട്ടി നടുവിന്റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് ഡോക്ടർ രേഖപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിട്ടുണ്ട്. ഭാര്യയാണ് പരാതിക്കാരനെ ആശുപത്രിയിലെത്തിച്ചത്. പരാതിക്കാരനെ എസ് ഐ മർദ്ദിച്ചിട്ടില്ലെന്ന ഭാര്യയുടെ വാദം കമ്മീഷൻ തള്ളി.
മറുനാടന്‍ മലയാളി ബ്യൂറോ