കൊച്ചി: വിമാനത്തിൽ ബോംബ് വച്ചെന്ന വ്യാജ സന്ദേശം നൽകി അതേ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ യാത്രക്കാരനെയും കുടുംബത്തെയും കൊച്ചി എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം സ്വദേശിയായ ഷുഹൈബിനെയാണ് സിഐ.എസ്.എഫ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. രാവിലെ 11.50 ന് കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ 149 വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ഭാര്യയെയും കുഞ്ഞിനെയും വിമാനത്താവള സുരക്ഷാ ഏജൻസികളും പൊലീസും ചോദ്യം ചെയ്ത് വരികയാണ്.

പുലർച്ചെ ഒരു മണിയോടെ എയർ ഇന്ത്യയുടെ കസ്റ്റമർകെയറിലേക്കാണ് ഷുഹൈബ് ഭീഷണി സന്ദേശം അയച്ചത്. കഴിഞ്ഞ തവണ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മകൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റെന്നും. അതിനാൽ ഇന്ന് പുറപ്പെടുന്ന വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു സന്ദേശം. ഇന്ന് ലണ്ടനിലേക്ക് കുടുംബ സമേതം യാത്ര ചെയ്യാനിരുന്നതാണെന്നും എന്നാൽ യാത്ര ചെയ്യാനെത്തില്ലെന്നും സന്ദേശത്തിൽ ഇയാൾ പറഞ്ഞിരുന്നു. ഉടൻ തന്നെ കസ്റ്റമർകെയർ വിവരം വിമാനത്താവള സുരക്ഷാ വിഭാഗത്തെ അറിയിക്കുകയുമായിരുന്നു.

ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ ശേഷം ലണ്ടനിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ബോബ് ഭീഷണി. ഇതോടെ ഡൽഹിയിൽ വച്ച് വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതോടെ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. ഇതിനിടയിൽ ഇതേ വിമാനത്തിൽ യാത്ര ചെയ്യാൻ ഷുഹൈബും ഭാര്യയും മകളും കൊച്ചി വിമാനത്താവളത്തിലെത്തി. ഇവിടെ വച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്യലിന് ശേഷം നെടുമ്പാശ്ശേരി പൊലീസിന് കൈമാറും.