തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയുടെ അതിർത്തിമേഖലയായ കളിയിക്കാവിള, പാറശ്ശാല മേഖലകളിലായി രണ്ട് അജ്ഞാത പാനീയം കഴിച്ച് രണ്ട് പേരാണ് അടുത്തിടെ മരണമടഞ്ഞിരിക്കുന്നത്. കളിയിക്കാവിളയിൽ ആറാം ക്ലാസുകാരൻ അശ്വിൻ എന്ന കുട്ടി മരിച്ചത് സഹപാഠി നൽകിയ ജ്യൂസ് കഴിച്ച് ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റ് ആശുപത്രയിൽ കിടന്നായിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് സുഹൃത്തായ യുവതിയുടെ വീട്ടിൽനിന്ന് ജൂസ് കുടിച്ച യുവാവ് കഴിഞ്ഞ ദിവസം പാറശാലയിൽ മരിച്ചത്. ഇതോടെ രണ്ട് സംഭവത്തിലെയും സാമ്യതകൾ അന്വേഷിക്കേണ്ട അവസ്ഥയിലാണ്. കാരണം കഷായവും ജ്യൂസും കുടിച്ച ശേഷം ഷാരോണെന്ന യുവാവ് മരിച്ചത് ആന്തരികാവയവങ്ങൾ തകരാറിലായ ശേഷമാണ്.

കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽസോഫിയ ദമ്പതികളുടെ മകൻ അശ്വിനാണ് (11) സഹപാഠി നൽകിയ പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. സ്‌കൂൾ വിട്ട് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കവെ, ഒരു വിദ്യാർത്ഥി നൽകിയ ജൂസ് കഴിച്ചാണ് കളിയിക്കാവിള മെതുകമ്മൽ സ്വദേശി അശ്വിൻ മരിച്ചത്. രണ്ടു മരണങ്ങളും വിഷാംശം ഉള്ളിൽ ചെന്നതിലൂടെ സംഭവിച്ചതാണെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. അശ്വിന്റെ മരണം തമിഴ്‌നാട് സ്‌പെഷൽ ബ്രാഞ്ചാണ് അന്വേഷിക്കുന്നത് ഷാരോൺ രാജിന്റേതും സമാന രീതിയിലുള്ള മരണമാണെങ്കിലും, മരണകാരണത്തെ സംബന്ധിച്ച് വ്യക്തത വരുത്താൻ പാറശാല പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് സംഭവങ്ങളിലും അജ്ഞാജതമായി ജ്യൂസിന്റെ സാന്നിധ്യം ഉള്ളതിനാൽ ആളെ കൊല്ലുന്ന അജ്ഞാതജ്യൂസ് പ്രദേശത്തുണ്ടോ എന്ന വിധത്തിൽ പോലും സംശയങ്ങൾ നിലിനിൽക്കുന്നു.

തമിഴ്‌നാട് നെയ്യൂരിലെ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് ഷാരോൺ. വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് പാനീയം കുടിച്ച ശേഷമാണ് ഷാരോൺ മരിച്ചതെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്. കഷായം എന്ന പേരിൽ ആസിഡ് കലക്കി ഷാരോണിനെ കൊന്നതാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഷാരോണും ആരോപണ വിധേയയാ പെൺകുട്ടിയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. പിന്നീട് പെൺകുട്ടിക്ക് വിവാഹാലോചന വന്നതോടെ ബന്ധത്തിൽ വിള്ളൽ വീണു. തുടർന്ന് കുറച്ചുകാലമായി ഷാരോണുമായി ബന്ധമുണ്ടായിരുന്നില്ല. പഠന സംബന്ധമായ പ്രോജക്ട് റിപ്പോർട്ടുകൾ പെൺകുട്ടിയുടെ കൈവശമായിരുന്നു. ഇതിനിടെ അത് തിരികെ നൽകാമെന്ന് പറഞ്ഞാണ് ഷാരോണിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നതായാണ് പറയുന്നത്.

ആസിഡ് നൽകി കൊന്നതാണ് തന്റെ മകനെ എന്ന് ഷാരോണിന്റെ പിതാവ് ലെനിനും പറഞ്ഞു. 'റബ്ബർ ഉള്ള ആളുകളാണ് അവർ. മെഡിക്കൽ കോളേജിൽ നിന്ന് അത്തരത്തിലുള്ള റിപ്പോർട്ടാണ് ലഭിച്ചത്. മോൻ പറഞ്ഞിരുന്നു അവളുടെ വീട്ടിൽ നിന്ന് ഫ്രൂട്ടിയും കഷായവും കഴിച്ചെന്ന്. അവളുടെ അച്ഛനും അമ്മയ്ക്കും ഇതിൽ പങ്കുണ്ട്. അതും അന്വേഷിക്കണം. അന്ധവിശ്വമുള്ള കുടുംബമാണ് അവരുടേത്. എന്റെ മകന് നീതിയുണ്ടാകണം' ലെനിൻ പറഞ്ഞു.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയ ഷാരോൺ അവശനായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവിടെ അഡ്‌മിറ്റായ ഷാരോൺ 25-ന് മരിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾ പൂർണ്ണമായും ദ്രവിച്ചുപോയിട്ടുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റുമോർട്ടം ലഭിച്ചിട്ടില്ല. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നാൽ മാത്രമേ കേസിന്റെ അന്വേഷണം മുന്നോട്ടു പോകുകയുള്ളൂ. നെയ്യാറ്റിൻകര പൊലീസിൽ ഷാരോണിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പെൺകുട്ടിയുമായി ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റുകളും പ്രചരിക്കുന്നുണ്ട്. ഷാരോൺ കഴിച്ചെന്ന് പറയപ്പെടുന്ന കഷായം സംബന്ധിച്ചുള്ള ചാറ്റുകളാണ് ഇതിലുള്ളത്.

സംഭവത്തെ കുറിച്ച് സുഹൃത്ത് റജിൽ പറയുന്നത് ഇങ്ങനെ, '14-ാം തിയതി വെള്ളിയാഴ്ച 10.15 ഓടെ ഷാരോൺ എന്നെ വിളിച്ചിരുന്നു. പ്രോജക്ട് വാങ്ങാൻ അവളുടെ വീട്ടിൽ പോകണമെന്ന് പറഞ്ഞു. ഞാൻ വരാമെന്ന് സമ്മതിച്ചു. ഞങ്ങൾ രണ്ടു പേരും കൂടെ പോയി. അവളുടെ വീടെത്തുന്നതിന് കുറച്ച് മുമ്പായി അവൻ ഇറങ്ങി, പ്രോജക്ട് വാങ്ങി വരാമെന്ന് പറഞ്ഞാണ് പോയത്. 15 മിനിറ്റിന് ശേഷം അവൻ തിരിച്ചെത്തി. ഛർദിച്ചുകൊണ്ടാണ് അവൻ വന്നത്. വയ്യ എന്നും പറഞ്ഞു. ബൈക്കിൽ കയറി ഞങ്ങൾ മടങ്ങുന്ന വഴിയിലും അവൻ വീണ്ടും ഛർദിച്ചു. നീല കളറിലായിരുന്നു ഛർദിൽ,ഇതെന്താണെന്ന് ആവർത്തിച്ച് ചോദിച്ചപ്പോൾ അവൾ ഒരു കഷായം തന്നുവെന്നാണ് അവൻ പറഞ്ഞത്. വീണ്ടും ഛർദിച്ചു, എന്തിനാണ് കഷായം തന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ, പിന്നെ പറയാം എനിക്കിപ്പോൾ വയ്യ എന്നാണ് പറഞ്ഞത്. തുടർന്ന് അവന്റെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു' റജിൽ പറഞ്ഞു.

ഒരിക്കൽ ബസ് യാത്രയ്ക്കിടൊണ് നാട്ടുകാരിയായ പെൺകുട്ടിയെ ഷാരോൺ പരിചയപ്പെടുന്നതും ആ പരിചയം പ്രണയത്തിനു വഴിമാറുന്നതും. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് ഷാരോണിന്റെ വീട്ടുകാർ പറയുന്നു. അതേസമയം, പെൺകുട്ടിയുടെ വീട്ടുകാർക്ക് ഷാരോണുമായുള്ള പ്രണയ ബന്ധത്തോട് എതിർപ്പായിരുന്നു. ഷാരോണിനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി ഷാരോണിൽനിന്ന് അകലാൻ തുടങ്ങിയത്. എന്നാൽ, പിന്നീട് ഇരുവരും വീണ്ടും അടുത്തു. വീട്ടുകാരറിയാതെ വാട്‌സാപ്പ് വഴി സന്ദേശങ്ങളും കൈമാറിയിരുന്നു.

സംഭവദിവസം രാവിലെയാണ് ഷാരോണും സുഹൃത്തായ റെജിനും രാമൻചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. റെജിനെ പുറത്തുനിർത്തിയ ഷാരോൺ, ഒറ്റയ്ക്കാണ് പെൺകുട്ടിയുടെ വീട്ടിലേക്കു പോയത്. അൽപസമയം കഴിഞ്ഞ് ഛർദിച്ച് അവശനായാണ് ഷാരോൺ തിരിച്ചു വന്നത്. പെൺകുട്ടി നൽകിയ പാനീയം കഴിച്ചയുടനെ ഛർദിച്ചതായി ഷാരോൺ സുഹൃത്തിനോടു പറഞ്ഞു. സുഹൃത്ത് ഷാരോണിനെ വീട്ടിലെത്തിച്ചു. അടുത്ത ദിവസം ഷാരോണിന്റെ വായ്ക്കുള്ളിൽ വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. തീർത്തും അവശ നിലയിലായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ ചികിൽസയ്ക്കിടെ ആന്തരികാവയവങ്ങൾ തകരാറിലായി. വിഷാംശം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സ്ഥീരികരിച്ചു. പൊലീസിന്റെ നിർദ്ദേശപ്രകാരം ഡോക്ടർമാർ ഷാരോണിന്റെ മൊഴി രേഖപ്പെടുത്തി. പെൺകുട്ടി കഷായവും ജൂസും നൽകിയതായാണ് ഷാരോണിന്റെ മൊഴി.

സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം ഇന്നലെ പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയിൽ അവ്യക്തതയുണ്ടെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകൂ. ഷാരോണിന്റെ മരണത്തിനു പിന്നാലെ, പെൺകുട്ടിയുമായി ഷാരോൺ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തുക്കളുമായി നടത്തിയ ഫോൺ സംഭാഷണവും വീട്ടുകാർ പുറത്തുവിട്ടിട്ടുണ്ട്.

താൻ കുടിച്ചുകൊണ്ടിരുന്ന കഷായമാണ് ഷാരോണിനു നൽകിയതെന്ന് പെൺകുട്ടി പറയുന്നത് ഓഡിയോയിലുണ്ട്. രാവിലെയും കഷായം കുടിച്ചിരുന്നു. കഷായത്തിനു കയ്‌പ്പുണ്ടോയെന്നു ഷാരോൺ ചോദിച്ചപ്പോഴാണ് കഷായം കഴിക്കാനായി നൽകിയത്. കഷായം കഴിക്കാനുള്ള അവസാന ദിവസമായിരുന്നെന്നും കഴിച്ചതിന്റെ ബാക്കി വന്നതാണ് യുവാവിനു നൽകിയതെന്നും പെൺകുട്ടി പറയുന്നുണ്ട്.

അതേസമയം മരണത്തിനു മുൻപ് പെൺകുട്ടിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളിൽ ഈ കഷായത്തെക്കുറിച്ച് ഷാരോൺ ചോദിക്കുന്നതിന്റെ സ്‌ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഛർദിക്കുമെന്ന് കരുതിയില്ലെന്നും ക്ഷമ ചോദിക്കുന്നതായും പെൺകുട്ടി പറയുന്നതും കേൾക്കാം. പച്ച നിറത്തിലാണ് ഛർദിച്ചതെന്നു ഷാരോൺ പറയുമ്പോൾ, അത് കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് പെൺകുട്ടിയുടെ മറുപടി. തനിക്ക് ഒട്ടും വയ്യെന്നു പറയുന്ന ഷാരോൺ കഷായത്തിന്റെ പേര് ചോദിക്കുന്നുണ്ട്. കഷായം ഉണ്ടാക്കിയതാണെന്നും ചോദിച്ചിട്ടു പറയാമെന്നുമാണ് പെൺകുട്ടിയുടെ മറുപടി.

മരുന്നു തന്ന സ്ഥലത്തേക്കു വിളിച്ചു ചോദിക്കാൻ ഷാരോൺ ആവശ്യപ്പെടുന്നതും, ചോദിക്കാമെന്നു പെൺകുട്ടി മറുപടി നൽകുന്നതും ഓഡിയോ ഫയലുകളിലുണ്ട്. കഷായത്തിനുശേഷം കുടിച്ച ജൂസിന്റെ കുഴപ്പമാകുമെന്നും ചാറ്റിൽ പറയുന്നുണ്ട്. അമ്മയെ വീട്ടിൽ കൊണ്ടുവിട്ട ഓട്ടോറിക്ഷക്കാരനും ഈ ജൂസ് കുടിച്ച് പ്രശ്‌നമുണ്ടായതായി പെൺകുട്ടി പറയുന്നുണ്ട്. ഷാരോണുമായുള്ള ബന്ധം താൻ വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതിനാൽ അവർ ഒന്നും ചെയ്യില്ലെന്നും പെൺകുട്ടി ഷാരോണിന്റെ സുഹൃത്തിന് അയച്ച സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.