വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥനെ മരണത്തിൽ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു യൂണിവേഴ്‌സിറ്റി അധികൃതർ. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കാതിരുന്നതിനെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവസമയം ഹോസ്റ്റലിലുണ്ടായിരുന്ന ഒന്നാം വർഷ വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്തു.

അതേസമയം കേസൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. വീട്ടിലേക്ക് പോയ സിദ്ധാർഥിനെ വിളിച്ചു വരുത്തിയതിൽ ഗൂഢാലോചന വ്യക്തമാണെന്നാണ് പൊലീസ വ്യക്തമാക്കിയത്. സിദ്ധാർഥനെതിരായ അതിക്രമത്തിൽ ഇതേ ഹോസ്റ്റലിലെ 31 വിദ്യാർത്ഥികൾ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. സിദ്ധാർഥനെ മർദിച്ച 19 പേരെ നേരത്തേ കോളജിൽനിന്നും ഹോസ്റ്റലിൽനിന്നും പുറത്താക്കി. ഇവർക്കു 3 വർഷത്തേക്ക് മറ്റൊരു കോഴ്‌സിനും ചേരാനാകില്ല.

ക്യാംപസിലേക്കു തിരിച്ചെത്താൻ സിദ്ധാർഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിർദ്ദേശമനുസരിച്ചു സിദ്ധാർഥനെ മർദിക്കുകയും ചെയ്തതുൾപ്പെടെയുള്ള കുറ്റങ്ങൾ ചെയ്ത 10 വിദ്യാർത്ഥികളെയും പുറത്താക്കി. ഇവർക്ക് ഒരു വർഷത്തേക്കു പരീക്ഷയെഴുതാനാകില്ല. ആശുപത്രിയിൽ കൊണ്ടുപോകണമെന്നു സിദ്ധാർഥൻ ആവശ്യപ്പെട്ടിട്ടും കേൾക്കാതിരുന്ന 2 പേരെ ഹോസ്റ്റലിൽനിന്നു പുറത്താക്കി. ഇവർക്ക് ഇന്റേണൽ പരീക്ഷ എഴുതാനാകില്ല. ആകെ 130 വിദ്യാർത്ഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.

തെളിവെടുപ്പിന്റെ ഭാഗമായി ക്യാംപസിലെ വിദ്യാർത്ഥികളെ പുറത്ത് വിടേണ്ടതില്ലെന്ന് പൊലീസ് നിർദ്ദേശമുണ്ടായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി പെൺകുട്ടികളെ ഉൾപ്പെടെ പുറത്തേക്ക് വിടുന്നതിൽ നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ അത്യാവശ്യമുള്ളവരെ വിടുന്നുണ്ടായിരുന്നു. പ്രതികൾ പിടിയിലായതോടെ ഇപ്പോൾ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പുറത്തു പോകുന്നതിന് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ക്യാമ്പസ് കവാടത്തിൽ സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാതെ പ്രതിഷേധം തുടർന്നവർ പൊലീസിന് നേരെ കല്ലും വടികളും എറിഞ്ഞു. പിന്നാലെ പൊലീസ് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. കല്ലേറ് തുടർന്നതോടെ പൊലീസ് ലാത്തിചാർജ് നടത്തി. നിരവധി കെ.എസ്.യു പ്രവർത്തകർക്ക് ലാത്തിചാർജിൽ പരിക്കേറ്റു.

പരിക്കേറ്റവരെ ആശുപത്രിലേക്ക് മാറ്റാൻ പൊലീസ് ഇടപെടൽ ഉണ്ടാകാത്തതും പ്രകോപനത്തിന് കാരണമായി. ടി.സിദ്ദിഖ് എംഎ‍ൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ എത്തിയാണ് കെ.എസ്.യു പ്രവർത്തകരെ ശാന്തരാക്കിയത്. എംഎസ്എഫ് നടത്തിയ സർവകലാശാല മാർച്ചിലും നേരിയ സംഘർഷമുണ്ടായി. അതേസമയം, പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഡീൻ ഡോ എം കെ നാരായണനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല കമ്മിറ്റി നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ ഡീൻ നാരായണനും പങ്കുണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ആരോപിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് കൊക്കാല ജംഗ്ഷനിൽ പൊലീസ് തടഞ്ഞു. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.