- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നടന്നത് താലിബാനിസം; വ്യാജ പരാതി കൊടുത്ത പെൺകുട്ടി ഒളിവിൽ
തിരുവനന്തപുരം: താലിബാൻ ശൈലിയിൽ ഭീകരസംഘടനകളുടെ മാതൃകയിലാണ് സിദ്ധാർഥനെ കോളേജ് ഹോസ്റ്റലിൽ എസ്.എഫ്.ഐ. നേതാക്കൾ ക്രൂരമായ ആൾക്കൂട്ടവിചാരണയ്ക്കു വിധേയമാക്കിയതെന്ന് ആരോപണം. സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ എം.ആർ.ഷീബ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിലാണ് ഈ ആരോപണമുള്ളത്. ഇത് പരിശോധിച്ചാണ് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത്. അതിനിടെ സിദ്ധാർത്ഥിനെതിരെ വ്യാജ പരാതി നൽകിയ പെൺകുട്ടിയും ഒളിവിൽ പോയി എന്നാണ് സൂചന. ആന്റി റാഗിങ് സമിതിക്ക് മുമ്പിലും ഈ കുട്ടി മൊഴി കൊടുത്തിരുന്നില്ല. മൊഴി കൊടത്താൽ സത്യം പുറത്തുവരുമെന്നാണ് സിദ്ധാർത്ഥിനെ കൊന്നു തള്ളിയവരും ഭയം. അതിനിടെ ഉടൻ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കും.
ഫെബ്രുവരി 16 മുതൽ 18 വരെ മൂന്നുദിവസം എസ്.എഫ്.ഐ. നേതാക്കളുടെയും കോളേജിലെ യൂണിയൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന ക്രൂരമായ ആൾക്കൂട്ടവിചാരണയാണ് 20 വയസ്സുള്ള തന്റെ മകന്റെ മരണത്തിനു കാരണമായതെന്ന് അമ്മ പറയുന്നു. ഉത്തരേന്ത്യൻ വിദ്യാർത്ഥികളാണ് തന്റെ മകൻ നേരിട്ട ക്രൂരവിചാരണ ആദ്യം പുറത്തുപറഞ്ഞത്. ഹോസ്റ്റലിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ നഗ്നനാക്കിനിർത്തി ബെൽറ്റുകൊണ്ടും കേബിളുകൊണ്ടും അടിക്കുകയായിരുന്നു. ആന്തരിക മുറിവുകളുണ്ടായി ചികിത്സകിട്ടാതെയാണ് സിദ്ധാർഥൻ മരിച്ചത്. തൂങ്ങിമരണമാണെന്നു പ്രചരിപ്പിക്കുന്നതു മുഖവിലയ്ക്കെടുക്കാൻപോലും കഴിയില്ലെന്നാണ് ആക്ഷേപം.
വാലന്റൈൻസ് ദിനാഘോഷത്തിൽ ഒരു പെൺകുട്ടിയോടൊപ്പം സിദ്ധാർഥൻ നൃത്തംചെയ്തത് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഷാനും കോളേജ് യൂണിയൻ പ്രതിനിധി ആസിഫ് ഖാനും ഇഷ്ടപ്പെട്ടില്ല. ഇതിനു പ്രതികാരമായാണ് അവർ സിദ്ധാർഥനെ ആക്രമിക്കുന്നത്. എസ്.എഫ്.ഐ. നേതാവ് അമലിന്റെ നേതൃത്വത്തിലാണ് ആൾക്കൂട്ടവിചാരണയ്ക്കു വിധേയനാക്കിയത്. മൂന്നുദിവസം ഭക്ഷണംപോലും നൽകാതെ അവർ ആക്രമണം തുടർന്നു. കുറ്റക്കാരെ രക്ഷിക്കാൻ സിദ്ധാർഥനെ അപമാനിക്കാനും വ്യാജപരാതി നൽകാനും അവർ തയ്യാറായി. സഹപാഠികളായ ആറ് എസ്.എഫ്.ഐ. പ്രവർത്തകർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. സിദ്ധാർത്ഥൻ നൃത്തം ചെയ്ത പെൺകുട്ടി തന്നെയാണ് മരണ ശേഷം സിദ്ധാർത്ഥനെതിരെ പരാതിയും കൊടുത്തത്. ഇതാണ് ദുരൂഹമായി തുടരുന്നത്. കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥി യൂണിയനും തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട ആന്റി റാഗിങ് സ്ക്വാഡിന്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. സിദ്ധാർഥന് അതിക്രൂരമായ മർദനം നേരിടേണ്ടിവന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. 18 പേർ ചേർന്ന് പലയിടങ്ങളിൽവെച്ച് സിദ്ധാർഥനെ മർദിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകുമ്പോൾ ഡീനും അസിസ്റ്റന്റ് വാർഡനനും ഒപ്പം നിന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാതെ അദ്ധ്യാപകരും വിട്ടുനിന്നു. 85 ഓളം ആൺകുട്ടികളാണ് അന്വേഷണ സമിതിക്ക് മുന്നിൽ ഹാജാരായിരുന്നത്. എന്നാൽ ഭൂരിഭാഗം അദ്ധ്യാപകരും പെൺകുട്ടികളും ഹാജരായില്ല. നാല് അദ്ധ്യാപകരും വിദ്യാർത്ഥിനികളും മാത്രമാണ് സമിതിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയത്. ഈ റിപ്പോർട്ടും സിബിഐ അന്വേഷണത്തിൽ നിർണ്ണായകമാകും.
ഫെബ്രുവരി 16-ന് രാത്രിയാണ് മർദനം ആരംഭിച്ചത്. ആദ്യം സമീപത്തെ മലമുകളിൽ കൊണ്ടുപോയാണ് മർദിച്ചത്. തുടർന്ന് വാട്ടർ ടാങ്കിന് സമീപത്തുവെച്ചും ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽവെച്ചും സിദ്ധാർഥന് മർദനമേൽക്കേണ്ടിവന്നു. 97 കുട്ടികളിൽ നിന്നാണ് ആന്റി റാഗിങ് സ്ക്വാഡ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂരിപക്ഷം വിദ്യാർത്ഥികളും ഒന്നും വെളിപ്പെടുത്താൻ തയ്യറായില്ലെന്നും റിപ്പോർട്ടിലുണ്ട്. മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന സിൻജോ ജോൺസൺ അതിക്രൂരമായാണ് സിദ്ധാർഥനെ മർദിച്ചത്. കഴുത്തിൽ പിടിച്ച് തൂക്കിയെടുത്ത് സിദ്ധാർഥന്റെ വയറിലും മുതുകത്തും പലതവണ ചവിട്ടി. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റൽ ഇടനാഴിയിലൂടെ നടത്തുകയും ചെയ്തു. നിലവിളി കേട്ടതായി പല വിദ്യാർത്ഥികളും മൊഴി നൽകിയിട്ടുണ്ട്.
ബെൽറ്റും ഗ്ലൂ ഗണ്ണിന്റെ വയറും ഉപയോഗിച്ചും സിദ്ധാർഥനെ മർദിച്ചു. പരസ്യമായി മാപ്പു പറയിക്കുകയും സാങ്കൽപിക കസേരയിൽ ഇരുത്തുകയും ചെയ്തു. എന്നാൽ ഇരിക്കാൻ കഴിയാത്തതിനെ തുടർന്ന് പല തവണ സിദ്ധാർഥൻ വീണു. മെൻസ് ഹോസ്റ്റലിൽ 130 പേരുണ്ടായിട്ടും നൂറിൽ അധികം പേരും മൊഴി നൽകിയത് ഇതൊന്നും കണ്ടില്ല എന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. പല വിദ്യാർത്ഥികളും കാര്യങ്ങൾ വെളിപ്പെടുത്താൻ മടിച്ചുനിന്നെന്നും റിപ്പോർട്ടിലുണ്ട്. മാത്രമല്ല, 2019, 2022 അഡ്മിഷൻകാരായ രണ്ടുകുട്ടികൾക്ക് നേരെയും മുൻപ് ഇത്തരത്തിൽ പീഡനം നടന്നിരുന്നു. അന്നും അധികൃതർ ഇതൊന്നും അറിഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്.