കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിലെ ഗുരുതര കണ്ടെത്തലുകൾ പുറത്ത്. നടന്നകാര്യങ്ങൾ പുറത്തുപറയരുതെന്ന് വിദ്യാർത്ഥികളോട് ഡീനും അസി. വാർഡനും ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. യുജിസിക്ക് ആന്റി റാഗിങ് സ്‌ക്വാഡ് നൽകിയ റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ. വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകുമ്പോൾ ഡീനും അസിസ്റ്റന്റ് വാർഡനനും ഒപ്പം നിന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ടിനൊപ്പം ചില ശുപാർശകൾ കൂടി സ്‌ക്വാഡ് മുന്നോട്ട് വെക്കുന്നുണ്ട്. കാമ്പസിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം. യൂണിയൻ പ്രതിനിധികളെയും ക്ലാസ് പ്രതിനിധികളെയും തെരഞ്ഞെടുക്കുമ്പോൾ അക്കാഡമിക് നിലവാരം മാനദണ്ഡമാക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്.

അതിനിടെ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട വിദ്യാർത്ഥിയുടെ ഡോക്ടറായ അമ്മയുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സിദ്ധാർഥന്റെ കുറക്കോട് വീടിനു സമീപത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് റൂമിനു നേരേയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.ബിന്ദു സുന്ദർ ഇവിടെയാണ് സ്വകാര്യ പരിശോധന നടത്തുന്നത്. ഈ ഡോക്ടറുടെ മകൻ കേസിലെ പ്രതിയാണെന്നാരോപിച്ചായിരുന്നു പ്രവർത്തകർ ഡോക്ടറുടെ നെയിം ബോർഡ് എടുത്തെറിഞ്ഞത്. ഇതിന് പിന്നാലെയാണ് ഗുരുതര ആരോപണങ്ങൾ ചർച്ചയിൽ എത്തുന്നത്.

ഭയം കാരണം വിദ്യാർത്ഥികൾക്ക് സത്യസന്ധമായ വിവരങ്ങൾ പറയാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാതെ അദ്ധ്യാപകരും വിട്ടുനിന്നു. വിദ്യാർത്ഥികൾ തന്നെയാണ് ഇക്കാര്യങ്ങൾ ആന്റി റാഗിങ് സ്‌ക്വാഡിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്. 85 ഓളം ആൺകുട്ടികളാണ് അന്വേഷണ സമിതിക്ക് മുന്നിൽ ഹാജാരായിരുന്നത്. എന്നാൽ ഭൂരിഭാഗം അദ്ധ്യാപകരും പെൺകുട്ടികളും ഹാജരായില്ല. നാല് അദ്ധ്യാപകരും വിദ്യാർത്ഥിനികളും മാത്രമാണ് സമിതിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയത്.

പെൺകുട്ടികളിൽ നിന്ന് മൊഴിയെടുത്താൻ പലകാര്യങ്ങളും പുറത്തുപോകുമെന്ന ഭയത്തിലാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്ന ആരോപണം ഉയർന്നു. കൂടാതെ കാമ്പസിൽ നേരത്തെയും സമാനമായ മർദനമുറകൾ നടന്നിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2019ലും 2021ലും സമാനമായി റാഗിങ്ങ് നടന്നു. ഇതിൽ രണ്ടു വിദ്യാർത്ഥികളാണ് ഇരയായത്. ഒരു വിദ്യാർത്ഥി രണ്ട് ആഴ്ച ക്ലാസിൽ ഉണ്ടായിരുന്നില്ല. ഈ രണ്ട് ആഴ്ച വിദ്യാർത്ഥിക്ക് എന്തു സംഭവിച്ചു എന്ന കാര്യം പറയാൻ വിദ്യാർത്ഥി പറയാൻ തയാറായിട്ടില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സിദ്ധാർത്ഥൻ ഭീകരമർദ്ദനവും പീഡനവും നേരിട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർത്ഥൻ എങ്ങനെയാണ് മരിച്ചതെന്നും ഇത്രവലിയ ക്രൂരത ചെയ്യാനുള്ള കാരണവും കണ്ടെത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോളേജിൽ അടിയന്തിരമായ സിസിടിവി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ട് യുജിസിക്ക് കൈമാറി. 18 പേർ ചേർന്ന് സിദ്ധാർത്ഥനെ പലയിടങ്ങളിലായി മർദ്ദിച്ചു. ഹോസ്റ്റലിന്റെ നടുത്തളത്തിലും കുന്നിന്മുകളിലും അടക്കം നാലിടത്തുകൊണ്ടുപോയി മർദ്ദിച്ചിട്ടുണ്ട്. മർദ്ദിച്ചവർ, മർദ്ദിച്ച സ്ഥലം എന്നിവ ഉൾപ്പെടുത്തി അന്വേഷണ കമ്മിറ്റി പട്ടികയുണ്ടാക്കിയിട്ടുണ്ട്. ഫെബ്രുവരി 21 നും 22 നുമാണ് ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾ യുജിസിക്ക് പരാതി നൽകിയത്.

ഭയം കാരണം പേര് വെക്കാതെയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെയായിരുന്നു അന്വേഷണം. ഈ റിപ്പോർട്ട് ഡീൻ യുജിസിക്ക് കൈമാറാൻ സമ്മതിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ഒടുവിൽ ഡീനിനെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് റിപ്പോർട്ട് കൈമാറിയത്. 22 പേർ നേരിട്ട് ഉൾപ്പെടെ 97 പേരുടെ മൊഴിയെടുത്താണ് ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത്.

റിപ്പോർട്ട് പറയുന്നത് ഇങ്ങനെ

ഫെബ്രുവരി 15 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥൻ വീട്ടിലേക്ക് പോകാനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. സൗദ് റിസാൽ, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവർക്കൊപ്പമാണ് പോയത്. എന്നാൽ 15 ന് രാത്രി രഹൻ ബിനോയ്, അഭിജിത്ത് മോഹൻ എന്നിവർ സിദ്ധാർത്ഥനെ തിരിച്ചുവിളിച്ചു. തുടർന്ന് 16 ന് രാവിലെ എട്ട് മണിക്ക് സിദ്ധാർത്ഥ് തിരിച്ചെത്തി. അന്ന് പകൽ സ്വാഭാവികമായി കടന്നുപോയെങ്കിലും 16 ന് രാത്രിയാണ് മർദ്ദനം ആരംഭിച്ചത്. ആദ്യം തൊട്ടടുത്തുള്ള മലയുടെ മുകളിലെ വാട്ടർ ടാങ്കിൽ വച്ചായിരുന്നു മർദ്ദനം. അവിടെ വെച്ച് ക്രൂര മർദ്ദനമേറ്റു. ഇത് സംബന്ധിച്ച് നാല് പേർ കമ്മിറ്റി മുമ്പാകെ സാക്ഷി മൊഴി നൽകി. മുഹമ്മദ് ഡാനിഷ്, ഹാഷിം, ആദിത്യൻ, സൗദ് റിസാൽ, രഹാൻ ബിനോയ്, ദേവരാഗ് എന്നിവരാണ് മർദ്ദിച്ചത്.

അതിനുശേഷം ഹോസ്റ്റലിലെ 21 ാം നമ്പർ മുറിയിലെത്തിച്ച സിദ്ധാർത്ഥനെ അവിടെ വെച്ചും വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ചു. മുഖ്യപ്രതി സിൻജോ ജോൺസൺ, അമൽ ഇസാൻ, ആസിഫ് ഖാൻ, അരുൺ കെ, കാശിനാഥൻ, നസീഫ്, അമീൻ അക്‌ബർ അലി, ആദിത്യൻ, അൽതാഫ്, ആകാശ്, ഗിരികൃഷ്ണൻ, റസീൻ അബ്ദുൾ റീം, അജയ്, ശ്രീഹരി, സൗദ് റിസാൽ, അതുൽ സോമൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. അവിടെ വെച്ചും ക്രൂരമർദ്ദനമാണ് സിദ്ധാർത്ഥൻ നേരിട്ടത്.

സിൻജോ ജോൺസൺ സിദ്ധാർത്ഥന്റെ കഴുത്തിൽപിടിച്ചുതൂക്കി നിർത്തിയെന്നും സ്റ്റീൽ അലമാരയോട് ചേർത്തുനിർത്തി അമർത്തിയെന്നും സിദ്ധാർത്ഥൻ റൂമിൽ പേടിച്ച് വിരണ്ടിരിക്കുകയായിരുന്നുവെന്നും 57ാം സാക്ഷി മൊഴി നൽകി. അടിവസ്ത്രം മാത്രമാണ് ധരിക്കാൻ സമ്മതിച്ചത്. അരുൺ കെ സിദ്ധാർത്ഥിനെ തറയിൽ നിന്ന് എടുത്തുയർത്തി. സിദ്ധാർത്ഥിനെ കൊണ്ട് വെള്ളം പോലെയുള്ളത് തുണി കൊണ്ട് തുടപ്പിച്ചു. ആസിഫ് ഖാനും കാശിനാഥനും ഗിരികൃഷ്ണനോട് അടിക്കാൻ പറഞ്ഞു. ഗിരികൃഷ്ണൻ സിദ്ധാർത്ഥിനെ അടിച്ചെന്നും 57-ാം സാക്ഷി മൊഴി നൽകി. അടിച്ച ശേഷം മുറിക്ക് പുറത്തിറങ്ങി ഗിരികൃഷ്ണൻ കരഞ്ഞു. 21-ാം മുറിയിൽ നിന്ന് വലിയ നിലവിളിയും കരച്ചിലും കേട്ടെന്നും മൊഴി നൽകി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് കോറിഡോറിലൂടെ നടത്തിച്ചു. ഓരോ കതകും തട്ടി വിളിപ്പിച്ചു. ഉറങ്ങിയവരെ വിളിച്ചുണർത്തിച്ചുവെന്നുമാണ് 20 ാം സാക്ഷിയുടെ മൊഴി.

അടിവസ്ത്രം മാത്രമായിരുന്നു അപ്പോഴും സിദ്ധാർത്ഥിന്. എല്ലാവരെയും ഹോസ്റ്റൽ മുറികളുടെ പുറത്തേക്ക് വിളിപ്പിച്ചു. ഹോസ്റ്റലിന്റെ പുറത്ത് നടുമുറ്റത്ത് എത്തിച്ചു. അടിവസ്ത്രത്തിൽ നിർത്തിച്ചു. കൂട്ടം ചേർന്ന് പരസ്യ വിചാരണ തുടങ്ങി. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയിപ്പിച്ചു. ക്ഷമാപണം നടത്തുന്നു എന്നും പറയിപ്പിച്ചു. പിന്നാലെ നടുമുറ്റത്ത് വെച്ച് മർദനം തുടങ്ങി. തല്ലുകയും ചവിട്ടുകയും ചെയ്തു. ബെൽറ്റും ചാർജറിന്റെ കേബിളും ഉപയോഗിച്ച് അടിച്ചു. 58, 63 സാക്ഷികളാണ് ഇക്കാര്യം മൊഴി നൽകിയത്. കാശിനാഥൻ ആണ് പല തവണ സിദ്ധാർത്ഥനെ ബെൽറ്റുകൊണ്ട് അടിച്ചതെന്നും മൊഴി നൽകി. തൃശൂരുകാരിയായ പെൺകുട്ടിക്കെതിരെ ഗുരുതര ആരോപണമാണ് ഉള്ളത്. എന്നാൽ ഈ പെൺകുട്ടി ഇപ്പോഴും കേസിൽ പ്രതിയല്ല.

സിൻജോ ജോൺസൺ മർദിച്ചത് ക്രൂരമായെന്നും മൊഴിയിലുണ്ട്. കാല് കൊണ്ട് നെഞ്ചിലും പുറത്തും പലതവതവണ ചവിട്ടി. കാലിന്റെ വിരൽ ഉപയോഗിച്ച് നെഞ്ചിൽ ഞെരിച്ചു. നേരത്തെ മർദിച്ചവരെല്ലാം നടുത്തളത്ത് വെച്ച് വീണ്ടും മർദിച്ചു. കുനിച്ച് നിർത്തി പുറത്ത് പലതവണ അടിച്ചു. ആകാശ് തലയ്ക്കടിച്ചു. സാങ്കൽപിക കസേരയിൽ പല തവണ ഇരുത്തി. മർദനം തുടർന്നു. ഇരിക്കാനാവാതെ പല തവണ സിദ്ധാർത്ഥ് നിലത്ത് വീണു. ഇതെല്ലാം കണ്ട് കൊണ്ട് നിന്ന പലരും മൊഴി നൽകിയില്ല. രണ്ട് സീനിയർ വിദ്യാർത്ഥികൾ അടിക്കരുതെന്ന് പറഞ്ഞു. രോഹൻ രമേഷും പിജി വിദ്യാർത്ഥി നിതിൻ ശങ്കറുമാണത്.

പക്ഷേ മർദനം നിർത്താൻ തയ്യാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.പിന്നീട് ഒന്നാംനിലയിലെ ഡോർമെട്രിയിലേക്ക് സിദ്ധാർത്ഥനെ എത്തിച്ചു. കാശിനാഥൻ അവിടെ വെച്ചും മർദനം തുടർന്നു. സിദ്ധാർത്ഥിന്റെ ശരീരം നിറയെ മർദനത്തിന്റെ പാടുകളുണ്ടെന്ന് 39-ാം സാക്ഷി മൊഴി നൽകി. അടുത്ത ദിവസം രാവിലെ സിദ്ധാർത്ഥ് കട്ടിലിൽ കരഞ്ഞ് കൊണ്ട് കിടക്കുകയായിരുന്നു. കഞ്ഞിവെള്ളം കുടിക്കാൻ നോക്കി. വേദന കൊണ്ട് കുടിക്കാനായില്ലെന്നും മൊഴിയിൽ പറയുന്നു. തൊണ്ടയിൽ മുറിവ് ഉണ്ടായിരുന്നു. 18 ന് രാവിലെ തൊണ്ട വേദനിക്കുന്നു എന്ന് സിദ്ധാർത്ഥ് പറഞ്ഞു. തൊണ്ടയിൽ ചോര പൊടിഞ്ഞിരുന്നു. ഡോക്ടറെ കാണിക്കാൻ ആരും തയ്യാറായില്ല. പകരം മെഡിസിൻ കൊടുക്കാൻ നിർദ്ദേശിച്ചു