കൊച്ചി : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർത്ഥിയായ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു കേസന്വേഷണം സിബിഐയ്ക്കു കൈമാറുന്ന വിജ്ഞാപനം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ചതു കഴിഞ്ഞയാഴ്ച എന്ന വസ്തുത സംസ്ഥാന സർക്കാരിന് പ്രതിസന്ധിയാകും. കുടുംബത്തിന്റെ വികാരം മാനിച്ചു കേസന്വേഷണം സിബിഐയ്ക്കു വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രിയായിരുന്നു സിദ്ധാർഥന്റെ പിതാവിനെ അറിയിച്ചത്. എന്നിട്ടും വൈകലുണ്ടായത് കേസ് അട്ടിമറിക്കാൻ ആണെന്നാണ് ആരോപണം. എസ്.എഫ്.ഐ. പ്രവർത്തകർ അടക്കമുള്ളവരാണു കേസിലെ പ്രതികൾ.

സിബിഐ. അന്വേഷണം ആവശ്യപ്പെട്ടു സിദ്ധാർഥിന്റെ പിതാവ് ജയപ്രകാശ് കഴിഞ്ഞ ഒൻപതിനു മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്നു രാത്രി തന്നെ വിജ്ഞാപനം ഇറങ്ങി. എന്നാൽ സിബിഐയ്ക്ക് കൈമാറിയില്ല. അതിനിടെ സംസ്ഥാനത്തിന്റെ കത്ത് പഴ്സണൽ മന്ത്രാലയത്തിനു ലഭിച്ചിട്ടില്ലെന്നു കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖരൻ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ ഇപ്പോഴും ദുരൂഹത നിൽക്കുകയാണ്. സിപിഎം ബന്ധമുള്ള ഇടുക്കി പ്ലാന്ററുടെ മകൻ ഇനിയും കേസിൽ പ്രതിയായിട്ടില്ല. ഇതിനൊപ്പം സിദ്ധാർത്ഥനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ പെൺകുട്ടിയും. ഈ പെൺകുട്ടിയുടെ അമ്മ പൊലീസ് വകുപ്പിലെ ജോലിക്കാരിയുമാണ്. ഇതെല്ലാം ഉത്തരവ് സിബിഐയ്ക്ക് കൈമാറാൻ വൈകിയത് വിവാദത്തിലാക്കുന്നു.

സംസ്ഥാന സർക്കാർ അയച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ സിബിഐയ്ക്കു കൈമാറിയെന്നാണു വിവരം. പരിശോധനയ്ക്കുശേഷം കേസ് ഏറ്റെടുക്കാൻ കഴിയുമോ എന്ന കാര്യത്തിലുള്ള മറുപടി കേന്ദ്രസർക്കാരിനെ സിബിഐ. അറിയിക്കും. അതു കഴിഞ്ഞ ശേഷമാകും കേന്ദ്ര വിജ്ഞാപനമിറങ്ങുക.
കേസ് ഏറ്റെടുക്കാനാണു സാധ്യതയെന്നു സിബിഐ. വൃത്തങ്ങൾ സൂചിപ്പിച്ചു. അവർ പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോർട്ട് കേന്ദ്ര ഡയറക്ടറേറ്റിനു കൈമാറുകയും ചെയ്തിട്ടുണ്ട്. സിബിഐയ്ക്ക് ഉത്തരവ് കിട്ടിയില്ലെന്ന് കുടുംബം കഴിഞ്ഞ ആഴ്ച തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇത് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മറുനാടനോട് പങ്കുവയ്ക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഉത്തരവ് കൈമാറിയതെന്നും സൂചനയുണ്ട്.

ഏതായാലും കത്ത് കൈമാറാൻ വൈകിയെന്നതിനെ ആഭ്യന്തര സെക്രട്ടറി ഗൗരവത്തിൽ എടുത്തിട്ടുണ്ട്. എന്നാൽ സർക്കാർ അനുമതിയുണ്ടെങ്കിലേ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയൂവെന്നതാണ് വസ്തുത. കേസിൽ ചിലരെ രക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന സജീവമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അടക്കം ജയപ്രകാശ് നേരിൽ കണ്ടത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു കേസ് സിബിഐയ്ക്കു വിട്ടത്. എന്നാൽ, ചില പ്രതികളെ സംരക്ഷിക്കുന്നതായി കുടുംബത്തിന് ആക്ഷേപമുണ്ട്. തെളിവുകൾ പലതും നശിപ്പിക്കപ്പെട്ടുവെന്നും അതാണു കേസ് കേന്ദ്രത്തിന് അയയ്ക്കാൻ വൈകിയതെന്നും കുടുംബം പറയുന്നു.

അതിനിടെയാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ജെ.സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തെയും റാഗിംഗിനെയും തുടർന്ന് മരിച്ച സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കി തിരിച്ചെടുത്ത താത്കാലിക വൈസ് ചാൻസലർ ഡോ. പി.സി ശശീന്ദ്രൻ രാജിവച്ചത്.ഗവർണറുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അഡി. ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്രകുമാർ ദൊഡാവത്ത് ഫാേണിൽ ബന്ധപ്പെട്ട് ഡോ. പി.സി ശശീന്ദ്രനോട് രാജിവയ്ക്കണമെന്നും അല്ലെങ്കിൽ സസ്‌പെൻഷൻ, പുറത്താക്കൽ അടക്കം നടപടി വേണ്ടിവരുമെന്നും അറിയിച്ചതോടെ സ്ഥാനം ഒഴിയുകയായിരുന്നു. വിദ്യാർത്ഥികളെ തിരിച്ചെടുത്ത നടപടി പിൻവലിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നൽകിയ കർശന നിർദ്ദേശം നടപ്പാക്കിയശേഷമാണ് രാജിക്കത്ത് ഇ-മെയിലായി രാജ്ഭവനിലേക്ക് അയച്ചത്.വിദ്യാർത്ഥികളെ തിരിച്ചെടുത്ത വിവരം ഇന്നലെയാണ് പുറത്തുവന്നത്.

സിദ്ധാർത്ഥിന്റെ പിതാവ് ശക്തമായി പ്രതികരിക്കുകയും ഗവർണറെ കണ്ട് പരാതി പറയുകയുംചെയ്തിരുന്നു. പൊലീസന്വേഷണം നടക്കവേ, സസ്‌പെൻഷനിലായിരുന്ന 33 പേരെ കുറ്റവിമുക്തരാണെന്ന് രേഖപ്പെടുത്തി തിരിച്ചെടുത്തത് വി സിയുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ഉടനടി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടു. ഉത്തരവ് റദ്ദാക്കാനും നിർദ്ദേശിച്ചു. ഉച്ചയോടെ, ഉത്തരവ് റദ്ദാക്കിയെന്നും ഗവർണറുടെ നിർദ്ദേശം നടപ്പാക്കിയെന്നും വാഴ്‌സിറ്റി രാജ്ഭവനെ അറിയിച്ചു. സീനിയർ പ്രൊഫസർക്ക് വി സിയുടെ ചുമതല കൈമാറും.സിദ്ധാർത്ഥിന്റെ മരണം കോളിളക്കമായതോടെ, വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്തശേഷം കഴിഞ്ഞ രണ്ടിനാണ് വാഴ്‌സിറ്റിയിലെ റിട്ട. പ്രൊഫസറായ ഡോ. പി.സി ശശീന്ദ്രന് ഗവർണർ ചുമതല നൽകിയത്.

31 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇതിനു പുറമേ, സസ്‌പെൻഷനിലായ 90പേരിൽ നിന്നാണ് 33പേരെ വി സി തിരിച്ചെടുത്തത്.റാഗിങ് വിരുദ്ധസമിതിയെടുത്ത ശിക്ഷാനടപടിയെ അട്ടിമറിച്ചതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദവും സ്വാധീനവും ഉണ്ടെന്നാണ് ആക്ഷേപം.2019ൽ വി സി നിയമനത്തിനുള്ള അന്തിമ പാനലിലെ രണ്ടാം പേരുകാരനായിരുന്നു ഡോ. ശശീന്ദ്രൻ.