കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രധാന പ്രതിക്ക് എസ് ഡി പി ഐ ബന്ധമുണ്ടെന്നും ആരോപണം. എസ് ഐയായ അനീഷിനെ സസ്‌പെന്റ് ചെയ്തിരുന്നു. ഈ എസ് ഐയെ രക്ഷിക്കാനാണ് അണിയറയിൽ നീക്കം. ഈ എസ് ഐയെയും കേന്ദ്ര ഏജൻസികൾ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നതാണ് സൂചനകൾ. പോപ്പുലർ ഫ്രണ്ട് റെയ്ഡിനും നിരോധനത്തിനും ശേഷം ആ സംഘടനയുമായി ബന്ധമുള്ള പൊലീസുകാരുടെ പട്ടിക കേന്ദ്ര ഏജൻസി തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ എസ് ഐയും ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. ഈ മേഖലയിലെ ചില ക്ഷേത്രോത്സവങ്ങൾ അലങ്കോലപ്പെടുത്താനും അനീഷ് ശ്രമിച്ചിരുന്നുവെന്നാണ് ആക്ഷേപം. കിളികൊല്ലൂരിലെ പൊലീസുകാർക്കെല്ലാം ഇക്കാര്യം അറിയാം. ഈ വിഷയങ്ങളും സൈന്യം അന്വേഷിക്കും.

സോഷ്യൽ മീഡിയയിൽ അനീഷുമായി ബന്ധപ്പെട്ട് പലവിധ പ്രചരണങ്ങൾ നടക്കുന്നുണ്ട്. അനീഷിന്റെ ഔദ്യോഗിക പേര് അനീഷ് എ പിയെന്നാണ്. എന്നാൽ അങ്ങനെ അല്ലെന്ന വ്യാജ പ്രചരണവുമുണ്ട്. ഇതിനൊപ്പം മറ്റ് ചില ആരോപണങ്ങളും. ഇതിന്റെ എല്ലാം നിജസ്ഥിതി തിരക്കാനാണ് കേന്ദ്ര ഏജൻസികളുടെ തീരുമാനം. വിശദമായ റിപ്പോർട്ട് തന്നെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി തയ്യറാക്കും. അതിന് ശേഷമേ അന്തിമ നിഗമനങ്ങളിലേക്ക് എത്തൂ. അനീഷിന്റെ എല്ലാ ഇടപെടലും പരിശോധിക്കാനാണ് തീരുമാനം. കിളികൊല്ലൂർ സംഭവത്തിൽ പൊലീസിൽ നിന്നും സൈന്യം വിശദീകരണം തേടും. പ്രാഥമികമായി പരാതിക്കാരുടെ മൊഴി എടുത്തു കഴിഞ്ഞു. അതാണ് ശരിയെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ.

സൈനികനായ വിഷ്ണു, സഹോദരൻ വിഘ്നേഷ് എന്നിവരെയാണ് കിളികൊല്ലൂർ സ്റ്റേഷനിലെ പൊലീസുകാർ ക്രൂരമായി മർദിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. എം.ഡി.എം.എ. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പൊലീസുകാരെ ആക്രമിച്ചെന്നുമായിരുന്നു കിളികൊല്ലൂർ പൊലീസിന്റെ ഭാഷ്യം. തുടർന്ന് 12 ദിവസം ഇരുവരെയും റിമാൻഡ് ചെയ്തു. പൊലീസിന്റെ വിശദീകരണം മാധ്യമങ്ങളിൽ വാർത്തയായതോടെ വിഷ്ണുവിന്റെ വിവാഹവും മുടങ്ങി. പിന്നീട് വിഷ്ണുവും വിഘ്നേഷും പൊലീസിൽനിന്നുണ്ടായ ക്രൂരമർദനത്തെക്കുറിച്ച് മജിസ്ട്രേറ്റിന് മൊഴിനൽകി. ഇതോടെയാണ് പൊലീസ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയത്. വീഡിയോ പരിശോധനയിലാണ് കള്ളക്കേസും മർദ്ദനവും തെളിഞ്ഞത്. പിന്നാലെ നാലു പേർക്ക് സസ്‌പെൻഷനുമെത്തി. അനീഷിനെ കുറിച്ച് മിലിറ്ററി ഇന്റലിജൻസും വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്.

അതിനിടെ ന്യായീകരണവുമായി എസ്‌ഐ എ.പി അനീഷിന്റെ ശബ്ദ സന്ദേശവും എത്തി. സ്റ്റേഷൻ റൈറ്ററെ സ്റ്റേഷനകത്ത് കയറി തലയടിച്ച് പൊട്ടിക്കുകയും മൂക്കിന്റെ പാലം തകർക്കുകയും ചെയ്ത കേസിലെ പ്രതിയെ ബലം പ്രയോഗിച്ച് കീഴ്‌പെടുത്തിയെന്ന വിഷയമാണ് പൊലീസിനെതിരെ തിരിഞ്ഞതെന്നാണ് ശബ്ദ സന്ദേശത്തിലെ ന്യായീകരണം. താനും സിഐയും സംഭവം നടക്കുന്ന സമയത്ത് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്നും എസ്‌ഐ വിശദീകരിക്കുന്നുണ്ട്. 'അടുത്തുള്ള കെട്ടിടത്തിലായിരുന്ന ഞങ്ങൾ നിലവിളി കേട്ടാണ് ഓടിയെത്തുന്നത്. അപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ ചോരയൊലിപ്പിച്ച് നിൽക്കുകയായിരുന്നു. സൈനികനായ വിഷ്ണുവും വിഘ്‌നേഷ് എന്നയാളും രക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ ബലം പ്രയോഗിച്ച് പിടിച്ചുവെച്ചു. അതാണ് സംഭവം' എന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശം.

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികൻ മർദനതതിന് ഇരയായ സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു. മർദനത്തിനിരയായ സൈനികൻ വിഷ്ണുവിന്റെ വീട്ടിലെത്തി സൈന്യം വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം സമീപത്തെ സൈനിക റെജിമെന്റിൽ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത വിവരം വളരെ വൈകിയാണ് സൈന്യത്തെ അറിയിച്ചതെന്നാണ് വിവരം.പൊലീസിൽ നിന്നുണ്ടായ മർദനത്തിന്റെ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് സൈന്യം ശേഖരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് വിഷ്ണുവിനെയും സഹോദരൻ വിഗ്നേഷിനെയും അറസ്റ്റ് ചെയ്തത്. എംഡിഎംഎ പ്രതികളെ ജാമ്യത്തിലെടുക്കാൻ വന്നവർ പൊലീസിനെ ആക്രമിച്ചെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാൽ സ്പെഷൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിചമച്ചതാണെന്നു തെളിഞ്ഞിരുന്നു.

അതേ സമയം സസ്പൻഷനിലായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്തഭടന്മാർ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സൈനികന്റെ സഹോദരൻ വിഘ്നേഷിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.