പത്തനംതിട്ട: മകന്റെ തൊഴി കൊണ്ട് മടുത്ത ഒരമ്മ. മർദനമേൽക്കാൻ ഇനി ഒരിഞ്ചു സ്ഥലം പോലും ശരീരത്ത് ബാക്കിയില്ല. അപ്പോഴും മകൻ നേരേയാകുമെന്ന പ്രതീക്ഷയിൽ ആ അമ്മ ഭൂമിയോളം ക്ഷമിച്ചു. ഇനിയും പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ വൃദ്ധമാതാവ് പൊലീസിനെ സമീപിച്ചു. മകൻ അറസ്റ്റിലുമായി.

അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി(61)ക്ക് മർദ്ദനമേറ്റ സംഭവത്തിൽ മകൻ രഞ്ജിത്ത് (40) ആണ് അറസ്റ്റിലായത്. മന:പ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസിൽ മകനെ പെരുനാട് പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്‌ച്ച ഉച്ചക്കുശേഷം വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടുനിന്നപ്പോഴാണ് രാധാമണിക്ക് മകന്റെ ക്രൂരമർദ്ദനം ഏറ്റത്.

കൈകൾ കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച ഇയാൾ ശ്വാസം മുട്ടിക്കുകയും, തൊഴിക്കുകയും, നെഞ്ചിൽ പിടിച്ചമർത്തുകയും ചെയ്തതായി മൊഴിയിൽ പറയുന്നു. വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് 164 സി ആർ പി സി പ്രകാരമുള്ള മൊഴിയെടുക്കുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എസ് ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കൊച്ചുകുളത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രഞ്ജിത്ത് രാധമണിയെ മർദിക്കുന്നത് ഇതാദ്യമായല്ല. അന്നൊക്കെ ആ അമ്മ മകന്റെ ഭാവിയെ കരുതി ക്ഷമിച്ചു. മുമ്പ് പലപ്പോഴും പരാതിയുമായി പൊലീസിന് മുന്നിൽ ചെന്നിട്ടുണ്ട്. നിയമ നടപടികളിലേക്ക് കടക്കുമ്പോൾ മകനെയും കൂട്ടി ക്ഷമ ചോദിച്ച് മാതാവ് മടങ്ങും. മകൻ നന്നാകുമെന്ന ഉറപ്പ് പൊലീസിന് നൽകിയാകും മടക്കം. മദ്യപാനിയായ രഞ്ജിത്തിനെ ഭാര്യ ഉപേക്ഷിച്ച് പോയതാണ്. വീണ്ടും വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടും ഇയാൾ മാതാവിനെ മർദിച്ചിരുന്നു.