ജോധ്പൂർ: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അധ്യാപികമാരായ രണ്ട് സഹോദരിമാർ വിഷം കഴിച്ച് ജീവനൊടുക്കിയത് രാജസ്ഥാനിലെ ജോധ്പൂരിലെ മനൈ ഗ്രാമത്തിൽ ഞെട്ടലും ദുരൂഹതയുമുയർത്തി. ശനിയാഴ്ച നിശ്ചയിച്ചിരുന്ന വിവാഹത്തിന് തലേദിവസം 25 വയസ്സുള്ള ശോഭയും 23 വയസ്സുള്ള വിമലയുമാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്കരിക്കാനുള്ള കുടുംബത്തിന്റെ ശ്രമം പോലീസ് തടഞ്ഞത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചു.

ദീപ്‍ സിംഗിന്റെ മക്കളായ ശോഭയും വിമലയും ജോധ്പൂരിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികമാരാണ്. വെള്ളിയാഴ്ച രാത്രി വൈകിയും വീട്ടിൽ വിവാഹ ആഘോഷങ്ങൾ നടന്നിരുന്നു. അർദ്ധരാത്രിയോടെ ഉറങ്ങാനായി മുറിയിലേക്ക് പോയ സഹോദരിമാരുടെ ആരോഗ്യനില പുലർച്ചെ നാല് മണിയോടെ വഷളാവുകയായിരുന്നുവെന്ന് എഡിസിപി റോഷൻ മീണ വിശദീകരിച്ചു. ഉടൻതന്നെ ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

മരണവിവരമറിഞ്ഞെത്തിയ പോലീസ് പുലർച്ചെ ആറ് മണിയോടെ, പോസ്റ്റ്‌മോർട്ടം നടത്താതെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞു. തുടർന്ന് മൃതദേഹങ്ങൾ എംജിഎച്ച് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രാഥമിക നിഗമനത്തിൽ വിഷം കഴിച്ചാണ് മരണം സംഭവിച്ചതെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ.

അതേസമയം, സംഭവത്തിൽ ആത്മഹത്യാ കുറിപ്പുകളോ മരണത്തിലേക്ക് നയിച്ച മറ്റ് സൂചനകളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇത് വീട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വിവാഹം വീട്ടുകാരുടെ നിർബന്ധം മൂലമായിരുന്നോ എന്ന ആശങ്ക ചില ബന്ധുക്കൾ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ, പെൺകുട്ടികളുടെ അമ്മയുടെ അമ്മാവൻ സംഭവത്തിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചതായും സൂചനയുണ്ട്.

വെള്ളിയാഴ്ച രാത്രി രാജസ്ഥാനി വിവാഹങ്ങളിലെ പരമ്പരാഗത ആചാരമായ ബന്ദോളി ചടങ്ങിനു ശേഷമാണ് സഹോദരിമാര്‍ ഉറങ്ങാന്‍ പോയത്. പുലര്‍ച്ചെ അവശ നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. രാവിലെ നാല് മണിയോടെയാണ് ഇരുവരെയും മുറിയില്‍ അവശരായ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജോധ്പുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ സ്‌കൂളില്‍ അധ്യാപികമാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.

യുവതികളുടെ മരണം പുറംലോകത്തെ അറിയിക്കാതെ വീട്ടുകാര്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ പെണ്‍കുട്ടികളുടെ അമ്മയുടെ സഹോദരന്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി സംസ്‌കാരം തടയുകയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റുകയും ചെയ്തു. വിഷബാധയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

യുവതികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്നും വീട്ടിലേക്ക് കൊണ്ടുവന്നു സംസ്‌കാര ചടങ്ങുകള്‍ക്കായി തയാറെടുക്കുമ്പോഴാണ് പൊലീസ് സംഘം എത്തിയത്. തുടര്‍ന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. വിഷബാധയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം യുവതികളുടെ വിവാഹം മറ്റു രണ്ടുപേരുമായി നിശ്ചയിച്ചതായിരുന്നെന്നും അടുത്തിടെ വേണ്ടെന്നു വച്ചാണ് പുതിയ വിവാഹത്തിനു ബന്ധുക്കള്‍ തയാറെടുത്തതെന്നും പെണ്‍കുട്ടികളുടെ ബന്ധു പറഞ്ഞു.

യുവതികളുടെ വിവാഹം നേരത്തെ മറ്റ് രണ്ടുപേരുമായി നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ ആ ആലോചനകള്‍ വേണ്ടെന്ന് വെച്ച് മറ്റൊരു വിവാഹത്തിന് പെണ്‍കുട്ടികളുടെ പിതൃസഹോദരന്‍ നിര്‍ബന്ധപൂര്‍വ്വം മുന്‍കൈ എടുക്കുകയായിരുന്നുവെന്നാണ് അടുത്ത ബന്ധു ആരോപിച്ചത്. ഈ വിവാഹ മാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് മാതൃബന്ധുക്കളുടെ ആരോപണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് അറിയിച്ചു.