തിരുവഞ്ചൂര്‍: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂര പീഡനം നേരിട്ടതായി യുവതിയുടെ വെളിപ്പെടുത്തല്‍. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ മണര്‍കാട് പൊലീസ് അറസ്റ്റ്‌ചെയ്തത് വീഡിയോ തെളിവ് കിട്ടിയതോടെയാണ്.

പത്തനംതിട്ട തിരുവല്ല മുത്തൂര്‍ സ്വദേശിയും മന്ത്രവാദിയുമായ ശിവദാസ് (ശിവന്‍ തിരുമേനി 54), യുവതിയുടെ പങ്കാളി മണര്‍കാട് തിരുവഞ്ചൂര്‍ സ്വദേശി അഖില്‍ദാസ് (26), ഇയാളുടെ അച്ഛന്‍ ദാസ് (55) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. യുവാവിന്റെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണ്. ദുര്‍മന്ത്രവാദം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 10 മണിക്കൂര്‍ നീണ്ട ക്രൂരമായ ആഭിചാരക്രിയയ്ക്കിടെ യുവതിയുടെ മുടിയില്‍ മന്ത്രവാദി ആണി ചുറ്റി. ആണി തടിയില്‍ തറച്ചതോടെ മുടി മുറിഞ്ഞുപോയി. ശരീരം പൊള്ളിച്ചതോടെ യുവതി ബോധരഹിതയായി. യുവതിക്ക് ബാധ കയറിയെന്ന പേരിലായിരുന്നു മന്ത്രവാദം.

കോട്ടയം സ്വദേശിയായ യുവതിയ്ക്ക് പ്രേതബാധയുണ്ടെന്നാരോപിച്ചായിരുന്നു ആഭിചാരക്രിയ നടന്നത്. ശരീരത്തില്‍ ബാധയുണ്ടെന്ന് പറഞ്ഞ് പങ്കാളിയുടെ അമ്മയാണ് മന്ത്രവാദിയെ കൊണ്ടുവന്നതെന്ന് യുവതി പറഞ്ഞു. മണിക്കൂറുകളോളം നീണ്ട പൂജയ്ക്കിടെ ബലമായി ബീഡി വലിപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ചെയ്തു. ഭസ്മം തീറ്റിക്കുകയും ബീഡികൊണ്ട് നെറ്റി പൊള്ളിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. 'ശരീരത്തില്‍ ബാധയുണ്ടെന്ന് പറഞ്ഞ് പങ്കാളിയുടെ അമ്മയാണ് ഞായറാഴ്ച രാവിലെ മന്ത്രവാദിയെ കൊണ്ടുവന്നത്. ഒരു മാസം മുമ്പാണ് അമ്മയുടെ സഹോദരി മരിച്ചത്. അവരുടെ ബാധ ശരീരത്തുണ്ട് എന്ന് പറഞ്ഞാണ് മന്ത്രവാദിയെ എത്തിച്ചത്. പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ബാധയുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ തര്‍ക്കങ്ങളുണ്ടാകുന്നതെന്ന് പറയും.

ഞായറാഴ്ച രാവിലെ 11ന് തുടങ്ങിയ പൂജ രാത്രി 10 വരെ നീണ്ടു. എന്റെ കാല്‍ പട്ടുതുണി കൊണ്ട് കെട്ടി. പൂജ നടക്കുന്നതിനിടെയില്‍ ഞാന്‍ അബോധാവസ്ഥയിലായി. ഏകദേശം രണ്ടോടെയാണ് ബോധം വീണത്. ഉണര്‍ന്നപ്പോള്‍ മുടി ആണിയില്‍ ചുറ്റി വച്ചിരിക്കുകയാണ്. തടിയില്‍ ആണിയടിച്ച ശേഷം മുടി മുറിച്ചു. പൂജയ്ക്കിടയില്‍ ഞാന്‍ ബീഡി വലിച്ചതായും മദ്യപിച്ചതായും പങ്കാളിയുടെ വീട്ടുകാര്‍ പറഞ്ഞു. നെറ്റിയില്‍ പൊള്ളിയ പാടുണ്ടായിരുന്നു. ഇത് ബീഡി വലിച്ചപ്പോള്‍ പരിക്കേറ്റതാണെന്ന് പറഞ്ഞു. പക്ഷെ എനിക്ക് ഇതൊന്നും ഓര്‍മയില്ല. പങ്കാളി, പങ്കാളിയുടെ മാതാപിതാക്കള്‍, സഹോദരി എന്നിവരാണ് പൂജ നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത്' - യുവതി പറഞ്ഞു.

പ്രണയ വിവാഹിതരാണ് അഖിലും യുവതിയും. യുവതിയുടെ മാനസികനിലയിലെ വ്യത്യാസം ശ്രദ്ധിച്ച യുവതിയുടെ പിതാവാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഭര്‍ത്താവ് അഖില്‍ ദാസിന്റെ സഹോദരി സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. ഇവര്‍ പീഡനദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കണ്ടെടുത്തു പരിശോധിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ യുവതിയുടെ കാലില്‍ ചുവന്ന പട്ട് കെട്ടിയിരിക്കുന്നതായും ആഭിചാരക്രിയകള്‍ നടത്തിയതായും കണ്ടെത്തിയത്.