- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചത് എന്തിന്? ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാര്‍ ചോദ്യമുനയില്‍; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റിന്റെ ചോദ്യം ചെയ്യല്‍ തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രങ്ങളില്‍; തദ്ദേശ തിരഞ്ഞെടുപ്പു ചൂടില്‍ നില്‍ക്കുമ്പോള്‍ പത്മകുമാറിനെ അറസ്റ്റു ചെയ്യുമോ? കേരളം ആകാംക്ഷയുടെ മുനയില്‍
സ്വര്‍ണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചത് എന്തിന്?
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സ്വര്‍ണ്ണക്കൊള്ള കേസിലെ ചോദ്യം ചെയ്യല്‍ നേതാവിന്റെ അറസ്റ്റിലേക്ക് എത്തുമോ എന്ന ആകാംക്ഷയും ഉയരുന്നുണ്ട്. ആറന്‍മുളയിലെ വീട്ടില്‍ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നല്‍കിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാന്‍ പത്മകുമാറിനോട് എസ്‌ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്‌ഐടി സംഘം ചോദ്യം ചെയ്യുന്നത്. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ അറസ്റ്റു ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്‌ഐടി) നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പു ചൂടില്‍ നില്‍ക്കുമ്പോള്‍ സിപിഎം നേതാവിന്റെ അറസ്റ്റ് ഭരണകക്ഷിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ അറസ്റ്റിലേക്ക് കടക്കുമോ എന്നതാണ ഉയരുന്ന ആകാംക്ഷ.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ്. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്‌ഐടിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതുമായെല്ലാം ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ശേഖരിക്കാനുള്ളതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് വൈകാന്‍ കാരണമായതെന്നും എസ്‌ഐടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. ഇത് സിപിഎം നേതാവിന് കുരുക്കാണ്. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്‌ഐടി വിശദമായി അന്വേഷിച്ചുവരികയാണ്.
സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്‌ഐടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്.
സ്വര്‍ണം ചെമ്പാക്കി മാറ്റിയ സംഭവത്തില്‍ പത്മകുമാര്‍ കൂട്ടുനിന്നുവെന്നും, സ്വര്‍ണം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി പുറത്തേക്ക് കടത്താന്‍ സഹായിച്ചുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത 2019-ലെ ബോര്‍ഡിന്റെ മിനിറ്റ്സ് രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്. ബോര്‍ഡ് അംഗമായിരുന്ന ശങ്കര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ വിഷയത്തില്‍ നിര്‍ണായക പങ്കുണ്ടെന്നും, ഇവര്‍ ബോധപൂര്‍വമായാണ് മിനിറ്റ്സില്‍ ഒപ്പിട്ടിരിക്കുന്നതെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
പത്മകുമാര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു എന്ന സംശയവും നിലവിലുണ്ട്. പോറ്റി പത്മകുമാറിന്റെ ബിനാമിയായി പ്രവര്‍ത്തിച്ചു എന്നതിന് നേരത്തെ മൊഴികള്‍ ലഭിച്ചിരുന്നതായും, ഇത് സാക്ഷ്യപ്പെടുത്തുന്ന തെളിവുകള്‍ നിലവില്‍ എസ്ഐടിയുടെ പക്കലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു എന്‍ വാസു. ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറായുമായിരുന്ന വാസുവിനെ അറസ്റ്റു ചെയ്തിട്ടും പദ്മകുമാറിനെ വെറുതെ വിടുന്നത് ചില ഇടപെടലുകള്‍ കാരണമാണ്.
ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് സ്വര്‍ണപ്പാളികള്‍ ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതെന്ന് തെളിയിക്കുന്ന രേഖകളും എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ദേവസ്വം ജിവനക്കാരുടെ മൊഴിയും പദ്മകുമാറിനെതിരാണ്. സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ഗാര്‍ഡ് മുതല്‍ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരുടെ വരെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ സര്‍വസ്വാതന്ത്ര്യവും പ്രസിഡന്റ് എന്ന നിലയില്‍ പദ്മകുമാര്‍ നല്‍കിയിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. പോറ്റിക്കു സഹായം ചെയ്യാന്‍ പദ്മകുമാര്‍ നിര്‍ബന്ധിച്ചിരുന്നെന്നും ജീവനക്കാരുടെ മൊഴി നല്‍കി.
ശബരിമല ഗസ്റ്റ് ഹൗസുകളില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഒന്നിലധികം മുറികള്‍ നല്‍കിയിരുന്നു. പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡന്റിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. പൂജകള്‍ ബുക്ക് ചെയ്യുമ്പോള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നെന്ന് 2019 ല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സന്നിധാനത്ത് നട അടച്ചിടുന്ന സമയത്ത് പോലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി എത്തിയിരുന്നു. പോറ്റിയുടെ ബന്ധുക്കളും അതിഥികളും ശബരിമലയില്‍ എത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയാണ്. ഇവരെ ദര്‍ശനത്തിനായി കൊണ്ടുപോയിരുന്നത് ദേവസ്വം ഗാര്‍ഡുമാരാണെന്നും മൊഴിയുണ്ട്.
ക്ഷേത്ര പൂജയ്ക്കായി കിട്ടുന്ന രസീത് തുകയില്‍ ഒരു വിഹിതം ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കാണ്. വഴിപാടുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് ഇത്. എന്നാല്‍ പല ക്ഷേത്രങ്ങളിലും ഒരു ദിവസം ഒന്നില്‍ അധികം ഗണപതി ഹോമങ്ങള്‍ക്ക് വിശ്വാസികള്‍ രസീത് എടുക്കാറുണ്ട്. ഇതില്‍ നിശ്ചിത എണ്ണത്തിന് വിഹിതം പൂര്‍ണ്ണമായും അഡ്മിനിസ്ട്രേറ്രീവ് ഓഫീസര്‍ക്ക് എടുക്കാം. ഒരു പരിധി കഴിയുമ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് കിട്ടുന്ന വിഹിതത്തിലെ ഒരു പങ്ക് കൂടി ദേവസ്വത്തിന് നല്‍കണം.
ഉദാഹരണത്തിന് ഒരു ദിവസം അഞ്ചു ഗണപതി ഹോമം ചെയ്താലും പത്ത് ഗണപതി ഹോമം ചെയ്താലും ചെലവ് ഏതാണ്ട് ഒരേ തുകയാകും. ഈ പഴുതുപയോഗിച്ച് അഡ്നിസ്ട്രേറ്റീവ് ഓഫീസര്‍ വരുമാന കൂടുതല്‍ ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനം. എന്നാല്‍ പദ്മകുമാര്‍ പ്രസിഡന്റായിരിക്കുമ്പോള്‍ അച്ചന്‍കോവില്‍ ക്ഷേത്രത്തിന് മാത്രമായി ഇളവ് നല്‍കി ഉത്തരവിറക്കി. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് സൂചന. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന വ്യക്തിയുടെ അടുത്ത ബന്ധുവായിരുന്നു അന്ന് ആ ക്ഷേത്രത്തിലെ പ്രധാനി. പക്ഷേ സിപിഎം സംഘടനയിലാണ് ഇയാള്‍ ഇപ്പോഴുള്ളത്. അച്ചന്‍ കോവിലിലെ അഴിമതിയും ശബരിമല കൊള്ളയുടെ അതേ കാലത്താണ് നടന്നത്. രണ്ടും അയ്യപ്പ ക്ഷേത്രങ്ങളാണ്. . തമിഴ് നാട്ടില്‍ നിന്ന് ശബരിമലയ്ക്ക് പോകുന്ന അയ്യപ്പഭക്തര്‍ കുളത്തൂപ്പുഴ, ആര്യങ്കാവ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം അച്ചന്‍കോവില്‍ ക്ഷേത്രത്തിലെത്തിയാണ് ശബരിമലയിലേക്ക് പുറപ്പെടുന്നത്.
വഴിപാടിന് സാധനങ്ങള്‍ വാങ്ങാന്‍ അഡ്നിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് നല്‍കുന്നത് സപ്ലയര്‍ കോസ്റ്റാണ്. അതായത് വഴിപാട് സാധനങ്ങള്‍ വാങ്ങുന്നതിന് കൊടുക്കേണ്ട തുക. ഇത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എഴുതി എടുത്ത് സാധനം വാങ്ങുന്ന ആള്‍ക്ക് കൊടുക്കുമെന്നാണ് പൊതു ധാരണ. എന്നാല്‍ എണ്ണയും തിരിയും പൂവും മാലയുമെല്ലാം ഭക്തര്‍ തന്നെ ക്ഷേത്രങ്ങളില്‍ നേരിട്ട് കൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ വഴിപാട് സാധനങ്ങളെല്ലാം ഭക്തരില്‍ നിന്നും കിട്ടും. എങ്കിലും എല്ലാ ക്ഷേത്രങ്ങളിലും ചെലവിനായുള്ള തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ എഴുതി എടുക്കാറുണ്ട്. ചില ക്ഷേത്രങ്ങളില്‍ ഗണപതി ഹോമം പോലുള്ള ദിവസത്തില്‍ ഒന്നു മാത്രം ചെയ്യുന്ന പൂജകള്‍ക്ക് നിരവധി വിശ്വാസികളും പേര് നല്‍കും. ഈ സാഹചര്യത്തിലാണ് ഒരു പരിധി കഴിഞ്ഞ് ബുക്ക് ചെയ്യുന്ന വഴിപാടുകളില്‍ നിന്നും സപ്ലയര്‍ കോസ്റ്റ് ദേവസ്വം ബോര്‍ഡ് എടുക്കുന്നത്. ഈ തുകയാണ് അച്ചന്‍ കോവില്‍ ക്ഷേത്രത്തില്‍ മാത്രം ഇളവ് നല്‍കിയത്. ഇതിലൂടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ദിവസവും ആയിരങ്ങള്‍ ലാഭമുണ്ടാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.




