- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യം; ഹൈദരാബാദില്‍ നാഗേഷ് എന്ന വ്യക്തിക്ക് പാളികള്‍ കൈമാറി; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്‌ഐടി; കേസ് ഉന്നതരിലേക്ക് നീങ്ങാതെ പോറ്റിയില്‍ ഒതുങ്ങാന്‍ സാധ്യത
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിലെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. കേസ് പോറ്റിയില്‍ ചുറ്റിത്തിരിയാനുള്ള സാധ്യതകളാണ് വര്‍ധിക്കുന്നത്. പോറ്റിയുമായി ബന്ധപ്പെട്ട ആള്‍ക്കാരെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. 2019-ല്‍ സന്നിധാനത്തുനിന്ന് ദ്വാരപാലക കവചങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
അനന്ത സുബ്രഹ്‌മണ്യത്തിന്റെ പങ്ക് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചോദ്യംചെയ്യല്‍. അനന്ത സുബ്രഹ്‌മണ്യത്തെ തിങ്കളാഴ്ച രാവിലെയാണ് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുത്തിയത്. എസ്‌ഐടി ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ രാവിലെ പ്രത്യേകമായി ചോദ്യം ചെയ്തു. ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.
എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അനന്ത സുബ്രഹ്‌മണ്യത്തിന് സാധിച്ചില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയേക്കും. പാളികളുമായി ബെംഗളൂരുവിലേക്ക് പോയത് അനന്ത സുബ്രഹ്‌മണ്യമാണെന്നാണ് കണ്ടെത്തല്‍. പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍ദ്ദേശിച്ചതനുസരിച്ച് ഹൈദരാബാദില്‍ നാഗേഷ് എന്ന് പറയുന്ന വ്യക്തിക്ക് ഈ പാളികള്‍ കൈമാറിയതും അനന്ത സുബ്രഹ്‌മണ്യമാണെന്നാണ് റിപ്പോര്‍ട്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എല്ലാ ഇടപാടുകളും അടുത്ത് അറിയാവുന്ന വ്യക്തിയാണ് അനന്ത സുബ്രഹ്‌മണ്യമെന്നാണ് ദേവസ്വം വിജിലന്‍സിന്റെയും എസ്‌ഐടിയുടെയും വിലയിരുത്തല്‍. പോറ്റിക്ക് അത്രത്തോളം വിശ്വാസമുള്ളതിനാലാണ് സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങാനായി സുബ്രഹ്‌മണ്യത്തെ ചുമതലപ്പെടുത്തിയത്. അതേസമയം സ്വര്‍ണ്ണം കിട്ടിയില്ലെന്ന് ആവര്‍ത്തിക്കുന്ന നിലപാടിലാണ് പോറ്റിയുള്ളത്.
അതേസമയം, അനന്ത സുബ്രഹ്‌മണ്യത്തിലേക്ക് അന്വേഷണം എത്തിയിട്ടുണ്ടെങ്കിലും, പ്രതിപ്പട്ടികയിലുള്ള പലരെയും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ മാത്രം കേസ് ഒതുങ്ങുമോ എന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അടുത്തേക്ക് അന്വേഷണം എത്തിയാല്‍ അത് അന്നത്തെ ദേവസ്വം ബോര്‍ഡ് നേതൃത്വത്തിലേക്കും രാഷ്ട്രീയ നേതൃത്വത്തിലേക്കും പോകും.അതുകൊണ്ടായിരിക്കാം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാത്തതെന്നാണ് ആക്ഷേപം.
നേരത്തെ ശബരിമല സ്വര്‍ണ്ണക്കൊള്ള ഗൂഢാലോചനയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരടക്കം 15ഓളം പേരുണ്ടെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണക്കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയാണ്. ദ്വാരപാലക ശില്‍പപാളിയിലെയും ശ്രീകോവില്‍ വാതിലിന്റെ കട്ടിളപ്പടിയിലെയും സ്വര്‍ണം കവര്‍ന്നത് രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ രണ്ടുകേസുകളിലുംകൂടി 13 പ്രതികളാണുള്ളത്. ഇവര്‍ക്ക് പുറമെ മറ്റ് ചിലരുടെയും പേരുകള്‍ അന്വേഷണ സംഘത്തോട് പോറ്റി പങ്കുവെച്ചു. സ്‌പോണ്‍സര്‍മാരില്‍നിന്ന് ലഭിച്ച സ്വര്‍ണം പണമാക്കി ഭൂമി ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നും മൊഴി നല്‍കി.
അഞ്ചുപേരടങ്ങുന്ന സംഘം തന്നെ കവര്‍ച്ച നടത്താന്‍ ഉപയോഗിക്കുകയായിരുന്നെന്നും താന്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും പോറ്റി മൊഴി നല്‍കി. ബംഗളൂരുവിലും ഹൈദരാബാദിലും ചെന്നൈയിലുമാണ് കൊള്ളയുടെ ഗൂഢാലോചനയും ആസൂത്രണവും നടന്നത്. അവിടെനിന്ന് ലഭിച്ച നിര്‍ദേശപ്രകാരമാണ് ദേവസ്വം ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചത്. ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഈ മൊഴി.
പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വര്‍ണം ചെമ്പായതുള്‍പ്പെടെ ഗൂഢാലോചനയുടെ ഭാഗമായാണ്. തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കൂടുതല്‍ സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
പോറ്റിയുടെ വീടുകള്‍, സഹായി വാസുദേവന്റെ വീട്, ശബരിമല, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പൊറ്റിയെ എത്തിച്ച് തെളിവെടുക്കലാണ് അടുത്ത ഘട്ടം. മുന്നോടിയായി മുരാരി ബാബു ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യംചെയ്യും. കല്‍പേഷ്, നാഗേഷ് തുടങ്ങിയവരെ കണ്ടെത്താനും ശ്രമം നടക്കുന്നു.