തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐ കൽപ്പറ്റ ജൂഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്തതോട വ്യക്തമാകുന്നത് കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചന. പൊലീസ് പ്രതികളാക്കിയ 20പേർക്കു പുറമെ കൂടുതൽ അജ്ഞാതരായ പ്രതികളുണ്ടാവുമെന്ന് പ്രാഥമ വിവര റിപ്പോർട്ടിൽ സിബിഐ ചൂണ്ടിക്കാട്ടി. ഇവരെ ഉടൻ സിബിഐ അറസ്റ്റു ചെയ്യും.

ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് ആദ്യം അന്വേഷിക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങളും സംഭവത്തിനു പിന്നിലെ ഗൂഢാലോചനയും ക്രൂരമായ അക്രമം ആസൂത്രിതമാണോ എന്നും പരിശോധിക്കും. സംഭവത്തിൽ ഡീനിന്റെയും വാർഡന്റെയും പങ്കും അന്വേഷണ പരിധിയിലുണ്ട്. ദൃക്ഷ്‌സാക്ഷി മൊഴികൾ അട്ടിമറിച്ചോ എന്നതും പൊലീസ് അന്വേഷണത്തിലെ വീഴ്ചകളും പരിശോധിക്കും. പ്രതികൾക്ക് രാഷ്ട്രീയ അഭയം കിട്ടിയോ എന്നതും അന്വേഷിക്കാനാണ് സിബിഐ നീക്കം. സിദ്ധാർത്ഥന്റെ അച്ഛൻ പരാതിയിലെ എല്ലാ വസ്തുതകളും ഇതോടെ സിബിഐ പരിശോധിക്കുമെന്ന് ഉറപ്പായി.

രണ്ടു പെൺകുട്ടികളും അക്ഷയും ഡീനും പ്രതികളാകാൻ സാധ്യത കൂടുതലാണ്. ഡൽഹി സിബിഐ സ്‌പെഷ്യൽ ക്രൈം രണ്ടാം യൂണിറ്റിലെ സൂപ്രണ്ട് അരവിന്ദ് കുമാർ ഉപാദ്ധ്യായയാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. വെള്ളിയാഴ്ചയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശിന്റെ മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ടി.ജയപ്രകാശ് മൊഴി നൽകാനായി ഇന്നലെ വയനാട്ടിലെത്തി. രാവിലെ 11 മണിയോടെയാകും വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിൽ എത്തി മൊഴി നൽകുക.

പൊലീസിന് നൽകാത്ത കൂടുതൽ തെളിവുകൾ സിബിഐയ്ക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രതികളുണ്ടെന്ന് മാതാപിതാക്കൾ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. നിലവിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, അക്രമിച്ച് മുറിവേൽപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അപമാനിക്കൽ, ആത്മഹത്യാ പ്രേരണ, ക്രിമിനൽ സ്വഭാവത്തോടെ ഭീഷണിപ്പെടുത്തൽ, റാഗിങ് എന്നിങ്ങനെ 9 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.നേരത്തേ വൈത്തിരി പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് സിബിഐ റീ രജിസ്റ്റർ ചെയ്തത്.

ഡൽഹിയിലെ ഇൻസ്‌പെക്ടർ സത്യപാൽ യാദവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കേസ് സിബിഐയ്ക്ക് കൈമാറിയുള്ള സർക്കാർ ഉത്തരവും ഗസറ്റ് വിജ്ഞാപനവും കേസേറ്റെടുത്തുള്ള കേന്ദ്ര ഉത്തരവുമടക്കം കോടതിക്ക് കൈമാറി. തിരുവനന്തപുരത്ത് സിബിഐയുടെ ക്രൈംബ്രാഞ്ച് യൂണിറ്റ് ഉണ്ടെങ്കിലും കേരളത്തിനു പുറത്തെ യൂണിറ്റ് അന്വേഷിക്കണമെന്ന് മാതാപിതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. ഇതുപ്രകാരമാണ് അന്വേഷണം ഡൽഹി യൂണിറ്റിന് നൽകിയത്.