- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സത്യം പുറത്തു വരാതിരിക്കാൻ അദ്ധ്യാപകർ സജീവം; പൂക്കോട്ട് വേണ്ടത് സിബിഐ
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ച പ്രതികളെ സംരക്ഷിക്കാൻ പുറത്തുള്ളത് ആരെന്ന് വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അനുഗമിച്ച മുതിർന്ന സിപിഎം നേതാവിനെ മജിസ്‌ട്രേറ്റ് ഇറക്കിവിട്ടെന്ന ഏഷ്യാനെറ്റ് വാർത്ത ഞെട്ടിക്കുന്നതാണ്. ബുധനാഴ്ച അറസ്റ്റിലായ ആറുപേരെ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. മജിസ്‌ട്രേറ്റ് ഉണ്ടായിരുന്ന സ്ഥലത്തേക്ക് പൊലീസിനും പ്രതികൾക്കുമൊപ്പം കയറിയ നേതാവിനെ കോടതി ജീവനക്കാർ വിലക്കിയെങ്കിലും ഇയാൾ പിൻവാങ്ങിയില്ലെന്നാണ് റിപ്പോർട്ട്. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതിന് തെളിവാണ് ഇത്. അതിനിടെ പൂക്കോട് കോളേജിലെ വിദ്യാർത്ഥികൾ സത്യം പുറത്ത് പറഞ്ഞു തുടങ്ങി. ഇത് കോളേജിലെ എസ് എഫ് ഐ സംഘടനയെ പ്രതിക്കൂട്ടിലാക്കും.
സിദ്ധാർത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തിലെ സംഘം മർദ്ദിച്ചതായി വിവരം പുറത്തു വരികയാണ്. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റത്ത് വെച്ചും, കോളേജ് ഹോസ്റ്റലിൽ വെച്ചും, ഹോസ്റ്റലിന് സമീപത്തെ കുന്നിൽ വെച്ചു, ഡോർമെറ്ററിക്ക് അകത്ത് വെച്ചും മർദ്ദിച്ചുവെന്നാണ് വിവരം. ഇതിനെല്ലാം പുറമെ ഹോസ്റ്റൽ മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം 'ഡെമോ' പോലെ കാണിച്ചു കൊടുത്തുവെന്നും വിവരമുണ്ട്. എസ് എഫ് ഐ എതിർത്താൽ എന്തു സംഭവിക്കുമെന്ന് കാണിച്ചു കൊടുക്കാനായിരുന്നു ഡെമോ. ദൃക്‌സാക്ഷികളാണ് ഇതെല്ലാം പുറംലോകത്ത് ചർച്ചയാക്കുന്നത്. ഇത്തരം വസ്തുതകൾ പുറത്തു വരുന്നത് തടയാൻ കോളേജിലെ ഓരോ വിദ്യാർത്ഥികളേയും നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. ആരും ഒന്നും പുറത്തു പറയരുതെന്ന നിർദ്ദേശമാണ് നൽകുന്നത്. സിദ്ധാർത്ഥനെ എന്ത് സംഭവിച്ചെന്ന് അറിയാമെന്ന വാട്‌സാപ്പ് ചാറ്റ് പുറത്തായിരുന്നു. സത്യം പുറത്തു വന്നാൽ കോളേജിലെ അദ്ധ്യാപകരും പ്രതികളാകും.
ഇതിനൊപ്പമാണ് പ്രതികൾക്കൊപ്പം സിപിഎം നേതാവിന്റെ വരവ്. ഇതിനെ പൊലീസ് തടഞ്ഞു. ആരാണ് തടയാൻ എന്ന് കോടതി ജീവനക്കാരോട് കയർത്ത് ചോദിച്ച നേതാവ് പൊലീസ് ഇടപെട്ടിട്ടും പിന്മാറിയില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കിയത് വളരെ വൈകിയെന്ന് പറയാൻ വേണ്ടിയാണ് മജിസ്‌ട്രേറ്റിന് അടുത്തേക്ക് സിപിഎം നേതാവ് കയറിപ്പോയത്. എന്നാൽ മജിസ്‌ട്രേറ്റ് തന്നെ നേതാവിനോട് മുറിക്ക് പുറത്ത് ഇറങ്ങാൻ നിർദ്ദേശം നൽകുകയായിരുന്നു. മജിസ്‌ട്രേറ്റ് പറഞ്ഞതോടെ നേതാവ് പുറത്തിറങ്ങിപ്പോയി. രണ്ട് സിപിഎം നേതാക്കളാണ് പ്രതികളെ ഹാജരാക്കാൻ എത്തിച്ചപ്പോൾ ഇവിടെയെത്തിയത്. എന്നാൽ ഇവരിൽ ഒരാൾ മാത്രമാണ് അകത്തേക്ക് കയറിയത്. പ്രതികൾക്കൊപ്പം സിപിഎം ഉണ്ടെന്ന് പുറംലോകത്തെ അറിയിക്കാനായിരുന്നു കോടതയിലെ നേതാക്കളുടെ ഈ ഇടപെടൽ എന്നും സൂചനയുണ്ട്. ഇതിലൂടെ സത്യം പുറത്തു വരുന്നത് തടയുകയാണ് ലക്ഷ്യം. അതുകൊണ്ടു തന്നെ സിബിഐ അന്വേഷണം മാത്രമേ സത്യം പുറത്തു കൊണ്ടു വരൂ എന്ന വിലയിരുത്തൽ സജീവമാണ്.
അതിവേഗം സർക്കാരിന് സിബിഐ അന്വേഷണത്തിന് വിടാം. അല്ലെങ്കിൽ ഹൈക്കോടതിയിൽ ആരെങ്കിലും പരാതിയുമായി പോകണം. അങ്ങനെ വന്നാൽ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് കൂടുതൽ അവസരം കിട്ടും. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി മുതിരാതിരിക്കാൻ എല്ലാ കരുതലും ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. എസ് എഫ് ഐയിലെ ഉന്നത നേതൃത്വവും ഗൂഢാലോചനയിൽ പങ്കാളിയായെന്ന വിലയിരുത്തൽ ശ്ക്തമാണ്. എസ് എഫ് ഐ മാത്രമേ പൂക്കോട്ടെ ക്യാമ്പസിൽ ഉണ്ടാകൂവെന്ന നിർബന്ധ ബുദ്ധിയാണ് ഇതിന് കാരണം.
അതേസമയം കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ കോളേജ് ആന്റി റാഗിങ് കമ്മറ്റി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് കോളേജിൽ വിലക്കി. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി. ഹോസ്റ്റലിൽ അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർക്കാണ് ശിക്ഷ.
വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാം. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വരുത്താനാണ് പൊലീസ് ശ്രമം. എന്നാൽ സിദ്ധാർത്ഥിന് ഭക്ഷണം നൽകാതെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കെട്ടി തൂക്കി കൊന്നതാണെന്ന വാദവും സജീവമാണ്. നേതാക്കളെ കൊലക്കയറിൽ നിന്നും രക്ഷിക്കാനാണ് ആത്മഹത്യയിലേക്ക് കാര്യങ്ങൾ ചുരുക്കുന്നത്.